ആലുവ കൂട്ടക്കൊലക്കേസ്; പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
സ്വന്തം ലേഖകൻ
കൊച്ചി: ആലുവ കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി വിധിച്ചു. 2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ആലുവ മാഞ്ഞൂരാൻ വീട്ടിൽ അരങ്ങേറിയത്. ഒരു കുടുംബത്തിലെ ആറുപേരാണ് അന്ന് കൊല്ലപ്പെട്ടത്. മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിനും കുടുംബവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. അഗസ്റ്റിന്റെ ബന്ധുവായ ആന്റണിയാണ് ആറുപേരെ നിഷ്‌ക്കരുണം കൊന്ന് തള്ളിയത്.
ജനമനസ്സുകളെ നടുക്കിയ ആലുവ കൂട്ടക്കൊലക്കേസ് ഇങ്ങനെ:
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവ സെന്റ്മേരീസ് സ്‌കൂളിനു സമീപമാണ് മാഞ്ഞൂരാൻ വീട്. അഗസ്റ്റിനാണ് കുടുംബനാഥൻ. ആലുവ മുൻസിപ്പൽ ഓഫീസിലെ താൽക്കാലിക ഡ്രൈവറായ ആന്റണി അഗസ്റ്റിന്റെ അകന്ന ബന്ധുവായിരുന്നു. ആന്റണിക്ക് വിദേശത്ത് ഒരു ജോലി തരപ്പെട്ടു. എന്നാൽ അതിന് കുറച്ച് പണം അത്യാവശ്യമായി വന്നു. പണം ചോദിക്കാനാണ് സംഭവ ദിവസം ആന്റണി മാഞ്ഞൂരാൻ വീട്ടിലെത്തിയത്. അവിടെ അപ്പോഴുണ്ടായിരുന്നത് അഗസ്റ്റിന്റെ സഹോദരി 42 വയസുള്ള കൊച്ചുറാണിയും അമ്മ 74 വയസുള്ള ക്ലാരമ്മയും ആയിരുന്നു. ഈ സമയം അഗസ്റ്റിനും ഭാര്യയും രണ്ട് മക്കളും സിനിമ കാണാൻ പോയിരുന്നു. കൊച്ചുറാണിയോട് കാശ് ചോദിച്ച ആന്റണി അത് കിട്ടാതെ വന്നപ്പോൾ അവരെ വെട്ടിക്കൊന്നു. ഇതിന് സാക്ഷിയായ ക്ലാരമ്മയേയും കൊലപ്പെടുത്തി. താൻ വീട്ടിൽ വന്ന വിവരം അഗസ്റ്റിൻ അറിഞ്ഞിരുന്നതിനാൽ തന്നെ പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന ആന്റണി അഗസ്റ്റിനും കുടുംബവും സനിമ കണ്ട് മടങ്ങിയെത്തും വരെ വീട്ടിൽ കാത്തിരുന്നു. പിന്നീട് വീട്ടിലെത്തിയ 47 കാരനായ അഗസ്റ്റിൻ, അഗസ്റ്റിന്റെ ഭാര്യ 42 കാരിയായ ബേബി, പതിനാലും പന്ത്രണ്ടും വയസുള്ള മക്കൾ ജയ്മോനും ദിവ്യയും ആന്റണിയുടെ ക്രൂരതയ്ക്ക് ഇരയായി.
ആറു പേരെ കൊന്ന ശേഷം യാതൊന്നു മറിയാത്ത മട്ടിൽ മുംബൈയ്ക്കും അവിടെ നിന്ന് ദമാമിലേക്കും കൊലയാളി കടന്നു.
അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ കണക്കുകൂട്ടലുകൾ പ്രതിയിലേക്കുള്ള ദൂരം കുറച്ചു. ആന്റണിയാണ് കൊല നടത്തിയതെന്ന നിസംശയം ഉറപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ തന്ത്രപൂർവം വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതി എല്ലാം ഏറ്റു പറയുകയായിരുന്നു.
നിരവധി സംശയങ്ങൾക്കും ദുരൂഹതകൾക്കും കാരണമായ കേസായിരുന്നു ആലുവക്കൂട്ടക്കൊലക്കേസ്. പ്രതികൾ ഒന്നിലധികം പേരുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പിന്നീട് നടന്ന ശാസ്ത്രീയ അന്വേഷണത്തിലും സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ആന്റണിയിലെ കുറ്റവാളിയെ നിയമത്തിനു മുന്നിൽ എത്തിക്കുകയായിരുന്നു. ലോക്കൽ പൊലീസും സിബിഐയും കേസ് അന്വേഷിച്ചു. രണ്ട് അന്വേഷണങ്ങളും ആന്റണിയെന്ന കൊലയാളിക്ക് തൂക്ക് കയർ ഉറപ്പാക്കും വിധത്തിൽ തന്നെയാണ് അന്വേഷണം നടത്തിയതും കുറ്റപത്രം സമർപ്പിച്ചതും. കൂട്ടക്കൊലയ്ക്ക് വധ ശിക്ഷയും ഭവന ഭേദനത്തിന് ജീവപര്യന്തവും കവർച്ച, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഏഴ് വർഷം വീതം കഠിന തടവിനുമാണ് ആന്റണി ശിക്ഷിക്കപ്പെട്ടത്. 2001ൽ നടന്ന മാഞ്ഞൂരാൻ കൂട്ടക്കൊലകേസിൽ 2006ലാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചതോടെ ദയാഹർജിയുമായി രാഷ്ട്രപതിയുടെ മുന്നിലെത്തിയെങ്കിലും ഒരു കുടുംബത്തെ ഒന്നടങ്കം തുടച്ചു നീക്കുംവിധം കൂട്ടക്കൊല നടത്തിയെന്ന വിലയിരുത്തലിന് ഇളവ് ലഭിച്ചില്ല. ആന്റണി ഇതിനകം പൂജപ്പൂര സെൻട്രൽ ജയിലിൽ 13 വർഷത്തോളം തടവ് ശിക്ഷ പൂർത്തിയാക്കി കഴിഞ്ഞു. ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യ തെളിവുകൾ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഇതിനെ പ്രതിഭാഗം സുപ്രീംകോടതിയിൽ എതിർത്തിരുന്നു. വധശിക്ഷ 2009ൽ സുപ്രീംകോടതി ശരിവച്ചു. എന്നാൽ വധശിക്ഷയ്ക്കെതിരായ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് 2014ൽ ചീഫ് ജസ്റ്റീസായിരുന്ന ആർ.എം. ലോധയുടെ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിൽ പുനഃപരിശോധന ഹർജി തുറന്ന കോടതിയിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹർജി നൽകുകയും പിന്നീടത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.