play-sharp-fill
മലയാളികളുടെ ശാലീന സൗന്ദര്യം ഓർമ്മയായിട്ട് 26 വർഷം ; പ്രണാമം അർപ്പിച്ച് സിനിമാ ലോകം

മലയാളികളുടെ ശാലീന സൗന്ദര്യം ഓർമ്മയായിട്ട് 26 വർഷം ; പ്രണാമം അർപ്പിച്ച് സിനിമാ ലോകം

സ്വന്തം ലേഖകൻ

മലയാളികളുടെ സ്വന്തം ശാലീന സൗന്ദര്യ നായിക മോനിഷ ഓർമയായിട്ട് ഇന്നേക്ക് 26 വർഷം. ആറ് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ഈ നടിയെ മലയാളികൾ നെഞ്ചിലേറ്റി. ശാലീന സൗന്ദര്യവും മികച്ച അഭിനയശേഷിയുമുള്ള ആ പെൺകുട്ടി ഇന്നും മലയാളികളുടെ മനസിൽ മായാത്ത മഞ്ഞൾപ്രസാദമായി
ജീവിയ്ക്കുന്നു. 1971 ൽ കേരളത്തിലെ കോഴിക്കോട്ട് പി. നാരായണനുണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നർത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. 9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്‌കൂളിൽ നിന്നും,ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്‌കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും.

ആദ്യ സിനിമയിലൂടെ തന്നെ പ്രതിഭ തെളിയിച്ച മോനിഷ മലയാളിയുടെ മോഹങ്ങളിൽ നിറഞ്ഞ പെൺകുട്ടിയാണ്. താരത്തിന്റെ ആദ്യ ചിത്രമായ ‘നഖക്ഷതങ്ങളിലെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1986ൽ എം.ടി കഥയും ഹരിഹരൻ സംവിധാനവും നിർവഹിച്ച ചിത്രത്തിലെ അഭിനയത്തിന് 15ാം വയസ്സിൽ തന്നെ മോനിഷയ്ക്ക് മികച്ച നടിക്കുളള ദേശീയ അവാർഡ് ലഭിച്ചു. സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായരാണ് മോനിഷയുടെ സിനിമ രംഗത്തുളള പ്രവേശനത്തിന് കാരണമായത്. സൈക്കോളജി ബിരുദധാരിയായിരുന്ന നടി അഭിനയത്തിൽ മാത്രമല്ല നൃത്തം സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ നഖക്ഷതങ്ങൾ എന്ന ചിത്രത്തിന്റെ റീമേക്ക് പൂക്കൾ വിടും ഇതൾ, ദ്രാവിഡൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും, 1988ൽ രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുളള ഉർവശി അവാർഡ് നേടിയ മോനിഷ അക്കാലത്ത് ഈ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടികൂടിയായിരുന്നു. ജി എസ് വിജയന്റെ ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാറപകടത്തിൽ തലച്ചോറിനേറ്റ പരിക്കുമൂലം മോനിഷ ഈ ലോകത്തോടു വിടപറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group