നരന്‍ സിനിമ സ്‌റ്റൈലില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സീതത്തോട് സംഭവത്തില്‍ മൂന്നംഗ സംഘത്തിന് എതിരെ കേസെടുത്തു പൊലീസ്

Spread the love

പത്തനംതിട്ട: സീതത്തോട് മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു പൊലീസ്. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മഴ ശക്തമായിരുന്ന തിങ്കളാഴ്ചയാണ് കക്കാട്ടാറ്റിലൂടെ ഒഴുകി വന്ന മരം പിടിക്കാന്‍ മൂവര്‍സംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സാഹസികമായ നീന്തി ഇവര്‍ തടിയില്‍ കയറിയെങ്കിലും കരയില്‍ എത്തിക്കാന്‍ സാധിച്ചില്ല. തടി ഒഴുക്കിനൊപ്പം പോയപ്പോള്‍ യുവാക്കള്‍ തിരികെ കരയിലേക്ക് കയറുകയായിരുന്നു. ഇവരുടെ സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടമണ്‍പാറ ഗ്രൗണ്ട് പടിക്കല്‍ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ മൂന്നംഗ സംഘം സാഹസികത കാട്ടിയത്. ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളില്‍ ഇരുന്നായിരുന്നു യാത്ര. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വന്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.