
കോട്ടയം: തിരുനക്കര ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കെട്ടിടം പൊളിക്കലിനു പിന്നിൽ വൈസ് ചെയർമാന്റെ നിക്ഷിപ്തതാത്പര്യങ്ങളെന്ന് വ്യാപാരികളുടെ ആരോപണം. കൗണ്‍സില്‍ ഒറ്റക്കെട്ടായി തീരുമാനിച്ചെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു കെട്ടിടം പൊളിക്കാന്‍ അനുമതി വാങ്ങിയത്. കോടതിയില്‍ നല്കിയ രേഖയില്‍ ഒപ്പിട്ട ഭരണപക്ഷത്തെയടക്കം പല കൗണ്‍സിലര്‍മാരും കെട്ടിടം പൊളിക്കാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല.
സബ്കമ്മിറ്റിയില്‍ വച്ചാണു വൈസ്ചെയര്‍മാന്‍ അനുമതി വാങ്ങിയത്. ഭരണപക്ഷത്തുള്ള കൗണ്‍സിലര്‍മാരും കെട്ടിടം പൊളിക്കുന്നതിനെതിരാണെന്നു വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. പുതിയ കെട്ടിടം പണിതാല്‍ ഒഴിപ്പിച്ച കടക്കാര്‍ക്കു മുന്‍ഗണന നല്കുമെന്നു പറയുന്നുണ്ടെങ്കിലും കൂടിയ വാടകയില്‍ കടകളെടുക്കാന് ഈ ചെറുകിട വ്യാപാരികള്‍ക്കു കഴിയില്ല.
നഗരസഭയ്ക്കു ജൂബിലി സ്മാരക മള്‍ട്ടി കോംപ്ലക്സ് കം ബസ്ബേ പണിയാനാണു കെട്ടിടം പൊളിക്കുന്നത്. ഇതിനായി 75 ലക്ഷം ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. ആരുമെതിര്ക്കാതിരിക്കാന് അനുകൂല ഉത്തരവ് സമ്പാദിച്ച് 2022 ജനുവരി വരെ കാത്തിരുന്നു. പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണു തങ്ങള്‍ വിവരമറിഞ്ഞത്. അതിനാല്‍ കേസില്‍ കക്ഷി ചേരാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ ചെറുകിട കച്ചവടക്കാരും രണ്ടും മൂന്നും നിലകളില്‍ ഓഫീസ് സ്ഥാപനങ്ങളുമാണുള്ളത്. കെട്ടിടം പൊളിക്കുന്നതോടെ വര്‍ഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികളും അവരുടെ കുടംബാംഗങ്ങളും സ്റ്റാന്‍ഡിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവരുമടക്കം നിരവധിപേര്‍ വഴിയാധാരമാകും. ഓണം സീസണ് മുന്നില്‍ കണ്ടു വായ്പയെടുത്തും മറ്റുമാണു വ്യാപാരികള്‍ സാധനങ്ങളിറക്കിയത്. കോവിഡ് പ്രതിസന്ധി നീങ്ങിയതിന്റെ പ്രതീക്ഷയില്‍ കാത്തിരുന്ന തങ്ങള്‍ക്ക് നഗരസഭയുടെ തീരുമാനം വലിയ തിരിച്ചടിയാകുമെന്നു വ്യാപാരികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.കെ. ഖാദര്‍, എക്സിക്യൂട്ടീവ്കമ്മിറ്റിയംഗം സന്തോഷ് വര്‍ഗീസ്, വ്യാപാരികളായ എസ്. ബൈജു, ആര്. രവി, അബൂബക്കര്‍, എ.എ. തോമസ്, മാത്യു നൈനാന്, പി.ബി. ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



