play-sharp-fill
പെർത്ത് ടെസ്റ്റ്: ഒന്നര ദിവസം ശേഷിക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 287 റൺസ്; പ്രതിരോധവുമായി ഇന്ത്യ

പെർത്ത് ടെസ്റ്റ്: ഒന്നര ദിവസം ശേഷിക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 287 റൺസ്; പ്രതിരോധവുമായി ഇന്ത്യ

സ്വന്തം ലേഖകൻ

പെർത്ത്: പ്രവചനാതീതമായ പെർത്തിലെ പിച്ച് ബൗളർമാരോട് അൽപം കരുണ കാട്ടിയതോടെ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 287 റണ്ണിന്റെ വിജയലക്ഷ്യം. ഒന്നര ദിവസം ശേഷിക്കെ വിജയമോ പരാജയമോ എന്നത് ഇന്ത്യയെ തുറിച്ചു നോക്കി നിൽക്കുകയാണ്. രണ്ടാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ശേഷിക്കെ അത്ഭുതങ്ങൾ സംഭവിക്കണമെങ്കിൽ ഇന്ത്യൻ ബാറ്റിൽ നിന്നും റണ്ണൊഴുകണം. ഓസീസ് പേസ് ആക്രമണത്തെ പ്രതിരോധിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര എത്രനേരം നിൽക്കും എന്നതിനെ അനുസരിച്ചിരിക്കും കളിയുടെ ഗതി. രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സിൽ 326 റണ്ണെടുത്ത ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 243 ന് പുറത്തായി. ഒന്നാം ഇന്നിംഗ്‌സിൽ 283 ന് പുറത്തായ ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സിൽ വിജയ ലക്ഷ്യമായ 287 നെതിരെ ബാറ്റിംഗ് ആരംഭിച്ചപ്പോൾ 19 ഓവറിൽ 48 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് ന്ഷ്ടമായിട്ടുണ്ട്.
മൂന്നാം ദിനം 132 റണ്ണിന് നാലു വിക്കറ്റ് എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗ് അവസാനിപ്പിച്ചത്. നാലാം ദിനം കാര്യമായ നഷ്ടമില്ലാതെ ആദ്യ സെഷൻ ഓസീസിന് പൂർത്തിയാക്കാൻ സാധിച്ചു. അഞ്ചാം വിക്കറ്റിൽ ടിഡി പെയിനും (116 പന്തിൽ 37) ഓപ്പണർ ഉസ്മാൻ ഖവാജയും (213 പന്തിൽ 72) ചേർന്നുള്ള സഖ്യം ഇന്ത്യൻ ബൗളർമാരുടെ ക്ഷമയെ നന്നായി പരീക്ഷിച്ചു. 120 റണ്ണിൽ ഒത്തു ചേർന്ന ഇരുവരുടെയും സഖ്യം 192 ലാണ് പൊളിഞ്ഞത്. മുഹമ്മദ് ഷമി ക്യാപ്റ്റൻ കോഹ്ലിയുടെ കയ്യിൽ എത്തിച്ചതോടെയാണ് പെയിന് പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞത്. പരിക്കുമായി മടങ്ങിയെത്തിയ ആരോൺ ഫിഞ്ചിനെ (31 പന്തിൽ 25) ഇതേ സ്‌കോറിൽ തന്നെ വിക്കറ്റ് കീപ്പർ പന്തിന്റെ കയ്യിൽ എത്തിച്ച് മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ആറു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും പ്രതിരോധിച്ച് നിന്ന ഖവാജയെ ഷമി തന്നെ പുറത്താക്കി. പന്തിന് തന്നെയായിരുന്നു പുറത്തേയ്ക്ക് വഴികാട്ടാനുള്ള ചുമതല. ഒരു റൺ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന കുമ്മിൻസിനെ 198 ൽ വച്ചു തന്നെ ബുംറ ബൗൾഡാക്കിയതോടെ ഓസീസിന്റെ പതനം പൂർത്തിയായെന്ന് ഇന്ത്യ ആശ്വസിച്ചു. സ്‌കോർ 207 ൽ എത്തിയപ്പോൾ ഒൻപതാമൻ നഥാൻ ലയോണിനെ (പത്ത് പന്തിൽ അഞ്ച്) മുഹമ്മദ് ഷമി ഹനുമൻ വിഹാരിയുടെ കയ്യിലെത്തിച്ച് കളി അവസാനിപ്പിക്കാം എന്ന സൂചന നൽകി. എന്നാൽ, മിച്ചൽ സ്റ്റാർക്കും (29 പന്തിൽ 14), ഹെയ്‌സൽ വുഡും (25 പന്തിൽ 17) ചേർന്ന് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്ത 36 റൺ ഓരോ മണിക്കൂർ കഴിയുമ്പോഴും പേസ് ബൗളിംഗിനെ കൂടുതൽ പിൻതുണയ്ക്കുന്ന പിച്ചിൽ നിർണ്ണായകമാകുകയാണ്. 243 ൽ സ്റ്റാർക്കിനെ ബൗൾഡാക്കി ബുംറ തന്നെയാണ് ഓസീസ് ബാറ്റിംഗിന് കർട്ടനിട്ടത്. ഇതോടെ 287 എന്ന മഞ്ഞുമലയ്ക്കു തുല്യമായ വിജലക്ഷ്യം ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ തുറന്നിട്ടു.
24 ഓവറിൽ എട്ടു മെയ്ഡനുമായി 56 റൺ വഴങ്ങിയ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് വേണ്ടി ആറ് വിക്കറ്റുകൾ പിഴുതു. ബുംറ മൂന്നും, ശർമ്മ ഒരു വിക്കറ്റും നേടി. ഓസീസ് സ്പിന്നർ നഥാൻ ലയോൺ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ അഞ്ചു വിക്കറ്റ് വീഴത്തിയപ്പോൾ 14 ഓവറിൽ 31 റൺ മാത്രം വഴങ്ങിയ ഇന്ത്യൻ സ്പിന്നർ വിഹാരിയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
വിജയം ലക്ഷ്യമിട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ രണ്ടാം ഇന്നിംഗ്‌സിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. റണ്ണെടുക്കും മുൻപ് നാലാം പന്തിൽ കെ.എൽ രാഹുലിനെ നഷ്ടമായ ഇന്ത്യയ്ക്ക് 13 ൽ നിൽക്കെ വൻ മതിൽ ചേതേശ്വർ പൂജാരയെയും നഷ്ടമായി. 11 പന്തിൽ നാല് റൺ മാത്രമായിരുന്നു പൂജാരയുടെ സമ്പാദ്യം. പിന്നീട് ഒത്തു ചേർന്ന കോഹ്ലി (32 പന്തിൽ 17) മുരളി വിജയ് (60 പന്തിൽ 20) സഖ്യം സ്‌കോർ ബോർഡ് മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ സ്‌കോൽ 48 ൽ നിൽക്കെ ഇന്ത്യയ്ക്ക് കോഹ്ലിയെയും നഷ്ടമായി. അജിൻ കെ രഹാനയാണ് ഇപ്പോൾ ക്രീസിൽ എത്തിയത്. 18 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ 48 റണ്ണിന് മൂന്നു വിക്കറ്റ് നഷ്ടമാക്കിയിട്ടുണ്ട്.