play-sharp-fill
നിയമപോരാട്ടത്തിനായി ദിലീപ് സുപ്രീംകോടതിയിലേക്ക്: ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ് വേണം; വിചാരണ തുടങ്ങാനിരിക്കെ ദിലീപിന്റെ നീക്കം കേസ് വലിച്ചുനീട്ടാനെന്ന് പ്രോസിക്യൂഷൻ

നിയമപോരാട്ടത്തിനായി ദിലീപ് സുപ്രീംകോടതിയിലേക്ക്: ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ് വേണം; വിചാരണ തുടങ്ങാനിരിക്കെ ദിലീപിന്റെ നീക്കം കേസ് വലിച്ചുനീട്ടാനെന്ന് പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ നിയമപോരാട്ടത്തിനായി നടൻ ദിലീപ് സുപ്രീം കോടതിയിലേക്ക്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് അവകാശപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്. കേസിലെ തെളിവുകൾ ലഭിക്കുവാൻ തനിക്ക് അവകാശമുണ്ടെന്നും താരം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹർജി ഹൈക്കോടി നേരത്തെ തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് പതിനൊന്ന് ഹർജികൾ നൽകിയിരുന്നു. ദൃശ്യങ്ങൾ നൽകിയാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

കേസുമായി ബന്ധപ്പെട്ട് രേഖ എന്ന നിലയിൽ ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും, നടിയുടെ ശബ്ദത്തിന്റെ തോത് കുറച്ചിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർ വാദിച്ചു. കുറ്റമറ്റ വിചാരണ ഉറപ്പാക്കാൻ തെളിവുകളുടെ ആധികാരികത പരിശോധിക്കാൻ പ്രതിക്ക് അർഹതയുണ്ടെന്നും ദിലീപ് നിലപാടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പ്രതിയായ ദിലീപിന് ദൃശ്യങ്ങൾ കൈമാറുന്നത് ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്നായിരുന്നു സർക്കാർ നിലപാട്. ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമാക്കുന്ന ഫൊറൻസിക് ലാബ് റിപ്പോർട്ട് ഉണ്ടെന്നും, ദൃശ്യങ്ങൾ പരിശോധിക്കാൻ പലതവണ പ്രതിഭാഗത്തിന് അവസരം നൽകിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസിലെ പ്രധാനപ്പെട്ട തെളിവാണ് ദൃശ്യങ്ങളെന്നും അത് അവകാശപ്പെടാൻ പ്രതിക്ക് അർഹതയില്ലെന്നും സർക്കാർ വാദിച്ചു.

ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ദിലീപിന്റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. കൂട്ടമാനഭംഗക്കേസുകളിൽ ഇരയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിനാണ് പ്രതിയുടെ ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തേക്കാൾ പരിഗണന ലഭിക്കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ 32 രേഖകൾ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് വിചാരണക്കോടതിയെയും സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങൾടങ്ങിയ പെൻഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. വിചാരണ തുടങ്ങാനിരിക്കെ കേസ് വലിച്ചുനീട്ടാനാണ് ദിലീപിന്റെ നീക്കമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.