തൊണ്ടിമുതലായ ഫോണിൽ നിന്നും പ്രതിയുടെ കാമുകിയുടെ ദൃശ്യങ്ങൾ അടിച്ചുമാറ്റി; ചിത്രങ്ങൾ കാമുകിക്ക് അയച്ചുനല്കി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി; പത്തനംതിട്ടയിലെ പൊലീസുകാരൻ കുടുങ്ങിയത് ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: വഞ്ചനാ കേസിലെ പ്രതിയുടെ ഫോണ്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കി. പ്രതിയും കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സ്വന്തം ഫേണിലേക്ക് മാറ്റി സ്ത്രീയുടെ നമ്പറെടുത്ത് ശല്യപ്പെടുത്തിയ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ അഭിലാഷിനെയാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സസ്പെന്‍ഡ് ചെയ്തത്. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അടൂര്‍ സ്വദേശിയായ ജിതിന്‍ എന്ന യുവാവിന്റെ ഫോണാണ് പോലീസുകാരന്‍ തട്ടിയെടുത്തത്. സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ ഫോണ്‍ പിടിച്ചു വാങ്ങുകയും പാസ്‍വേര്‍ഡ് മനസിലാക്കി തുറന്ന് പരിശോധിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയും കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ അഭിലാഷ് ഇത് സ്വന്തം ഫോണിലേക്ക് മാറ്റി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് അയച്ചു കൊടുത്ത ശേഷം തനിക്കും വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള പെണ്‍കുട്ടി എസ്‌പിക്ക് പരാതി നല്‍കി. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പൊലീസുകാരന്‍ കൈക്കലാക്കിയെന്നും ഇത് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ജീവനൊടുക്കുമെന്നും പരാതിയില്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസുകാരന്റെ ഫോണ്‍ അടിയന്തിരമായി പിടിച്ചെടുക്കാന്‍ എസ്‌പി ഉത്തരവിട്ടു. ഇതിന്‍ പ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിയും റൈറ്ററും ചേര്‍ന്ന് സ്റ്റേഷനില്‍ ചെന്ന് ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു.

പരാതിയുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്താണ് ഫോണ്‍ പിടിച്ചെടുത്തത് എന്നായിരുന്നു സ്പെഷല്‍ ബ്രാഞ്ചിന്റെ വിശദീകരണം. ഫോണ്‍ ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ കൈയിലാണുള്ളത്. പ്രാഥമികാന്വേഷണത്തില്‍ പൊലീസുകാരന്‍ തെറ്റുകാരനാണെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി റിപ്പോര്‍ട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

ഫോണ്‍ പിടിച്ചെടുത്തതിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍, കുറ്റത്തിന്റെ ഗൗരവം പുറത്തു വന്നതോടെ എതിര്‍പ്പുകള്‍ അയഞ്ഞു. പൊലീസുകാരനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.