play-sharp-fill
രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ അന്തരിച്ചു; വിടവാങ്ങിയത് മൂന്നര പതിറ്റാണ്ട് നീണ്ട വീൽചെയർ ജീവിതം:  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ അന്തരിച്ചു; വിടവാങ്ങിയത് മൂന്നര പതിറ്റാണ്ട് നീണ്ട വീൽചെയർ ജീവിതം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

സ്വന്തം ലേഖകൻ

തൃശൂർ: കലാലയ രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ (64) അന്തരിച്ചു. 35 വർഷം വീൽച്ചെയറിൽ നടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സൈമൺ ബ്രിട്ടോയുടെ പോരാട്ട ജീവിതത്തിനാണ് തിരശീല വീഴുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അരമണിക്കൂർ മുൻപാണ് സൈമൺ ബ്രിട്ടോ അന്തരിച്ചത്്. പുസ്തക പ്രകാശനത്തിന്റെ ഭാഗമായി തൃശൂരിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദിവസങ്ങളായി സൈമൺ ബ്രിട്ടോ തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ സീന ഭാസ്‌കർ.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവും, വിദ്യാർത്ഥിയുമായിരിക്കെ 1983 ഒക്ടോബർ 13 നാണ് സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റത്. എറണാകുളം ജനറൽ ആശുപത്രിയ്ക്കുള്ളിൽ വച്ചാണ് കെ.എസ്.യു അക്രമി സംഘം സൈമൺ ബ്രിട്ടോയെ കുത്തി വീഴ്ത്തിയത്. വിദ്യാർത്ഥിയായിരിക്കെ 1970 കളിൽ തീപ്പൊരി നേതാവായിരുന്നു സൈമൺ ബ്രിട്ടോ. ഇദ്ദേഹത്തെ ലക്ഷ്യമിട്ട് എത്തിയ അക്രമി സംഘം, ബ്രിട്ടോയെ നട്ടെല്ലിന് കുത്തി വീഴ്ത്തുകയായിരുന്നു. ബ്രിട്ടോ മരിച്ചെന്ന് കരുതി തെരുവിൽ ഉപേക്ഷിച്ച ശേഷം അക്രമി സംഘം രക്ഷപെട്ടു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചതോടെയാണ് ബ്രിട്ടോയ്ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മാസങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ബ്രിട്ടോ തിരികെ ജീവിതത്തിലേയ്ക്ക് എത്തിയത്. തുടർന്ന് ചികിത്സയും ശസ്ത്രക്രിയയും നടത്തിയെങ്കിലും നട്ടെല്ലിന് കുത്തേറ്റതിനാൽ എഴുന്നേറ്റ് നടക്കാൻ സാധിച്ചിരുന്നില്ല.
2015 ൽ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ സഞ്ചരിച്ച സൈമൺ ബ്രിട്ടോ, സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പട്ടികയിൽ ഇടം പിടിച്ചിരുന്നു. സിപിഎമ്മിന്റെ സമ്മേളന വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സൈമൺ ബ്രിട്ടോ. 2006 മുതൽ 2011 വരെ സംസ്ഥാന നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സൈമൺ ബ്രിട്ടോ.
എസ്എഫ്‌ഐ കാമ്പസുകളിൽ തേരോട്ടം തുടങ്ങിയ എഴുപതുകളിൽ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. എറണാകുളം വടുതലയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിൻ റോഡ്രിഗ്സിന്റെയും മകനായി ജനിച്ചു. വിദ്യാഭ്യാസം എറണാകുളം സെൻറ് ആൽബർട്സ് കോളജിലും ബീഹാറിലെ മിഥില സർവ്വകലാശാലയിലുമായിരുന്നു.