ഗൂഗിൾ മാപ്പ് പിന്നേയും ചതിച്ചു; ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 7 പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ചെറുതോണി: ഗൂഗിൽ മാപ്പിനെ ആശ്രയിച്ച് ഓടിച്ച മിനി ബസ് മറിഞ്ഞ് കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്. അഞ്ച് കുടുംബങ്ങളിൽനിന്നുള്ളവരാണ് മിനി ബസിൽ വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയത്. മൂന്നാറിൽനിന്ന് തേക്കടിക്ക് പോകുകയായിരുന്നു 19 പേരടങ്ങുന്ന വിനോദസംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള മിനി ബസാണ് മരിയാപുരത്ത് നിയന്ത്രണംവിട്ട് മറിഞ്ഞത്. മഹാരാഷ്ട്ര താന സ്വദേശികളായ കവിത നാടാർ (35), റോഷ്നി (30), സംഗീത (27), റിസ്റ്റീന (30), ഡ്രൈവർ രമേശ് (31) എന്നിവർക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം.
വഴി നിശ്ചയമില്ലാതിരുന്ന ബസ് ഡ്രൈവർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാണ് ഓടിച്ചത്. ഇടുക്കിയിൽനിന്ന് മരിയാപുരംവഴി നാരകക്കാനത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച ബസ് കുത്തുകയറ്റത്തിൽ വലിമുട്ടി പിന്നോട്ട് ഉരുണ്ട് തിട്ടയിലിടിച്ച് റോഡിൽ മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ഇടുക്കിയിൽനിന്നും തങ്കമണിയിൽനിന്നും പോലീസും ഇടുക്കി ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മരിയാപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയിൽ വിലങ്ങനെ ബസ് മറിഞ്ഞുകിടന്നിരുന്നതിനാൽ ഇന്നലെ പകലും ഗതാഗതം തടസ്സപ്പെട്ടു.