Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു.

നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് രണ്ട് പേരും വയനാട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ജില്ലയില്‍ മാത്രം 10 കോടിയോളം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കാസര്‍കോഡ് മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷാന്‍ ആരോണ്‍ ക്രാസ്ത (12) ആണ് മരിച്ചത്.

കോഴിക്കോടുണ്ടായ മഴക്കെടുതിയില്‍ എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിര്‍ഷാദ് (13) എന്നിവരാണ് മരിച്ചത്. ചെറുവണ്ണൂരില്‍ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിര്‍ഷാദ് അപകടത്തില്‍പെട്ടത്. എടച്ചേരി ആലിശേരിയില്‍ പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് അഭിലാഷ് മരിച്ചത്. സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണാണ് വയനാട്ടില്‍ ഒരു മരണം ഉണ്ടായിരിക്കുന്നത്.

മലപ്പുറത്ത് ശക്തമായ മഴയില്‍ പാലം വെള്ളത്തില്‍ മുങ്ങി. വളരാട് തൊണ്ണന്‍കടവ് പാലമാണ് ഒലിപ്പുഴയില്‍ ഉണ്ടായ കനത്ത വെള്ളപ്പാച്ചിലില്‍ മുങ്ങിയത്. പാണ്ടിക്കാട് കിണര്‍ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയില്‍ ഇന്ന് ശക്തമായ മഴയായിരുന്നു. മലപ്പുറം ജില്ലയില്‍ കൂടി ഒഴുകുന്ന പുഴകളില്‍ എല്ലാം ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലകളില്‍ പല വീടുകള്‍ക്ക് മേലെ മരം മറിഞ്ഞു വീണ് നാശനഷ്ടമുണ്ടായി.

തൃശ്ശൂരില്‍ മിന്നല്‍ ചുഴലി ഉണ്ടായി. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. പുത്തന്‍ കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തെ ബദ്റു, ഹസൈനാര്‍, അബൂബക്കര്‍, ഹംസക്കുട്ടി, അബ്ബാസ് എന്നിവരുടെ വീടുകള്‍ക്ക് ശക്തമായ കാറ്റില്‍ നാശഷ്ടങ്ങളുണ്ടായി. ദേശീയ പാതയോട് ചേര്‍ന്നാണ് കൂടുതല്‍ മഴക്കെടുതികള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഇത്തരത്തില്‍ മിന്നല്‍ ചുഴലി തൃശ്ശൂരില്‍ നാശം വിതച്ചിരുന്നു. തളിക്കുളം, കൊടുങ്ങല്ലൂര്‍ മേഖലയില്‍ കടലേറ്റം രൂക്ഷമാണ്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പര്‍, ഗുഡ്സ് തുടങ്ങിയ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച വരെ അട്ടപ്പാടി ചുരത്തില്‍ കൂടി യാത്ര ചെയ്യാന്‍ പാടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഴ തുടരുന്ന സാഹചര്യത്തില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഒരു കണ്‍ട്രോള്‍ റൂം കൂടി കോഴിക്കോട് ആരംഭിച്ചു. വയനാട് ചുരം, കുറ്റ്യാടി ചുരത്തില്‍ കൂടിയുമുള്ള യാത്ര കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.