play-sharp-fill

മലകയറാൻ ആന്ധ്രയിൽ നിന്നുള്ള ആറു സ്ത്രീകൾ കോട്ടയത്ത്: തടയാൻ തയ്യാറായി സംഘപരിവാർ; തന്ത്രപരമായ പൊലീസ് ഇടപെടലിൽ റെയിൽവേ സ്റ്റേഷനിൽ സംഘർഷം ഒഴിവായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശബരിമല ദർശനം നടത്താൻ തയ്യാറായി റെയിൽവേ സ്റ്റേഷനിൽ ആറു സ്ത്രീകൾ എത്തിയതോടെ ആശങ്കയുടെ മുൾ മുനയിൽ കോട്ടയം റെയിൽവേ സ്റ്റേഷനും പരിസരവും. പ്രതിഷേധം ഒഴിവാക്കാൻ ഇടപെട്ട പൊലീസ് തന്ത്രപരമായ സമീപനത്തിലൂടെ ഇവരെ റെയിൽവേ സ്റ്റേഷനിൽ നിന്നു മാറ്റി. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എത്തിയ മുംബൈ സി.എസ്.ടി കന്യാകുമാരി ജയന്തിജനിത എക്സ്പ്രസിലാണ് സ്ത്രീകൾ അടങ്ങുന്ന രണ്ടു സംഘങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 26 പേരടങ്ങുന്ന ഒരു സംഘത്തിൽ നാലു സ്ത്രീകളും, നാലു പേരടങ്ങുന്ന കുടുംബമായി എത്തിയ സംഘത്തിൽ രണ്ടു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. സംഘർഷവും തർക്കവും ഒഴിവാക്കാൻ പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഒരു സംഘത്തിലെ സ്ത്രീകൾ എരുമേലിയിലും, മറ്റൊരു സംഘത്തിലേത് ചെങ്ങന്നൂരിലും യാത്ര അവസാനിപ്പിക്കും. ഒപ്പമുള്ള പുരുഷൻമാർ മലകയറി തിരികെ എത്തും വരെ ഇവർ ഇവിടെ ഹോട്ടലിലും ലോഡ്ജിലുമായി താമസിക്കുന്നതിനാണ് ധാരണ.

കഴിഞ്ഞ സീസണിലടക്കം ഈ സ്ത്രീകൾ കുടുംബത്തോടൊപ്പം ശബരിമലയിൽ എത്തിയിരുന്നു. എന്നാൽ, പമ്പയിൽ പൊലീസ് തടയുമ്പോൾ ഇവർ ഇവിടെ തന്നെ താമസിക്കുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി സുപ്രീം കോടതി നിലവിലുള്ളതിനാൽ മലകയറാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ എത്തിയത്. എന്നാൽ, മലയ്ക്കു പോകാൻ സ്ത്രീകൾ റെയിൽവേ സ്റ്റേഷനിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രത്യേക സംഘപരിവാർ സംഘം തന്നെ റെയിൽവേ സ്റ്റേഷനിൽ തമ്പടിച്ചിട്ടുണ്ട്. സ്ത്രീകൾ എത്തിയത് തിരിച്ചറിഞ്ഞ ഇവർ ഇവരെ തടയാൻ തയ്യാറെടുപ്പ് നടത്തി. ഇതോടെ പൊലീസ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തിയ സംഘവുമായി ചർച്ച നടത്തിയ പൊലീസ് നിർദേശങ്ങൾ മുന്നോട്ടു വച്ചു. പ്രളയത്തിൽ തകർന്ന പമ്പയിൽ താമസിക്കാൻ സൗകര്യമില്ലെന്നും, അതുകൊണ്ടു ചെങ്ങന്നൂരിലോ, എരുമേലിയിലോ താമസിക്കണമെന്നുമായിരുന്നു നിർദേശം. പൊലീസ് നിർദേശം അനുസരിച്ചായിരുന്നു പിന്നീട് സംഘത്തിന്റെ നീക്കം. 26 അംഗ സംഘം ടാക്‌സി വാഹനത്തിൽ ചെങ്ങന്നൂരിലേയ്ക്ക് പുറപ്പെട്ടു. നാലംഗ കുടുംബമാകട്ടെ കെ.എസ്.ആർ.ടി.സി ബസിൽ എരുമേലിയിലേയ്ക്കും പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം സമാന രീതിയിൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നു പോയ് സ്ത്രീകളെ എരുമേലിയിൽ സംഘപരിവാർ പ്രവർത്തകർ തടഞ്ഞിരുന്നു.