ജസ്‌നയുടെ തിരോധാനം: സമരപ്പന്തലിനു കാശില്ല; കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിരാഹാരം അവസാനിപ്പിച്ചു

ജസ്‌നയുടെ തിരോധാനം: സമരപ്പന്തലിനു കാശില്ല; കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിരാഹാരം അവസാനിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വാട്‌സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരം സമരപ്പന്തലിനു നൽകാൻ പണമില്ലാതെ അവസാനിപ്പിച്ചു. വാട്‌സ് അപ്പ് കൂട്ടായ്മയുടേതെന്ന പേരിൽ ഒരു സംഘം യുവാക്കളാണ് സമരവുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. പന്തലിന്റെ വാടക നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ പൊലീസ് സ്റ്റേഷനിലുമെത്തിയതോടെയാണ് സമരം അവസാനിപ്പിക്കാൻ സംഘം തയ്യാറായത്. രണ്ടു ദിവസമായി നടന്നു വന്ന സമരത്തിനൊടുവിൽ ജസ്നയുടെ പിതാവ് നേരിട്ടെത്തി. പന്തലിന്റെ വാടക നൽകണമെന്നു സംഘം ഇദ്ദേഹത്തോടെ ആവശ്യപ്പെട്ടു. എന്നാൽ, ഇദ്ദേഹവും സമരത്തിന്റെ ആക്ഷൻ കൗൺസിലും പണം നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് സമരം അവസാനിപ്പിക്കാൻ യുവാക്കൾ നിർബന്ധിതരായത്.
വാട്സ് അപ്പ് കൂട്ടായ്മയുടേതെന്ന പേരിൽ രണ്ടു ദിവസം മുൻപാണ് ഒരു സംഘം ചെറുപ്പക്കാർ ജസ്നയ്ക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. ജില്ലയിലെ ഒരു എം.എൽ.എയുടെ ബന്ധുവാണ് സമരം നടത്തുന്നവർക്കു വേണ്ട പിൻതുണ നൽകിയത്. ഇതിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് സമരക്കാരിൽ ഒരാൾ ജസ്നയുടെ പിതാവിനെയും, ആക്ഷൻ കൗൺസിൽ ഭാരവാഹികളെയും ഫോണിൽ ബന്ധപ്പെട്ട് സമരപ്പന്തൽ സന്ദർശിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാവിലെ ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സമരപ്പന്തൽ സന്ദർശിച്ചു. ഇദ്ദേഹവും ആക്ഷൻ കൗൺസിൽ ഭാരവാഹികളും സമരപ്പന്തൽ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെ സമരം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി വാട്സ് അപ്പ് കൂട്ടായ്മാ സംഘം രംഗത്ത് എത്തി.
സമരക്കാർ പിരിഞ്ഞു പോകാൻ തുടങ്ങിയതിനു പിന്നാലെ, നിരാഹാരം കിടന്ന യുവാക്കളെ പന്തലുകാർ സമീപിച്ചു. സമരം അവസാനിപ്പിച്ചെങ്കിൽ പന്തലിന്റെ വാടക നൽകണമെന്നായിരുന്നു ആവശ്യം. ജസ്നയുടെ പിതാവ് പണം നൽകുമെന്നായി സമരക്കാർ. എന്നാൽ, ഇത്തരത്തിൽ ഒരു വാഗ്ദാനവും താൻ നൽകിയിട്ടില്ലെന്നായി അദ്ദേഹം പറഞ്ഞതോടെ സമരക്കാർ വെട്ടിലായി. ജസ്നയുടെ പിതാവും, ആക്ഷൻ കൗൺസിൽ ഭാരവാഹികളും മടങ്ങിയതിനു പിന്നാലെ, നിരാഹാരമിരുന്ന യുവാക്കളെയുമായി പന്തലുകാർ ഈസ്റ്റ് സി.ഐ സാജു വർഗീസിനെ സമീപിച്ചു. പരാതിയുണ്ടെങ്കിൽ കേസെടുക്കാമെന്നും, അല്ലാതെ പണം ഇടപാടിനു ഇടനില നിൽക്കാനാവില്ലെന്നും പൊലീസ് നിലപാട് എടുത്തു. ഇതിനിടെ സ്റ്റേഷനു പുറത്ത് പരാതി ഒത്തു തീർപ്പാക്കാമെന്നു ധാരണയായി. ഇതിനിടെ പലയിടത്തു നിന്നും പണം കടംവാങ്ങി പന്തലുകാരുടെ വാടക നൽകി നിരാഹാര സമരക്കാർ ഒത്തു തീർപ്പാക്കി.