
തേർഡ് ഐ ഡെസ്‌ക്
ആലപ്പുഴ: മഹത്തായ നവോദ്ധാന പാരമ്പര്യമുള്ള എസ്എൻഡിപി യോഗത്തെ വ്യക്തി താല്പര്യങ്ങൾക്കു വേണ്ടിയും, രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയും നട്ടെല്ലില്ലാത്ത പ്രസ്ഥാനമാക്കി മാറ്റുന്ന അച്ഛന്റെയും മകന്റെയും നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി അണികൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പല തവണ നിലപാടുകൾ മാറ്റിക്കളിക്കുന്ന അച്ഛൻ വെള്ളാപ്പള്ളി നടേശന്റെയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും നീക്കത്തിൽ അണികൾ കടുത്ത അമർഷത്തിൽ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും യോഗത്തെ വ്യക്തിതാല്പര്യങ്ങൾക്ക വേണ്ടി ഉപയോഗിക്കുന്നതിൽ ശ്രീനാരായണീയർ കടുത്ത അമർഷത്തിലാണ്. പ്രതികരണ ശേഷി നഷ്ടപ്പെടുത്തി, യോഗത്തെ ഇടത് – ബിജെപി മുന്നണികൾക്ക് അടിയറ വയ്ക്കുകയാണ് വെള്ളാപ്പള്ളിയെന്നാണ് പ്രതികരണം ഉയരുന്നത്. നിലപാടുകൾ നഷ്ടപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയ – വ്യക്തിപരമായ താല്പര്യങ്ങൾക്ക് യോഗത്തെ ഉപയോഗപ്പെടുത്തുന്നത് യോഗത്തിന്റെ സ്വതന്ത്രമായ തീരുമാനത്തെപ്പോലും തകർക്കുമെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. കാൽ നൂറ്റാണ്ട് കാലത്തോളമായി എസ്എൻഡിപി യോഗത്തിന്റെ അനിഷേധ്യനായ നേതാവായി നിലനിന്നിരുന്ന വെള്ളാപ്പള്ളി നടേശനു മേൽ ഉയരുന്ന തിരിച്ചടികളുടെ തുടക്കമായി വേണം ഇപ്പോൾ ഉയരുന്ന രഹസ്യ പ്രതിഷേധങ്ങളെ വിലയിരുത്താൻ.
ചേർത്തല വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെയും ദേവകിയമ്മയുടൈയും മകനായി 1937 ൽ ജനിച്ച വെള്ളാപ്പള്ളി നടേശൻ, ഏറെക്കാലം മദ്യവ്യവസായിയും കേരളത്തിലെ അറിയപ്പെടുന്ന കരാറുകാരനുമായിരുന്നു. കൊങ്കൺ റെയിൽവേയുടെ അടക്കം കരാർ ഏറ്റെടുത്താണ് വെള്ളാപ്പള്ളി നടേശൻ കേരളത്തിൽ നിന്നു കോടികൾ വാരിയെടുത്തത്. ചേർത്തലയിലെ നടേശൻ മുതലാളി എന്നാണ് വെള്ളാപ്പള്ളി അറിയപ്പെട്ടിരുന്നത് തന്നെ.
1996 ലാണ് വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ബിസിനസുകാരനും മദ്യവ്യവസായിയുമായ വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം പോലൊരു പ്രസ്ഥാനത്തിന്റെ തലപ്പത്തേയ്ക്ക് എത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നു. പ്രതിഷേധ സ്വരങ്ങളെ എല്ലാം പതിയെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങളെല്ലാം വെള്ളാപ്പള്ളിയുടെ കൈവശമുണ്ടായിരുന്നു. ചിതറിക്കിടന്ന എസ്എൻഡിപി യോഗത്തിന്റെ ശാഖകളെ ആദ്യം കൂട്ടിയോജിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. സ്വന്തമായി ഓഫിസോ, ശാഖാ കെട്ടിടമോ, ഗുരുദേവ ക്ഷേത്രമോ പോലുമില്ലാത്ത ശാഖകളെ വെള്ളാപ്പള്ളി കൈ പിടിച്ച് ഉയർത്തിക്കൊണ്ടു വന്നു. മൈക്രോ ഫിനാൻസ് സംരഭങ്ങൾ തുടങ്ങി സ്ത്രീകളെ എസ്എൻഡിപി യോഗത്തിന്റെ മുൻ നിരയിലേയ്ക്ക് കൈ പിടിച്ച് ഉയർത്തിക്കൊണ്ടു വന്നു.
ജാതി ചോതിക്കരുതെന്ന ഗുരുേേദവ വചനം തിരുത്തി, ജാതി പറയേണ്ടിടത്ത് ജാതി പറയണമെന്ന് ശ്രീനാരായണീയരെ പഠിപ്പിച്ച വെള്ളാപ്പള്ളി നടേശൻ സമുദായത്തിൽ വർഗീയ വിഷം ആവോളം കുത്തിവച്ച് കരുത്ത് നിറച്ചു. വെള്ളാപ്പള്ളി നടേശൻ പ്രസംഗിക്കാൻ എത്തുന്ന വേദികളിൽ ആരുടെയും നിർദേശമില്ലാതെ സ്ത്രീകൾ ഒന്നിച്ച് നിന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. ഒന്നുമില്ലാതെ കിടന്ന എസ്.എൻഡിപിയോഗത്തെ കൈപിടിച്ച് ഉയർത്തിയെടുത്ത് തനിക്കൊപ്പം കൊണ്ടു വന്നു വെള്ളാപ്പള്ളി നടേശൻ.
പക്ഷേ, ഇതിനിടയിലൂടെ തന്റെ ഇഷ്ടക്കാരെ ഇഷ്ടമുള്ള സ്ഥാനങ്ങളിൽ തിരുകിക്കയറ്റാനുള്ള ശ്രമവും വെള്ളാപ്പള്ളി നടേശൻ നടത്തുന്നുണ്ടായിരുന്നു. തുഷാർ വെള്ളാപ്പള്ളിയെയും, ഭാര്യ പ്രീതി നടേശനെയും തനിക്ക് ഇഷ്ടപ്പെട്ട സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ച വൈള്ളാപ്പള്ളി നടേശൻ. എസ്്എൻഡിപി യോഗത്തെ ഇതിനിടെ ശ്രീ നടേശ കുടുംബ പരിപാലന യോഗമാക്കി മാറ്റിയിരുന്നു. ബിഡിജെഎസ് എന്ന ഭാരതീയ ധർമ്മ ജന സേനയുടെ രംഗ പ്രവേശനത്തോടെയാണ് വെള്ളാപ്പള്ളിയും പുത്രനും എസ്എൻഡിപിയെ ശക്തിപ്പെടുത്തിയതിലൂടെ ലഷ്യമിട്ടത് എന്താണെന്ന് വ്യക്തമായത്. വെള്ളാപ്പള്ളിയുടെ കെണിയിൽ വീണ എസ്എൻഡിപി പ്രവർത്തകർ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയം ഉപേക്ഷിച്ച് വെള്ളാപ്പള്ളിയ്ക്കും എസ്എൻഡിപി യോഗത്തിനും ജയ് വിളിച്ചു. വെള്ളാപ്പള്ളി ഉയർത്തിയ മുദ്രാവാക്യം ഏറ്റുവിളിച്ച് അവർ ബിജെപി പാളയത്തിൽ എത്തി.
എന്നാൽ, ശബരിമലയിലെ അയ്യപ്പ ജ്യോതിയോടെയാണ് വെള്ളാപ്പള്ളിയും പുത്രൻ തുഷാർ വെള്ളാപ്പള്ളിയും ലക്ഷ്യമിട്ടത് തങ്ങളുടെ കുടുംബത്തിന്റെ വികസനം മാത്രമാണ് എന്നത് വ്യക്തമാകുന്നത്. അയ്യപ്പ ജ്യോതിയിൽ നിന്നു വിട്ടു നിന്ന തുഷാർ വെള്ളാപ്പള്ളി മതിലിൽ പങ്കെടുക്കുമെന്ന് പറയാതെ പറഞ്ഞു കഴിഞ്ഞു. മതിൽ എന്ന ആശയം പോലും മുന്നോട്ട് വച്ചത് വെള്ളാപ്പള്ളി നടേശൻ തന്നെയായിരുന്നു. ബിഡിജെഎസ് ബിജെപിക്കൊപ്പവും വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനും സർക്കാരിനും ഒപ്പവും നിൽക്കുന്നതോടെ യഥാർത്ഥത്തിൽ വെട്ടിലായിരിക്കുന്നത് സാധാരണക്കാരായ എസ്എൻഡിപി യോഗം പ്രവർത്തകരാണ്. അടുത്ത യൂണിയൻ തിരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി അവർ കരുതി വച്ചിട്ടുണ്ട്.