
സ്വന്തം ലേഖിക
കൊച്ചി: ബിഗ് ബോസ് സീസണ്‍ ഫോര്‍ മാർച്ച് അവസാന ആഴ്ച തുടങ്ങും.
മാര്‍ച്ച് 27ന് ആദ്യ എപ്പിസോഡ് സംപ്രക്ഷേപണം ചെയ്യാനാണ് തീരുമാനം. സാങ്കേതിക തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഉടന്‍ ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹന്‍ലാല്‍. എല്ലാ വെള്ളിയാഴ്ചയും ബിഗ് ബോസ് ഷൂട്ടിംഗിന് എത്തും വിധം ബറോസിന്റെ ഷെഡ്യൂള്‍ ക്രമീകരിക്കും.
ആദ്യ സീസണിന്റെ മിന്നും വിജയത്തിന് പിന്നാലെ വന്ന രണ്ട് സീസണുകളും സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും വെല്ലുവിളിയായി കോവിഡുണ്ടായിരുന്നു. രണ്ടാം സീസണ്‍ പാതി വഴിക്ക് ഉപേക്ഷിച്ചു. മൂന്നാം സീസണും പൂര്‍ത്തിയായില്ല. പക്ഷേ ഷോയിലൂടെ വിജയിയെ കണ്ടെത്തി. നാലാം സീസണിന് ഈ വെല്ലുവിളിയുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
ചെന്നൈയോ മുംബൈയോ ആകും വേദി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുംബൈയ്ക്കാണ് കൂടുതല്‍ സാധ്യത എന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ കോവിഡ് ഭീതിക്കിടെ ചെന്നൈയിലെ അധികാരികള്‍ ബിഗ് ബോസ് സെറ്റ് താഴിട്ടു പൂട്ടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ലോഗോ ചാനല്‍ പുറത്ത് വിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലുമെല്ലാം ബിഗ് ബോസ് സീസണ്‍ ഫോറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. നാലാം സീസണില്‍ ആരൊക്കെയുണ്ടാകുമെന്നതിനെ ചൊല്ലിയാണ് പ്രധാന ചര്‍ച്ചകള്‍. പ്രവചനങ്ങളും തുടങ്ങി.
അമ്പത് ശതമാനം ഉറപ്പായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ പാല സജിയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സുള്ള പാല സജി മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. ജിയാ ഇറാനിയും മത്സരാര്‍ത്ഥിയാകുമെന്ന് കരുതുന്നവരുമുണ്ട്. കഴിഞ്ഞ സീസണിലെ മത്സാര്‍ത്ഥിയായിരുന്ന റിതു മന്ത്രയുടെ പേരിനൊപ്പം ചേര്‍ന്നായിരുന്നു ജിയയുടെ പേരും വാര്‍ത്തകളില്‍ ഇടം നേടിയത്.
ഒരുപാട് വിവാദങ്ങളും അരങ്ങേറിയിരുന്നു. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന സന്തോഷ് പണ്ഡിറ്റ് നാലാം സീസണിലുണ്ടാകുമെന്നും കരുതുന്നവരുണ്ട്. വാവ സുരേഷ് വരുമെന്ന് കരുതുന്നവരുമുണ്ട്. പാമ്പ് കടിയേറ്റ് ആശുപത്രിയിലായിരുന്ന വാവ സുരേഷിന് വലിയ ഫാന്‍ ബേയ്‌സാണ് കേരളത്തിലുള്ളത്.
രാഹുല്‍ ഈശ്വറും സാമൂഹിക പ്രവര്‍ത്തകയും അദ്ധ്യാപികയുമായ ശ്രീലക്ഷ്മി അറക്കലും ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. തങ്കച്ചന്‍ വിതുരയും പരിഗണിക്കപ്പെട്ടേക്കാം. . ജമ്‌നപ്യാരി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി് ഗായത്രി സുരേഷും ബിഗ് ബോസ് ഹൗസിലുണ്ടാകുമെന്ന് കരുതുന്നവരുണ്ട്. ദിലീപ് കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എത്തുമെന്ന് കരുതുന്നവരുമുണ്ട്.
എന്നാല്‍ സിനിമയിലെ വിവാദങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചയാക്കുന്നതില്‍ ചാനലിനും മോഹന്‍ലാലിനും താല്‍പ്പര്യമില്ല. അതുകൊണ്ട് ബാലചന്ദ്രകുമാര്‍ എത്താനിടയില്ലെന്നാണ് സൂചന.
ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.







