ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തിലടക്കം ഷിഗെല്ല ബാക്‌ടീരിയയും ഇ കോളിയും

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തിലടക്കം ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച അ‌ഞ്ച് സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പന്ത്രണ്ട് സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഈ മാസം നാലാം തീയതിയായിരുന്നു വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ പരിശോധനയ്ക്കായി അയച്ച മുപ്പത് സാമ്പിളുകളില്‍ ഇരുപത്തിമൂന്ന് എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചു.

ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയുണ്ടായതിന് പിന്നില്‍ ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനമായത്. വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ച ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന കടയിലേക്ക് ഉപയോഗിച്ച വെള്ളത്തിന്റെ സ്രോതസ് പരിശോധിച്ചതാണ് നിര്‍ണായക കണ്ടത്തലിലേക്ക് നയിച്ചത്. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലെയും ജലസ്രോതസിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ നിന്ന് വിഷബാധയുണ്ടായതിനിനെത്തുടര്‍ന്ന് ഭക്ഷ്യ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ഇ കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവിടെ നിന്നുള്ള ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവ കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബിലാണ് പരിശോധിച്ചത്.