
പ്രവചനം തെറ്റി; ഹംഗറിയില്‍ രണ്ട് കാലാവസ്ഥാ വിദഗ്ധരെ പിരിച്ചുവിട്ടു
ബുഡാപെസ്റ്റ്: കാലാവസ്ഥാ വകുപ്പിന്‍റെ കൃത്യതയിൽ നാട്ടുകാർക്ക് പൊതുവെ വലിയ മതിപ്പില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മുടെ കാലാവസ്ഥാ വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ തെറ്റുന്നത് അത്ര അപൂര്‍വവുമല്ല. എന്നാൽ പ്രവചനത്തിന്‍റെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായ ഹംഗറിയിൽ, കാലാവസ്ഥാ പ്രവചനത്തിലെ പിശക് വലിയ പുകിലാണ് സൃഷ്ടിച്ചത്. പ്രവചനത്തിൽ പിഴവുകൾ വരുത്തിയതിന് രണ്ട് കാലാവസ്ഥാ നിരീക്ഷകരെ ഹംഗറി പിരിച്ചുവിട്ടു. തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതോടെയാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്.
സെന്‍റ് സ്റ്റീഫൻസ് ദിനാഘോഷത്തിന്‍റെ ഭാഗമായി ബുഡാപെസ്റ്റിൽ നടത്താനിരുന്ന വെടിക്കെട്ട് തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് മാറ്റിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നു. എന്നാൽ, വെടിക്കെട്ട് സമയത്ത് കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പുണ്ടായി. വെടിക്കെട്ടിന് ഏഴ് മണിക്കൂർ മുമ്പ്, പരിപാടി മാറ്റിവയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, പ്രവചിച്ചതുപോലെ, കാലാവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായില്ല. ഇതാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്.
യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രകടനമായി കണക്കാക്കപ്പെടുന്ന കരിമരുന്ന് പ്രകടനമാണ് നടക്കേണ്ടിയിരുന്നത്. ഡാന്യൂബ് നദിയുടെ തീരത്ത് ഏകദേശം അഞ്ച് കിലോമീറ്റർ വിസ്തൃതിയിലാണ് പരിപാടി നടക്കാറുളളത്. ഇവിടെ 240 കേന്ദ്രങ്ങളിലായാണ് വെടിക്കെട്ട് നടക്കുക. ഏകദേശം 20 ലക്ഷത്തോളം ആളുകളാണ് പരിപാടി കാണാനെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
