പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ കേരളം തയ്യാറാകുമോ..? മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തില്‍ കേരളത്തെ പേരെടുത്ത് വിമര്‍ശിച്ച്‌ നരേന്ദ്ര മോദി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ അവലോകന യോഗത്തില്‍ കേരളത്തെ പേരെടുത്ത് വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ധനവില സംബന്ധിച്ചാണ് കേരളമടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ മോദി രൂക്ഷമായി വിമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറായില്ലെന്ന് മോദി ആരോപിച്ചു. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ ജനങ്ങളുടെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കഴിഞ്ഞ നവംബറില്‍ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. നികുതി കുറയ്ക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ചിലര്‍ അനുസരിച്ചു. എന്നാല്‍ കുറച്ചു സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറായില്ല. ഇക്കാരണത്താല്‍ ഈ സംസ്ഥാനങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവ് തുടരുകയാണ്.

ഇത് രാജ്യത്തെ ജനങ്ങളോടുള്ള അനീതി മാത്രമല്ല അയല്‍രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും മോദി പറഞ്ഞു. ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന, സംസ്ഥാനങ്ങളും കേന്ദ്രവുമായി ചേര്‍ന്നുള്ള സംയുക്ത ഭരണം കണക്കിലെടുത്ത് ഇന്ധനത്തിന്റെ മൂല്യ വര്‍ദ്ധിത നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടു.

മൂല്യ വര്‍ദ്ധിത നികുതി കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറവാണെന്നതും മോദി ചൂണ്ടിക്കാട്ടി. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതിയ പോലെ നിലവിലെ യുദ്ധ സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും രാജ്യം പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.

നികുതി കുറയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ നഷ്ടം നേരിടേണ്ടി വരുമെന്നത് സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നികുതി കുറച്ചില്ലായിരുന്നെങ്കില്‍ കഴിഞ്ഞ ആറുമാസത്തിനിടെ കര്‍ണാടകയ്ക്ക് 5000 കോടിയുടെ അധികവരുമാനം ലഭിക്കുമായിരുന്നു. ഗുജറാത്ത് 4000 കോടിയോളമെന്നും മോദി യോഗത്തില്‍ പരാമര്‍ശിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ അവലോകന യോഗം വിളിച്ചത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇതുവരെ കടന്നുപോയിട്ടില്ലാത്തതിനാല്‍ അധികാരികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മോദി യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് യോഗത്തില്‍ പങ്കെടുത്തത്.