Spread the love

ഇന്‍സ്റ്റാഗ്രാം ലൈവില്‍ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും, പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയോട് കഞ്ചാവു വലിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്ത യൂട്യൂബ് വ്ലോ​ഗര്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ബീച്ച്‌ റോഡ് പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് പിടിയിലായത്.

video
play-sharp-fill

സംഭവത്തിലെ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒന്‍പതാം ക്ലാസ് കഴിഞ്ഞ് മോള് സ്കൂളിലൊന്നും പോയിട്ടില്ല. പതിനേഴുകാരിയായ പെണ്‍കുട്ടി ഇത്തരത്തില്‍ ലഹരിക്കടിമയായതിന് പിന്നിലെ കാരണം കുട്ടിയുടെ അമ്മ തന്നെ പറയുകയാണ്.

”ഇത് വീടെന്നു പറയാന്‍ പറ്റില്ല സാറേ. ചെളിമണ്ണിലാണ് ഞങ്ങള്‍ കിടക്കുന്നത്. ഒന്‍പതു വര്‍ഷമായി മേഞ്ഞിട്ടില്ലാത്ത ഓലവീടാണ്. പ്ലാസ്റ്റിക് ഷീറ്റും തുണിയും ഇട്ട് ഇങ്ങനെ പോകുന്നു. ഈ പഞ്ചായത്തില്‍ ഇങ്ങനെ വേറെ ഒരു വീടുണ്ടാവില്ല. അകത്ത് എപ്പോഴും വെള്ളം കാണും. അകത്ത് കാലുകയറ്റി വയ്ക്കാന്‍ ഒരു ഉണങ്ങിയ സ്ഥലം വേണമെങ്കില്‍ കട്ടളയില്‍ കയറ്റി വയ്ക്കണം.”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”അവള്‍ക്ക് ഇപ്പോള്‍ 17 വയസ്സാണ്. ഒന്‍പതാം ക്ലാസ് കഴിഞ്ഞ് മോള് സ്കൂളിലൊന്നും പോയിട്ടില്ല. ആ സമയത്തെ ഓണ്‍ലൈന്‍ ക്ലാസിലും കയറിയിട്ടില്ല. കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടക്കുക, അവള്‍ പറയുന്ന പോലെ ‘ബോങ്കടിക്കുക’ ഇതൊക്കെയാണ് പ്രധാനം. പിന്നെ വീട്ടിലാണെങ്കിലും ഫോണില്‍ വിഡിയോ ചാറ്റിങ്ങും. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഇതെന്ന് ഓര്‍ക്കണം. എന്തുകൊണ്ട് ഒരു 17 വയസ്സുകാരി ഇങ്ങനെ ഒരു ലഹരിസംഘത്തിന്റെ വലയിലായെന്നു തിരഞ്ഞുപോകുന്നവര്‍ക്കു വീടിന്റെ സാഹചര്യം കണ്ടാല്‍ മാത്രം മതി എല്ലാം ബോധ്യപ്പെടാന്‍.

അവള്‍ക്കൊന്നു തുണി മാറാന്‍ മറപോലുമില്ല. ഒറ്റമുറിയുള്ള കുടിലെന്നു പറഞ്ഞാല്‍ അതാണു ശരി. അഞ്ചു പേരും ഈ മുറിയിലാണ് എല്ലാം ചെയ്യുന്നത്. ശുചിമുറിയില്‍നിന്നുള്ള വെള്ളം അകത്തും പുറത്തുമെല്ലാം വരും. ഇങ്ങനെ കുറെകാലം കഴിയുമ്പോ സിനിമാക്കാരു വരും, നമ്മുടെ വീടു ഷൂട്ടു ചെയ്യാന്‍. വേറെ എവിടെയും ഇപ്പോള്‍ ഓലക്കുടില്‍ ഇല്ലല്ലോ എന്നു ഞാന്‍ പറയാറുണ്ട്.”- സങ്കടം നിറച്ച വാക്കുകളില്‍ ആ അമ്മ.

”രണ്ടു സഹോദരന്മാരുണ്ട് അവള്‍ക്ക്. മൂത്തയാള്‍ക്ക് 19 വയസ്സ്, ഇളയ ആള്‍ക്ക് 15. മൂത്തമകന് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇടയ്ക്കു മേളത്തിനു പോകും. എവിടെയെങ്കിലും ആരെങ്കിലും ഒരു ജോലിക്ക് ആക്കിക്കൊടുക്കാന്‍ കുറെപേരോടു പറ‍ഞ്ഞിട്ടുണ്ട്. അച്ഛന്‍ ആര്‍മിയിലാണെന്ന് അവള്‍ പറയുന്നതു പച്ച നുണയാണ്. അമ്മ ബാങ്ക് ജോലിക്കാരിയാണ് എന്നാണ് കൂട്ടുകാരോടു പറയാറുള്ളത്. പഞ്ചായത്തിന്റെ ഹരിത കര്‍മ സേനയ്ക്കൊപ്പം ജോലിക്കു പോകുന്നുണ്ട് ഇപ്പോള്‍. കൂലിപ്പണിക്കാരനായ അച്ഛനു മാനസികപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ അവളുടെ ചെറു‌പ്രായം മുതല്‍ എന്നും വീട്ടില്‍ വഴക്കാണ്. ജോലിക്കും പോകുന്നില്ല. അതു കണ്ടു വളര്‍ന്ന അവള്‍ ഇങ്ങനെയായി പോയി.” – സ്വയം പഴിചാരി അമ്മ പറയുന്നു.

”ഭര്‍ത്താവ് ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുമ്പോഴാണ് ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചത്. അദ്ദേഹത്തിനൊപ്പം പോരുമ്പോള്‍ വീട്ടുകാര്‍ തന്നത് 15,000 രൂപ. വിവാഹത്തിന് അവര്‍ക്കു താല്‍പര്യമില്ലായിരുന്നു. എങ്കിലും നാലു സെന്റിലെ ജീവിതത്തില്‍നിന്നു മാറ്റമുണ്ടാകുമെന്നാണു കരുതിയത്. ഭര്‍ത്താവിന്റെ മാനസികപ്രശ്നങ്ങളും ജോലി ഇല്ലായ്മയും എല്ലാം സഹിച്ചാണ് മക്കളെ വളര്‍ത്തിയത്. ഇതിനിടെ അവരെ നന്നായി നോക്കിയിട്ടുണ്ട്. അവളെ തല്ലാറില്ല. എന്തെങ്കിലും പറഞ്ഞാല്‍ അമ്മയാണെന്ന് ഓര്‍ക്കാതെയാണ് ചെറുപ്പം മുതല്‍ അവളുടെ സംസാരം. അതു കാരണം ഒന്നും പറയാതെയായി. പൊതുസ്ഥലങ്ങളില്‍ വച്ചുവരെ എന്തെങ്കിലും വിളിച്ചു പറയും. എന്താണ് പറയുക എന്നറിയില്ല. അത്രയേറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ കുട്ടിയെക്കൊണ്ട്.

ചെറുപ്പം മുതല്‍ അവള്‍ക്ക് ആണ്‍കുട്ടികളുമായാണ് കൂട്ട്. നല്ല മുടിയുണ്ടായിരുന്ന കുട്ടിയാണ്. അതൊക്കെ വെട്ടി എപ്പോഴും ആണുങ്ങളുടെ പോലെ നടക്കും. വീട്ടില്‍നിന്നു പോയാല്‍ ആണ്‍കുട്ടിയായിട്ടാണ് തിരിച്ചുവരുന്നത്. ശരീരത്തില്‍ പച്ചകുത്തിയിട്ടൊക്കെയുണ്ട്. സ്കൂളില്‍ കുട്ടികളെ തെറി പറയും, വഴക്കുണ്ടാക്കും. അങ്ങനെ പല സ്കൂളുകള്‍ മാറേണ്ടി വന്നു. പഠനം മുടങ്ങിയത് അങ്ങനെയാണ്.

മൊബൈല്‍ കിട്ടിയാല്‍ മാത്രം വീടുവിട്ടെങ്ങും പോകില്ല. ഫോണ്‍ കയ്യിലില്ലെങ്കില്‍ പിന്നെ പ്രാന്തു പോലെയാണ്. മൊബൈലിന്റെ കാര്യത്തില്‍ മാത്രമാണ് വഴക്കുണ്ടാകുക. മൊബൈലിന് അടിമ ആയതു പോലെയാണ്. അച്ഛനെയും ചേട്ടനെയും ബഹുമാനിക്കില്ല. എന്താ പറയുന്നതെന്നു നോക്കില്ല. ഫോണില്‍ ലൈവില്‍ എല്ലാവരോടും സംസാരിക്കും. അച്ഛന്‍ അടുത്തുണ്ടെങ്കിലും ഫോണില്‍ ആണ്‍കുട്ടികളോടു സംസാരിച്ചിരിക്കും. ചിലപ്പോള്‍ ഫോണില്‍ വിളിക്കുന്നത് ആരാന്ന് ചോദിച്ചാല്‍..’അത് എന്നെ കെട്ടാന്‍ പോകുന്ന ചെക്കന്‍’ എന്നു പറയും.

ചിലപ്പോള്‍ പുറത്തു പറമ്ബില്‍ പോയിരുന്നു സംസാരിക്കും. ഒളിച്ചിരുന്നു കേട്ടിട്ടുണ്ട് അവള്‍ പറയുന്നത്. കഴിച്ച ഭക്ഷണത്തെക്കുറിച്ചൊക്കെ പറയുമ്ബോള്‍ വീട്ടില്‍ അന്നു ഭക്ഷണം പോലും ഉണ്ടായിരുന്നിരിക്കില്ല. എന്നാലും എന്തോ കേട്ടിട്ടില്ലാത്ത ഭക്ഷണത്തിന്റെ പേരൊക്കെയാണ് കഴിച്ചെന്നു പറയുക.

അവള്‍ എപ്പോഴും ഉറങ്ങുന്നതു കണ്ടു ശ്രദ്ധിച്ചപ്പോഴാണ് എന്തോ ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലായത്. അവള്‍ ലഹരി ഉപയോഗിക്കുന്നത് വീട്ടില്‍ ആരും കണ്ടിട്ടില്ല. എന്നാലും പലതിന്റെയും പേരു പറയും. എങ്ങനെ പഠിച്ചെന്നു ചോദിക്കുമ്ബോള്‍ ടിവിയില്‍ കണ്ടു പഠിച്ചതാണെന്നാണു പറഞ്ഞത്. അവള്‍ എന്തോ ഉപയോഗിക്കുന്നുണ്ടെന്ന് അവളുടെ കൂട്ടുകാര്‍ തന്നെ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.

മകളുടെ ഉറക്കം കൂടിയപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛന്‍ എന്നോടു ചോദിച്ചു മോള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഞാനും ശ്രദ്ധിക്കുന്നുണ്ടെന്നു പറഞ്ഞു. എന്താണ് ഇങ്ങനെ ഉറങ്ങുന്നത്, ആരെങ്കിലും നിനക്ക് എന്തെങ്കിലും തന്നോ എന്നു ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ‘അമ്മയ്ക്ക് എന്താണ്, ആര് എന്ത് തരാനാണ്. അമ്മയ്ക്ക് എപ്പോഴും സംശയമാണ് ആരോടെങ്കിലും സംസാരിച്ചാലും അമ്മയ്ക്കു സംശയമാണ്’ എന്നു പറയും.. ഇപ്പോള്‍ പുറത്തുവന്നതു പോലെയുള്ള വിഡിയോ നേരത്തേയും കണ്ടിട്ടുണ്ട്. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു.

ഒന്‍പതാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും താന്‍ കൗണ്‍സിലറാണെന്നാണ് അവള്‍ പുറത്തെല്ലാവരോടും പറയുന്നത്. വലിയ ആളുകളെ പോലെയാണ് നടത്തവും പെരുമാറ്റവും. ഇപ്പോള്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചശേഷം ആള്‍ നല്ല ഹാപ്പിയാണ്. മൂന്നു പ്രാവശ്യം വിളിക്കുകയും ഒരു തവണ കാണുകയും ചെയ്തു. സ്കൂളില്‍ പോകുന്നുണ്ട്, ഞാന്‍ ഇവിടെ നിന്നോളാം എന്നെല്ലാം പറഞ്ഞു. ശനിയാഴ്ചകളില്‍ വിളിച്ചാല്‍ കിട്ടും. അതിനു വേണ്ടി അവള്‍ കാത്തു നില്‍ക്കുകയാണെന്നു പറയും.

ഇപ്പോള്‍ അവസാനം അവള്‍ വീട്ടില്‍നിന്നു പോയപ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ കൂടെയുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു അമ്ബലത്തിന്റെ മുന്‍പില്‍വച്ചു പൊലീസ് കണ്ടാണ് പിടിച്ചു കൊണ്ടുവരുന്നത്. കൂടെയുള്ള ആണ്‍കുട്ടികളെ കണ്ടപ്പോള്‍ ചെറിയ മകനെയാണ് ഓര്‍മ വന്നത്. അവര്‍ക്കു 17 വയസ്സുണ്ടെന്നാണു പറഞ്ഞത്. ഇവള്‍ക്ക് ഒന്നും പറ്റിയിട്ടില്ല, ഒന്നും ചെയ്തിട്ടില്ലെങ്കില്‍ ആ കുട്ടികളെ വെറുതെ വിട്ടേക്കൂ എന്നാണ് പൊലീസിനോടു പറഞ്ഞത്. എന്തിനാണ് എല്ലാ കുട്ടികളെയും ഇവള്‍ കാരണം ജയിലില്‍ വിടുന്നത്? അങ്ങനെ അവരുടെ മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തി വീട്ടില്‍ വിടുകയായിരുന്നു.

ഇരിങ്ങാലക്കുടക്കാരന്‍ ഒരു എബിന്‍ തോമസ് മകളെ ഒരു ദിവസം വന്നു കൂട്ടിക്കൊണ്ടുപോയി. പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ ബെംഗളുരുവില്‍നിന്ന് ഏഴു ദിവസം കഴിഞ്ഞപ്പോഴാണ് കിട്ടുന്നത്. രണ്ടു പേരെയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് അവന്റെ തോളില്‍ കയ്യിട്ടു സ്നേഹത്തോടെയാണ് പെരുമാറിയത്. 24 വയസ്സുണ്ട് എബിന്‍ തോമസിന്. ഒരു തവണ ഇയാള്‍ വിളിച്ചു പറഞ്ഞു മോളുടെ പോക്ക് ശരിയല്ല, അവള്‍ എന്തൊക്കെയോ ഉപയോഗിക്കുന്നുണ്ട്, നന്നായി ശ്രദ്ധിക്കണം എന്നൊക്കെ. ബെംഗളുരുവില്‍ ഞാന്‍ അവളെ സുരക്ഷിതമായി നോക്കിയിട്ടുണ്ടായിരുന്നെന്നും പറഞ്ഞു. ചേച്ചീ ഞാനവളുടെ ശരീരത്തില്‍ തൊട്ടിട്ടില്ലെന്നു വരെ പറഞ്ഞു. പൊലീസ് നടത്തിയ മെഡിക്കല്‍ പരിശോധനയിലും വേറെ രീതിയിലൊന്നും ഇല്ലെന്നാണ് പറഞ്ഞത്.

നേരത്തെ പലപ്രാവശ്യം മകളെ കൗണ്‍സിലിങ് നടത്തിയെങ്കിലും ഒരു ഗുണവുമില്ലെന്നാണ് തോന്നിയത്. തൃശൂരില്‍ സൈക്യാട്രിസ്റ്റിനെ കാണിച്ചപ്പോള്‍ തുടര്‍ച്ചയായി മരുന്നു കൊടുക്കണമെന്നു പറ‍ഞ്ഞു. ഇതിനിടെയാണ് വീണ്ടും പോയതും സര്‍ക്കാര്‍ കേന്ദ്രത്തില്‍ പ്രവേശിച്ചതും.

ചെറുപ്പം മുതല്‍ ഭര്‍ത്താവുമായുള്ള വീട്ടിലെ വഴക്കു കണ്ടാണ് മൂന്നു മക്കളും വളര്‍ന്നത്. വീട്ടിലെ ഇല്ലായ്മയും എല്ലാം അവളെ ഇങ്ങനെ ആക്കിയതായിരിക്കും. ഈ നാട്ടില്‍ എന്ത് ആപത്തു കേട്ടാലും ഇല്ലായ്മ കേട്ടാലും ചെന്നു പറ്റുന്നതു പോലെ സഹായിക്കും. എന്നിട്ടും ഒരു പഞ്ചായത്തു മെംബര്‍ പോലും ഈ വീട്ടില്‍ വന്ന് അന്വേഷിച്ചിട്ടില്ല. എന്നാലും ഇല്ലായ്മ ആരോടും പറയാറില്ല. വീടില്ല, വീടില്ല എന്നും പറയാറില്ല. എല്ലാ ഗ്രാമസഭയിലും പങ്കെടുക്കും. എല്ലാവര്‍ക്കും പറ്റുന്നതു ചെയ്തു കൊടുക്കും. പക്ഷേ എന്റെ വീട്ടിലേയ്ക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ലൈഫ് പദ്ധതിയില്‍ ഒരു വീടുകിട്ടുമെന്ന പ്രതീക്ഷയാണുള്ളത്. ഇനി ഭര്‍ത്താവിന്റെ പേരില്‍ ഭൂമി ഇല്ലെന്നു പറഞ്ഞു തരാതിരിക്കുമോ എന്ന പേടിയാണ് ഉള്ളത്.”- അമ്മ പറയുന്നു.