play-sharp-fill
കൊലപാതക കേസിലെ പ്രതി 12 വർഷങ്ങൾക്കുശേഷം പിടിയിൽ

കൊലപാതക കേസിലെ പ്രതി 12 വർഷങ്ങൾക്കുശേഷം പിടിയിൽ

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയ് (48) ആണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. 2006ൽ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിയിൽ ഒന്നാംപ്രതി നാലുകോടി കൂടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേർന്ന് തൃക്കൊടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയ് ഒളിവിൽ പോകുകയായിരുന്നു. ഒന്നാംപ്രതി കൂടത്തേട്ട് ബിനുവിനെ കോട്ടയം സെഷൻസ് കോടതി പത്ത് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. ബിനു, പോൾ മൂത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയും നിരവധി മോഷണ-കഞ്ചാവ്-അടിപിടി കേസുകളിൽ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒളിവിൽ പോയ റോയിയെ പറ്റി വർഷങ്ങളായി അന്വേഷണങ്ങൾ നടത്തിയിട്ടും യാതൊരുവിധ വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ചങ്ങനാശ്ശേരി ഡി.വൈഎസ്പി എസ്.സുരേഷ് കുമാർ അന്വേഷണം നടത്തിയതിനെ തുടർന്നാണ് റോയിയെ തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ വെച്ച് ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്.

കൊലപാതകത്തിനു ശേഷം ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിലുള്ള രണ്ട് സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോൺ നമ്പർ ശേഖരിച്ച് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചതിൽ നിലവിൽ റോയിയോടൊപ്പം താമസിക്കുന്ന സ്ത്രീയുടെ മൊബൈൽ നമ്പർ മനസ്സിലാക്കിയ അന്വേഷണ സംഘം തമിഴ്‌നാട് ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ ആറ്റുവാംപെട്ടിക്ക് സമീപമുള്ള വനപ്രദേശത്തുനിന്നാണ് റോയിയെ സാഹസികമായി പിടികൂടിയത്. ഇവിടെ ജോസഫ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഇയാൾ കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഇയാളുടെ ഇപ്പോളുള്ള ഭാര്യ കൊടൈക്കനാലിലെ ഒരു റിസോർട്ടിൽ ജോലി ചെയ്തു വരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി എസ്.സുരേഷ്‌കുമാർ, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ കെ.കെ റെജി, പ്രതീപ് ലാൽ, അൻസാരി, രജനീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group