
സ്വന്തം ലേഖകൻ
കോട്ടയം. സ്വകാര്യബസ് സര്‍വീസ് നിലച്ചതും കെ.എസ്.ആര്‍.ടി.സിയുടെ ഗ്രാമീണ സര്‍വീസുകള്‍ വെട്ടിക്കുറച്ചതുംമൂലം ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര ദുരിതത്തിലായ സ്ഥിതിയാണ്. കിലോമീറ്ററുകള്‍ നടന്നാണ് പലരും ബസ് പിടിക്കുന്നത്. സ്ഥിരമായി ഓട്ടോ റിക്ഷ പോലെയുള്ള വാഹനങ്ങളെ ആശ്രയിക്കാന്‍ കഴിയാത്തതുമൂലം തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. ബസില്‍ ഇടമുണ്ടെങ്കിലും പലപ്പോലും വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നും പരാതിയുമുണ്ട്.
മണിമല പഞ്ചായത്തിലെ ഗ്രാമീണ റൂട്ടുകളില്‍ മൂന്നും നാലും മണിക്കൂര്‍ ഇടവിട്ടാണ് ബസ് ഓടുന്നത്. തിരുവാര്‍പ്പ് , പരിപ്പ്, പരുത്തുംപാറ, എരുമേലി, മുണ്ടക്കയം, വൈക്കം, പൂഞ്ഞാര്‍, മണര്‍കാട് മേഖലകളിലും യാത്രാദുരിതം ചെറുതല്ല. ഓട്ടോറിക്ഷയാണ് ശരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡിന്റെ ആരംഭ സമയത്ത് നിലച്ച സര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് ഒരു അനക്കവുമുണ്ടായിട്ടില്ല. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടും വെട്ടിക്കുറച്ച സര്‍വീസുകള്‍ ആരംഭിച്ചില്ല. സ്വകാര്യ ബസുകളില്‍ കുത്തിനിറച്ചാണ് യാത്ര.
കാത്തിരുന്നാണ് വിദ്യാലയങ്ങള്‍ തുറന്നതെങ്കിലും ഇതിലും ഭേദം ഓണ്‍ലൈന്‍ ക്ലാസായിരുന്നു എന്നാണ് ഗ്രാമീണ സര്‍വീസുകള്‍ നിലച്ച മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. വീട്ടില്‍ നിന്ന് വളരെ നേരത്തെ ഇറങ്ങിയാലേ കലോമീറ്ററുകള്‍ നടന്ന് പ്രധാന പാതകളില്‍ എത്താനാവു. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സഹായകമാകുന്ന തരത്തില്‍ ആ സമയത്ത് കൂടുതല്‍ സര്‍വീസുകള്‍ ഇല്ലാത്തത് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നു.
ഒന്നോ രണ്ടോ സര്‍വീസുകള്‍ ഉണ്ടായിരുന്ന മേഖലകളില്‍ സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചതിനും പരിഹാരമില്ല. വിദൂര മേഖലകളിലേയ്ക്ക് ദിവസവും ഓട്ടോറിക്ഷയിലുള്ള യാത്ര പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പറയുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെന്‍ഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ സര്‍വീസ് നടത്താം എന്നാണ് ബസുടമകൾ പറയുന്നത്.



