
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: ദുരൂഹ സാഹചര്യത്തിൽ വീട്ടിൽനിന്നു കാണാതായ യുവതിയുടെ മൃതദേഹം രാമക്കൽമേട്ടിൽ കണ്ടെത്തി. നെടുങ്കണ്ടം പരിവർത്തനമേട് ആലുങ്കൽ ജോഷിയുടെ ഭാര്യ ജോസി(32)യെയാണ് രാമക്കൽമേട്ടിൽ തമിഴ്നാടിന്റെ പ്രദേശത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. രാമക്കൽമേട്ടിൽനിന്ന് 500 അടി താഴ്ചയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെയാണ് ജോസിയെ കാണാതായത്. ബന്ധുക്കൾ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. നാട്ടുകാർ മൃതദേഹം കണ്ടത്തിയതിനെതുടർന്ന് നെടുങ്കണ്ടം പോലീസിലും കോബൈ പോലീസിലും വിവരമറിയിച്ചു. കോബൈ എസ്ഐ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഉത്തമപാളയം ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംസ്‌കാരം ഇന്നുനടക്കും. മക്കൾ: ജുവൽ, എയ്ഞ്ചൽ. ജോസിയുടെ മരണം ആത്മഹത്യയാണോയെന്ന് അന്വേഷിച്ചു വരികയാണെന്നു പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.