
സ്വന്തം ലേഖിക
ആലപ്പുഴ: കെ റെയില്‍ എംഡിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍റെ മുന്നറിയിപ്പ്.
റയില്‍വേയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാല്‍ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ റവന്യൂ മന്ത്രി കെ രാജന് വെളിവില്ലെന്ന പരാമര്‍ശവും ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നടത്തിയ കെ റെയില്‍ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യവേ സുരേന്ദ്രന്‍ നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മന്ത്രി സജി ചെറിയാനെതിരെ കടുത്ത ആരോപണങ്ങളാണ് കെ റെയില്‍ വിരുദ്ധ പദയാത്രക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തിയത്. കരുണ പാലിയേറ്റീവ് കെയര്‍ മന്ത്രി സജി ചെറിയാന്‍റെ പൊയ്മുഖമാണെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ കരുണയ്ക്ക് പിന്നില്‍ വന്‍ കമ്പനിയാണെന്നും ഒരു സ്വത്തും സജി ചെറിയാന്‍ വിട്ടു കൊടുക്കില്ലെന്നും അഭിപ്രായപ്പെട്ടു.
കരുണക്ക് കിട്ടുന്നത് മുഴുവന്‍ സജി ചെറിയാനും സംഘവും കൊള്ള അടിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പേരില്‍ മാത്രമാണ് കരുണ ഉള്ളതെന്നും ബാക്കി എല്ലാം തട്ടിപ്പ് ആണെന്നും എല്ലാം അഴിമതി നടത്താന്‍ ഉള്ള വഴികളാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
സജി ചെറിയാന്‍ ജനങ്ങളോട് കള്ളം പറയുകയാണ്, 32 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു, എന്നല്‍ അത് കളവ് ആണെന്ന് പിന്നീട് തെളിഞ്ഞെന്നും സുരേന്ദ്രന്‍ ചൂണ്ടികാട്ടി.
തൊഴിലാളി യൂണിയനുകള്‍ നടത്തിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനെയും ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു. മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയെന്ന് പറയും പോലെയാണ് രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ശമ്പളം വാങ്ങി പണിമുടക്കുന്ന എന്‍ജിഒ യൂണിയനിലുള്ളവര്‍ നാണം ഇല്ലത്തവരാണെന്നും വിമര്‍ശിച്ചു.