തൃക്കാക്കരയിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടി മുഖ്യമന്ത്രിയെ ചിന്തിപ്പിക്കുന്നു; ഭരണ തലത്തിൽ മാറ്റങ്ങൾക്ക് സാധ്യത, ചൊവ്വാഴ്ച മുതൽ പുനഃസംഘടന ചർച്ചകൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ച കനത്ത തിരിച്ചടിക്കു പിന്നാലെ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങളെ കുറിച്ച് മുഖ്യന്ത്രി ആലോചനകൾ തുടങ്ങി. തൃക്കാക്കരയിൽ ഇടതുപക്ഷം മുൻതൂക്കമുണ്ടാക്കിയെന്നായിരുന്നു പൊലീസ് ഇന്റലിജൻസും പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.

അതുകൊണ്ടു തന്നെ പൊലീസിൽ അടക്കം വലിയൊരു അഴിച്ചു പണിക്ക് സാധ്യത കൂടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റിലും ജയിക്കാനാണ് പിണറായിയുടെ ആലോചന. ഇതിന് മെച്ചപ്പെട്ട മന്ത്രിമാർ വേണമെന്നാണ് കണക്കുകൂട്ടലിലാണ്. ഓരോ വകുപ്പിന്റേയും പ്രകടനം വിലയിരുത്തും. ആദ്യ പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ടീച്ചറിന് ഉണ്ടായിരുന്ന പൊതു സമ്മതി ഇത്തവണ ആർക്കും ഉണ്ടാക്കാനായില്ലെന്നതും ശ്രദ്ധേയമാണ്. ഇതും മുഖ്യമന്ത്രിയെ ചിന്തിപ്പിക്കുന്ന വിഷയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണതലത്തിലും ചില മാറ്റങ്ങൾ ഉണ്ടായേക്കും. ഫലപ്രഖ്യാപനം വന്ന വെള്ളിയാഴ്ച വൈകിട്ടു കണ്ണൂരിലെ വീട്ടിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു വിശദ ചർച്ച ഉണ്ടാകുമെന്നാണു സൂചന. മാസങ്ങൾക്കുള്ളിൽ മന്ത്രിസഭാ പുനഃസംഘടന അടക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭരണത്തിൽ ഹാട്രിക്ക് തികയ്ക്കാൻ വേണ്ടിയാണ് ഇത്. ചില തീരുമാനങ്ങൾ പിഴച്ചതായി പിണറായി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ഭരണത്തിന്റെ രീതി മാറ്റാനും ശ്രമിക്കും.

ജനക്ഷേമ പദ്ധതികൾ നടപ്പാക്കും. എന്നാൽ, വൻ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില മോശമാണ്.തൃക്കാക്കര ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ധന വില കുതിച്ചുയരുകയാണ്. കേന്ദ്രം രണ്ടു തവണ നികുതി കുറച്ചു. അതിന്റെ ആനുപാതിക കുറവ് കേരളത്തിലെ നികുതിയിലും ഉണ്ടായി. എന്നാൽ കേരളം നേരിട്ട് നികുതി കുറച്ചില്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടേയും കേന്ദ്രം നികുതി കുറച്ചു. ഉടൻ കേരളവും കുറച്ചുവെന്ന തരത്തിൽ ധനമന്ത്രി ബാലഗോപാൽ പ്രതികരിച്ചു. എന്നാൽ കേരളം നികുതി കുറച്ചില്ലെന്ന് പിന്നീട് മനസ്സിലായി. ഇത്തരം ഇടപെടലുകളും തൃക്കാക്കരയിൽ വോട്ടു കുറച്ചു. പെട്രോൾ വിലയുടെ ഇഫക്ടും തൃക്കാക്കരയിൽ ഉണ്ടായി എന്നാണ് വിലയിരുത്തൽ. സിൽവർലൈൻ പോലെ വൻകിട പദ്ധതികളുടെ പിന്നാലെ പോയി ജനങ്ങളുടെ എതിർപ്പു ക്ഷണിച്ചു വരുത്തുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിനും സിപിഐക്കും അതൃപ്തിയുണ്ട്.