
സ്വന്തം ലേഖിക
ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയ ഓഫീസുകളിൽ നിന്നും പട്ടയം നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാർ പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തുന്ന സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം. പൊതുജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിച്ച് വൻ തുകകൾ തട്ടിയെടുക്കുന്നതായും പരാതികളുണ്ടെന്ന് ജില്ലാ കലക്ടർ ഷീബാ ജോർജ് പറഞ്ഞു.
പട്ടയ അപേക്ഷ നൽകിയിട്ടുളള പൊതുജനങ്ങൾ അതാത് പട്ടയ ഓഫീസിലെ തഹസിൽദാരുമായി ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ നേരിട്ട് അന്വേഷിക്കണം. പട്ടയ ഓഫീസുകളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നവർ മാത്രം സർക്കാർ നിശ്ചയിച്ചിട്ടുളള തുക ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പണമിടപാടുകളും നിലവിലില്ല.സർക്കാർ ഇടപാടുകളുടെ മറപിടിച്ച് ഇടനിലക്കാർ നടത്തുന്ന പണം തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പോലീസ് റവന്യൂ അധികാരികളെ അറിയിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.



