play-sharp-fill
അർധരാത്രിയിൽ 11 വിദ്യാർഥികളെ പെരുവഴിയിലാക്കി കെഎസ്ആർടിസി; ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും കെഎസ്ആർടിസി വലച്ചതായാണ്  വിദ്യാർഥികളുടെ പരാതി

അർധരാത്രിയിൽ 11 വിദ്യാർഥികളെ പെരുവഴിയിലാക്കി കെഎസ്ആർടിസി; ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും കെഎസ്ആർടിസി വലച്ചതായാണ് വിദ്യാർഥികളുടെ പരാതി


സ്വന്തം ലേഖിക

കൊച്ചി : എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത 11 എഞ്ചിനീയറിങ് വിദ്യാർഥികളാണ് പെരുവഴിയിലായത്. ഒന്നര മണിക്കൂർ വൈകിയെത്തി, സ്റ്റോപ്പ് മാറ്റി നിർത്തിയ ബസിനു പിന്നാലെ വിദ്യാർഥികൾ ഓട്ടോറിക്ഷ പിടിച്ച് എത്താൻ ശ്രമിച്ചെങ്കിലും രണ്ടു മിനിറ്റ് പോലും കാത്തു നിൽക്കാതെ ബസ് പോകുകയായിരുന്നു. ഒടുവിൽ മറ്റൊരു ബസിൽ വീണ്ടും പണം മുടക്കി ടിക്കറ്റെടുത്താണ് വിദ്യാർഥികൾ കോഴിക്കോട് എത്തിയത്.


തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ സഹപാഠികളായ 11 വിദ്യാർഥികളാണ് കോഴിക്കോട്ടേക്ക് 2000 രൂപ മുടക്കി, ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ആർപിഇ–86 നമ്പർ ബസിലായിരുന്നു ബുക്ക് ചെയ്തത്. രാത്രി 10.30ന് ഇടപ്പള്ളി ടോൾ ജംക്ഷനിൽ ബസ് എത്തുമെന്ന് കണ്ടക്ടർ അറിയിച്ചത് അനുസരിച്ച് വിദ്യാർഥികൾ കാത്തു നിന്നെങ്കിലും 11.40നാണ് ബസ് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർത്തിയതാകട്ടെ, കൊടുങ്ങല്ലൂർ റോഡിലെ ബസ് സ്റ്റോപ്പിലും. ബസ് അതു വഴിയാണ് പോകുന്നത് എന്ന് കണ്ടക്ടർ ഫോണിൽ അറിയിച്ചതോടെ വിദ്യാർഥികൾ ടോൾ ജംഗ്ഷനിൽനിന്ന് ഓടി കൊടുങ്ങല്ലൂർ റോഡിലേക്ക് വന്നു. അപ്പോഴേക്കും ബസ് അവിടെനിന്ന് എടുത്തു.

വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ അമൃത ആശുപത്രിയിലേക്ക് തിരിയുന്ന ജംഗ്ഷനിലേക്ക് ഓട്ടോ പിടിച്ച് എത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ലുലു മാളിനു മുന്നിൽനിന്ന് രണ്ട് ഓട്ടോറിക്ഷകൾ പിടിച്ച് അമൃത ജംഗ്ഷനിലേക്ക് എത്തിയെങ്കിലും ബസ് കാത്തു നിൽക്കാതെ തിരിച്ചതായി വിദ്യാർഥികൾ പരാതിപ്പെട്ടു. പിന്നീട് കണ്ടക്ടറെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ കട്ട് ചെയ്യുകയായിരുന്നു എന്നും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി എംഡിക്ക് പരാതി നൽകിയതായി വിദ്യാർഥികൾ കൂട്ടിച്ചേർത്തു.