17 വര്‍ഷമായിട്ടും പൊളിയാത്ത അദ്ഭുത റോഡ് നിര്‍മ്മിച്ച മലേഷ്യന്‍ കമ്പനിയെ തുരത്തിയത് വി എസ്; പതിബെല്‍ എന്ന വിദേശ കമ്പനിയുടെ പ്രതിനിധി ആത്മഹത്യ ചെയ്തത് കേരളം പണം കൊടുക്കാത്തതിനാല്‍; ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ നാടായി കേരളം മാറുമ്പോൾ ‘ന്നാ താന്‍ കേസ് കൊട്’ പറഞ്ഞതിന്റെ ഇരട്ടി ഭീകരമാവുന്നു ഈ റോഡ് മാഫിയ……!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: റോഡിലെ കുഴികളുടെ പേരില്‍ ഹൈക്കോടതിയില്‍ നിന്നുവരെ നിശിതമായ വിമര്‍ശനം ഏറ്റുവാങ്ങിയ പൊതുമരാമത്തുകാര്‍ ഇപ്പോള്‍, ജനത്തിന്റെ കണ്ണില്‍ പൊടിയിടടാനുള്ള കുഴിയടക്കല്‍ തന്ത്രങ്ങളിലാണ്. എത്രയോ പേരുടെ ജീവനുകള്‍ റോഡിലെ കുഴികളില്‍ പൊലിഞ്ഞിരിക്കുന്നു. പക്ഷേ ഇതിനുള്ള ശ്വാശ്വത പരിഹാരങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കയാണ്.

കേരളത്തില്‍ റോഡ് തകരാനുള്ള ഒരു കാരണമായി അധികൃതര്‍ പറയുന്നത്, കേരളത്തില്‍ പെയ്യുന്ന കനത്ത മഴയാണ്. എന്നാല്‍ ഏതാണ്ട് 12 മാസവും മഴ കിട്ടുന്ന മലേഷ്യയും, സിംഗപ്പൂരും, ദക്ഷിണ കൊറിയയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ റോഡ് പോളിയാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. മഴയെ അതിജീവിക്കാന്‍ കഴിയുന്ന റോഡുകള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ലോകത്ത് ഉണ്ട് എന്നത് വ്യക്തമാണ്. പല വിദേശ കമ്ബനികളും കേരളത്തില്‍ വന്ന് ഇത്തരം ഒന്നാന്തരം റോഡുകള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇത്തരം കമ്ബനികളെ നിരന്തരമായി ഉപദ്രവിക്കുന്ന സമീപനമാണ് എടുത്തത്. അങ്ങനെ ഒരു കമ്ബനിയുടെ പ്രൊജക്റ്റ് എഞ്ചീനീയര്‍ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതായത് നമുക്ക് ആഗോള ടെന്‍ഡര്‍ വിളിച്ച്‌ ഗുണ നിലവാരമുള്ള നിര്‍മ്മാണ കമ്ബനികള്‍ കേരളത്തില്‍ വരുന്നതില്‍ യാതൊരു താല്‍പ്പര്യവുമില്ല. പകരം ഊരാളുങ്കല്‍ സൊസൈറ്റിയേപ്പോലുള്ളവര്‍ക്ക് പണിയേല്‍പ്പിച്ച്‌ തടിയെടുക്കാനാണ് താല്‍പ്പര്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രവുമല്ല വിദേശ കമ്ബനികള്‍, പണി നടത്തിയാല്‍ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണിയും മറ്റുമായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നുള്ള ലോബിക്ക് കിട്ടുന്ന കോടികളും നഷ്ടമാവും. അങ്ങനെ ശരിക്കും ഒരു വെള്ളാന തന്നെയാണ് നമ്മുടെ റോഡുകള്‍.

വിദേശ കമ്ബനികളുടെ കാര്യക്ഷമതക്ക് ഉദാഹരണമായി, ഷോബിന്‍ അലക്സ് മാളിയേക്കലിനെപ്പോലുള്ള സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്, കുളപ്പുള്ളി മുതല്‍ പാലക്കാട് വരെ 48 കിലോമീറ്റര്‍ റോഡാണ്. പണി കഴിഞ്ഞിട്ട് 17 വര്‍ഷങ്ങളായി ഇത് വരെ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല, ആ റോഡിന് ഇന്നും ഒരു കുഴപ്പവുമില്ല. അത് പണിതത് കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോണ്‍ട്രാക്ടര്‍ മാഫിയയല്ല, ഒരു വിദേശ കമ്ബനിയാണ്.

2002 നവംബര്‍ 7 നായിരുന്നു വേള്‍ഡ് ബാങ്ക് ഫണ്ട് ചെയ്യുന്ന 140 കോടിയുടെ റോഡ് നിര്‍മ്മാണക്കരാര്‍ മലേഷ്യയിലെ ആര്‍ബിഎം എന്ന കമ്ബനി നേടിയത്. നന്നായി വര്‍ക് പൂര്‍ത്തീകരിച്ചാല്‍ കൂടുതല്‍ ജോലികള്‍ കിട്ടുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. കേരളാ സ്റ്റേറ്റ് റോഡ് പ്രോജെക്‌ട്സ് (കെഎസ്ടിപി) യാണ് പണിക്ക് മേല്‍നോട്ടം വഹിച്ചത്. 2004 ഡിസംബറില്‍ ജോലി പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍.

കൊല്ലം തോറും പൊളിയുകയും റോഡ് പുതുക്കിപ്പണിയുകയും അതിന് വേണ്ടി കോടികള്‍ പൊതുഖജനാവില്‍ നിന്ന് വകയിരുത്തി അടിച്ചു മാറ്റുകയും ചെയ്യുന്ന റോഡ് മാഫിയ മലേഷ്യന്‍ കമ്ബനിയുടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉണ്ടാകാന്‍ പോകുന്ന അപകടം തിരിച്ചറിഞ്ഞു. പതിവ് പോലെ റോഡ് പൂര്‍ത്തിയായാല്‍ അടുത്ത ദിവസം വെട്ടിപ്പൊളിക്കുന്ന വാട്ടര്‍ അഥോറിറ്റിക്കാരെ വെച്ച്‌ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ചു. ഭൂമി ഏറ്റെടുത്തുകൊടുക്കുന്നതില്‍ കാല താമസം വരുത്തി. മറുഭാഗത്ത് സമയത്തിന് പണി തീര്‍ക്കുന്നില്ല എന്ന പരാതി കമ്ബനിക്ക് നേരെ ഉയര്‍ത്തി. ബില്ലുകള്‍ തടഞ്ഞു വെച്ചു. കമ്ബനി പേയ്‌മെന്റിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങി, ട്രിബ്യുണലിനെ സമീപിച്ചു. സര്‍ക്കാര്‍ രണ്ടു തവണ ജോലി പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി നല്‍കി, പക്ഷെ സമയത്തിന് പണം കൊടുത്തില്ല.

ഇത് വേള്‍ഡ് ബാങ്ക് ഫണ്ടാണ്. സംസ്ഥാനത്തിന് യാതൊരു ബാധ്യതയുമില്ല. സര്‍ക്കാര്‍ ഒപ്പിട്ടു കൊടുത്താല്‍ മാത്രം മതി. പക്ഷെ മുഖ്യമന്ത്രി അച്യുതാന്ദന്‍ ചെയ്തില്ല. ഒടുക്കം 2006 ഡിസംബര്‍ 6 ന് 80 ശതമാനം പൂര്‍ത്തിയായ പണി അവസാനിപ്പിക്കാന്‍ വി എസ് സര്‍ക്കാര്‍ ഉത്തരവിറക്കി, ഇതേ കമ്ബനി ചെയ്തിരുന്ന, 20 ശതമാനം പണി തീര്‍ന്ന, കുറ്റിപ്പുറം ചൂണ്ടല്‍ റോഡിന്റെ പണിയും സര്‍ക്കാര്‍ മുടക്കി. കാശ് കിട്ടാനുള്ള കേസ് നടത്താന്‍ വേണ്ടി മാത്രം പാലക്കാട് ഒരു ഓഫീസ് പ്രവര്‍ത്തിച്ചു ആ കമ്ബനി എന്നെന്നേക്കുമായി ഇന്ത്യ വിട്ടു. വിദേശ കുത്തക കമ്ബനികള്‍ വേണ്ട, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പോലുള്ളവ മതിയെന്ന ഇടതു സര്‍ക്കാറിന്റെ അടഞ്ഞ നിലപാടാണ് ഇവിടെ വില്ലനായതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

കേരളത്തിലെ ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഇരായായി ഒരു വിദേശ കമ്ബനിയുടെ പ്രതിനിധിക്ക് ജീവനും നഷ്ടമായിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മോശം റോഡായിരുന്ന എംസി റോഡ് ഉള്‍പ്പെടെയുള്ള സ്റേറ്റ് ഹൈവേകള്‍ക്ക് ശാപമോക്ഷം നല്‍കാന്‍ 2002ലാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ 336 ദശലക്ഷം ഡോളറിന്റെ റോഡ് നവീകരണമാണ് പദ്ധതിയിട്ടത്. ടെണ്ടര്‍ ക്ഷണിച്ചു. പതി എന്ന മലേഷ്യന്‍ കമ്ബനിയും ഭഗീരഥ എന്ന ഇന്ത്യന്‍ കമ്ബനിയും ചേര്‍ന്ന പതിബെല്‍ എന്ന കമ്ബനിക്കാണ് ടെണ്ടര്‍ കിട്ടിയത്. ഇന്ത്യയിലെ പതിബെല്ലിന്റെ റോഡ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ടത് ഇന്ത്യന്‍ ബ്യൂറോക്രസിയെപ്പറ്റി കേട്ടറിവുപോലുമില്ലാത്ത ഒരു പാവം മലേഷ്യക്കാരനായിരുന്നു. ലീ സീ ബീന്‍ എന്നായിരുന്നു അയാളുടെ പേര്. തന്നെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കരാളഹസ്തങ്ങളെക്കുറിച്ച്‌ ലീ എന്ന 58 കാരന്‍ ഒന്നും അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് മലേഷ്യന്‍ പത്രങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

1600 കിമീ. ദൂരം വരുന്ന ഹൈവേകളാണ് വേള്‍ഡ് ബാങ്കുമായുള്ള കരാറില്‍ പെടുത്തിയിരുന്നതെങ്കിലും, 129 കി.മീ. വരുന്ന എംസി റോഡാണ് പതിബെലിന് നവീകരിക്കേണ്ടിയിരുന്നത്. 216 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പണി തുടങ്ങുന്നതിനു മുമ്ബുതന്നെ 30 ശതമാനം ഭൂമി ഏറ്റെടുക്കണമെന്നാണ് വേള്‍ഡ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊതുമരാമത്തു വകുപ്പ് ഒരേക്കര്‍ ഭൂമിപോലും ഏറ്റെടുക്കാതെ പതിബെലിനോട് റോഡ് പണി തുടങ്ങാന്‍ ആവശ്യപ്പെട്ടു.

ലീ യുടെ കാളരാത്രികള്‍ക്ക് അതോടെ തുടക്കമായി. ഓരോ ദിവസവും വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ വരാന്ത കയറിയിറങ്ങാനായി, ആ മലേഷ്യക്കാരന്‍ എഞ്ചീനീയറുടെ യോഗം. പൂര്‍ത്തിയായ ജോലികളുടെ ബില്‍ തുക പോലും അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ ലീയെ വട്ടംകറക്കി. പുച്ഛവും അഹങ്കാരവും താന്‍പോരിമയും നിറഞ്ഞ ബ്യൂറോക്രസിയുടെ തോന്ന്യാസങ്ങള്‍ ലീയെ തളര്‍ത്തി. ഉദ്യോഗസ്ഥര്‍ സ്ഥലം ഏറ്റെടുക്കാതെ ജോലികള്‍ താമസിപ്പിച്ചതിന്റെ ഉത്തരവാദിത്വം കൂടി ലീയുടെ തലയിലായി.

ഇതിനിടെ, പതിബെലിന് നിര്‍മ്മാണകരാര്‍ നല്‍കിയതിനെതിരെ പൊതുമരാമത്ത് മന്ത്രിമാര്‍ തമ്മില്‍ യുദ്ധം നുടക്കുന്നുണ്ടായിരുന്നു. മുനീര്‍ മന്ത്രിയായ കാലത്താണ് കരാര്‍ നല്‍കിയതെന്ന് തോമസ് ഐസക്കും, തനിക്കു മുമ്ബുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് കരാര്‍ എഴുതിയുണ്ടാക്കിയതെന്ന് മുനീറും പരസ്പരം ആരോപിച്ചു. മലയാള പത്രങ്ങള്‍ വായിക്കാനറിയാത്ത ലീ, ഇതൊന്നുമറിയാതെ പൂര്‍ത്തിയാക്കിയ ജോലിയുടെ ബില്‍തുകയായ 16 കോടിക്കായി സംസ്ഥാന സര്‍ക്കാരിലെ ഏമാന്മാരുടെ മുന്നില്‍ കെഞ്ചിനടന്നു. വേതനം ലഭിക്കാതെ വന്നപ്പോള്‍ ജീവനക്കാര്‍ ലീയെ ദേഹോപദ്രവം ചെയ്യുമെന്ന സ്ഥിതി വന്നു. മാറി മാറി ഭരിച്ചവരും, ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടു. മാനസിക വിഭ്രാന്തിയുടെ വക്കോളമെത്തിയ ലീ മനസമാധാനത്തിനായി പുട്ടപര്‍ത്തിയില്‍ പലതവണ പോയി സായിബാബയോട് സാന്ത്വനം തേടി.

ക്വാലലംപൂരിലെ കമ്ബനി ഓഫീസില്‍ ചര്‍ച്ചയ്ക്കായി പോയ ലീ, 2006 നവംബര്‍ 17ന് ഭാര്യയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. തുടര്‍ന്ന് അയാള്‍ വീടിനടുത്തുള്ള പാര്‍ക്കില്‍ കെട്ടിത്തൂങ്ങി മരിച്ചു. നമ്മുടെ റോഡിന്റെ പുനരുദ്ധാരണത്തിനായി ജീവിതം ദാനം ചെയ്ത ലീയുടെ മരണം കേരളത്തില്‍ ഒരു ചലനവും സൃഷ്ട്ടിച്ചില്ല. ഒരു ചെറിയ വാര്‍ത്തയില്‍ ഇത് ഒതുങ്ങി. പിന്നീട് മനുഷ്യവകാശ പ്രവര്‍ത്തകരും, ആക്റ്റീവിസ്റ്റുകളും ഇടപെട്ടതോടെയാണ് ഈ മരണം വിവാദമായത്. പിന്നീട് ഈ വാര്‍ത്ത മലേഷ്യന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇനി ഒരു കമ്ബനിയും ഇങ്ങോട്ട് വരാത്ത രീതിയില്‍ കേരളം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ നാടായി കുപ്രസിദ്ധമായി.