play-sharp-fill
സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജം; ഭരണപരിഷ്‌കരണ കമ്മിഷൻ

സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജം; ഭരണപരിഷ്‌കരണ കമ്മിഷൻ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജയമെന്ന് ഭരണപരിഷ്‌കരണ കമ്മിഷൻ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിൽ 2008 മുതൽ 2017 വരെ കേരളത്തിൽ ഈ നിയമപ്രകാരം ആകെയെടുത്തത് 49 കേസ് മാത്രം. എന്നാൽ, ഇക്കാലയളവിൽ സ്ത്രീധനപീഡനത്തിൽ മരിച്ചത് 233 സ്ത്രീകളും. നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ സ്ത്രീധനം കൊടുക്കുന്നവരെ കുറ്റവാളികളായല്ലാതെ ഇരകളായി കണക്കാക്കണമെന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ കമ്മിഷൻ സർക്കാരിന് ശുപാർശ ചെയ്തു. ജില്ലതോറും സ്ത്രീധനനിരോധന ഓഫീസർമാരെ നിയമിക്കുന്നതിന്റെ സാധ്യത ആരായണമെന്നും കമ്മിഷൻ നിർദേശിച്ചു. ഇപ്പോൾ മൂന്ന് മേഖലാ ഓഫീസർമാരാണുള്ളത്. നിയമപ്രകാരമുള്ള ഉപദേശകസമിതി ഇത്രയും കാലമായിട്ടും രൂപവത്കരിച്ചിട്ടില്ല. കമ്മിഷന്റെ മൂന്നാമത്തെ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ. സ്ത്രീധനം നൽകുന്നവരെയും കുറ്റവാളികളായിക്കാണുന്നതിലെ വൈരുധ്യമാണ് നിയമം പരാജയപ്പെടാൻ കാരണങ്ങളിലൊന്നെന്ന് കമ്മിഷൻ വിലയിരുത്തുന്നു. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇതിനായി പ്രേരിപ്പിക്കുകയോ ചെയ്താൽ അഞ്ചുവർഷത്തിൽ കുറയാത്ത തടവും 15,000 രൂപയോ, സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണ് വലുത് അത്രയുംവരെ പിഴയോ ആണ് ശിക്ഷ.