കുടുംബവഴക്ക് തീർക്കാൻ ശ്രമിച്ച ബന്ധുവിനെ യുവാവ് കുത്തി കൊന്നു
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബവഴക്ക് തീർക്കാൻ ശ്രമിച്ച ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. എറണാകുളം പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശി ഷാജി ആണ് മരിച്ചത്. പ്രതിയായ അഷ്റഫ് അറസ്റ്റിലായി. പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിയായ അഷ്റഫും ഭാര്യയും തമ്മിലുള്ള വഴക്ക് പതിവായിരുന്നു.
സംശയരോഗിയായ അഷ്റഫ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഉപദ്രവം പതിവായതോടെ ഇത് ചോദ്യം ചെയ്യാൻ ബന്ധുവായ ഷാജി അഷ്റഫിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. സംസാരം സംഘർഷത്തിലെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഷ്റഫ് ഷാജിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇടത് നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഷ്റഫിനെ കൊലപാതക കുറ്റം ചുമത്തി പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ പരിക്കേറ്റ അഷ്റഫിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.