സ്‌കൂളുകളിൽ തോന്നിയപോലെ പി.ടി.എ ഫണ്ട് പിരിച്ചാൽ പിടിവീഴും
സ്വന്തം ലേഖകൻ
കൊല്ലം: സ്‌കൂളുകളിൽ തോന്നിയപോലെ പി.ടി.എ ഫണ്ട് പിരിച്ചാൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിടിവീഴും. അസലിന്റെ പകർപ്പ് സൂക്ഷിക്കാൻ കഴിയുന്ന കാർബൺ പേപ്പർ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതൽ സ്‌കൂളുകളിൽ ഫണ്ട് പിരിവിനായി ഉപയോഗിക്കാവൂയെന്നും കണക്കുകൾ വകുപ്പ് തലത്തിൽ പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെയും ടി.ടി.ഐകളിലെയും പി.ടി.എ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടക്കുന്നതായും സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ ഉയർന്ന തുക പിടിച്ചുവാങ്ങുന്നതായും വ്യാപക പരാതി ഉയർന്നിരുന്നു. പലയിടങ്ങളിലും രസീത് നൽകാതെയാണ് പണപ്പിരിവ്. ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. നിലവിൽ സ്‌കൂളുകളിൽ ഉപയോഗിക്കുന്ന എല്ലാ രസീതുകളും പിൻവലിക്കണം. പുതുതായി കാർബർ പേപ്പർ ഉപയോഗിക്കുന്ന രസീതുകൾ അച്ചടിച്ച് നമ്പർ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമേ ഉപയോഗിക്കാവൂ. എ.ഇ.ഒ മുതൽ ഡെപ്യൂട്ടി ഡയറക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർ സ്‌കൂളുകളിലെത്തി രസീതും പി.ടി.എയുടെ വരവ് ചെലവ് കണക്കുകളും പരിശോധിക്കണം. കണക്കുകൾ വകുപ്പ് തലത്തിൽ ഓഡിറ്റ് നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
അക്കാഡമിക് ആവശ്യങ്ങൾക്കായി പരമാവധി പിരിക്കാവുന്ന തുക: എൽ.പി: 20 രൂപ, യു.പി: 50 രൂപ, എച്ച്.എസ്: 100 രൂപ, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ്: 400 രൂപ.