
സ്വന്തം ലേഖിക
എരുമേലി: മൂവാറ്റുപുഴയില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു നിര്‍ത്താതെ കടന്നുകളഞ്ഞ വാഹനം എരുമേലിയില്‍ ‘നിന്നു പിടികൂടി.
മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം എരുമേലി സ്വദേശിയുടേതെന്നു വ്യക്തമായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എരുമേലി കണ്ണിമല ഇരുമ്പൂന്നിക്കര സ്വദേശി പുത്തന്‍വീട്ടില്‍ രതീഷ് കുമാറിന്റെ ടവേര കാര്‍ ആണ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു നിര്‍ത്താതെ പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനം ഇന്നലെ എരുമേലിയിലെത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടം സംബന്ധിച്ച് വാഹന ഉടമയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നു മൂവാറ്റുപുഴ പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ മൂവാറ്റുപുഴ വെള്ളൂര്‍കുന്നം ഭാഗത്താണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന ടവേര കാര്‍ എതിരേ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഫൈസല്‍ (46) ആണ് അപകടത്തില്‍പ്പെട്ടത്.
റോഡില്‍ തെറിച്ചുവീണ ഫൈസലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാതെ കാര്‍ യാത്രക്കാര്‍ സ്ഥലം വിടുകയായിരുന്നു. അതുവഴി കടന്നുപോയ വാഹനങ്ങളും നിര്‍ത്തിയില്ല. ഏറെ സമയം റോഡില്‍ കിടന്ന ശേഷമാണു ഫൈസലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തുള്ള വര്‍ക്ക് ഷോപ്പിന്റെ സിസി കാമറയില്‍ പതിഞ്ഞിരുന്നെങ്കിലും ഇടിച്ചിട്ട വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല. എയര്‍പോര്‍ട്ടില്‍ നിന്നു യാത്രക്കാരുമായി വന്ന വാഹനമാണെന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ നെടുമ്പാശേരി വിമാനത്താവളത്തിലെ സിസി കാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും തുടര്‍ന്ന് വാഹനം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കുകയുമായിരുന്നു.



