വര്‍ഷങ്ങളായുള്ള വയറുവേദനയുടെ കാരണം ഇനിയും കണ്ടെത്താനായില്ല; മാറാത്ത വേദനയ്ക്കിടയിലും കാന്‍സര്‍ ബാധിച്ച സമപ്രായക്കാരിക്ക് മുടിമുറിച്ചു നല്‍കി 14കാരി
സ്വന്തം ലേഖിക
നെയ്യാറ്റിന്‍കര: വര്‍ഷങ്ങളായി കടുത്ത വയറുവേദന അനുഭവിക്കുകയാണ് മാരായമുട്ടം തത്തിയൂര്‍ നിരപ്പില്‍ ഗോവിന്ദത്തില്‍ ഭദ്ര എന്ന 14കാരി.
എന്നാല്‍ ഭദ്രയുടെ രോഗമെന്തെന്ന് ഡോക്ടര്‍മാര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കടുത്ത വയറു വേദന വരുമ്ബോള്‍ ആശുപത്രിയിലേക്ക് പോകും. എന്നാല്‍ തന്റെ ജീവിത്തിന്റെ നോവുകള്‍ക്കിടയിലും അര്‍ബുദം ബാധിച്ച് മുടി നഷ്ടപ്പെട്ട സമപ്രായക്കാരിക്കു തന്റെ മുടി പൂര്‍ണമായി മുറിച്ചു നല്‍കിയിരിക്കുകയാണ് ഈ ബാലിക.
മണികണ്ഠന്റെയും ശ്രീകലയുടെയും ഏകമകളാണ് ഈ ഒമ്ബതാം ക്ലാസ്സുകാരി. അമരവിള എല്‍എംഎസ് ഹൈസ്‌കൂളില്‍ പഠിക്കുന്ന ഭദ്ര കുട്ടിക്കാലം മുതലേ വയറു വേദന മൂലം വലയുകയാണ്. ഒട്ടേറെ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഭദ്രയുടെ വയറുവേദനയുടെ യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലാണ്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശസ്ത്രക്രിയ വിധിച്ചെങ്കിലും കൃത്യമായി അസുഖം കണ്ടെത്താന്‍ കഴിയാത്തത്തതിനാല്‍ അതും മാറ്റിവച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സയും പഠനവും ആയി മുന്നോട്ടു പോകുന്നതിനിടെയാണ് അര്‍ബുദ ചികിത്സ മൂലം മുടി നഷ്ടപ്പെട്ട സമപ്രായക്കാരിയായ പെണ്‍കുട്ടിയുടെ വിവരം ഭദ്ര അറിയുന്നത്. തന്നെക്കാള്‍ വേദന അനുഭവിക്കുന്ന പെണ്‍കുട്ടിക്ക് സന്തോഷം പകരാനായി അവള്‍ മുടി പൂര്‍ണ്ണമായും മുറിച്ചു നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ഡോക്ടര്‍ ആകണമെന്നതും സുരേഷ് ഗോപിയെ നേരില്‍ കാണണമെന്നതുമാണ് ഭദ്രയുടെ രണ്ട് ആഗ്രഹങ്ങള്‍. കൂലിപ്പണിക്കാരനായ പിതാവ് മണികണ്ഠന് ഇതു കേള്‍ക്കുമ്ബോള്‍ ചിരി.
ചികിത്സയ്ക്കായി ഇവര്‍ കയറിയിറങ്ങാത്ത ആശുപത്രികളില്ല, കാണാത്ത ഡോക്ടര്‍മാരില്ല. അതിനിടയില്‍ എങ്ങനെ മകളുടെ ആഗ്രഹം സാധിച്ചു നല്‍കും എന്ന സംശയമാണ് ആ പുഞ്ചിരിക്കു പിന്നിലെന്നു ഭദ്രയ്ക്കറിയാം. മറ്റുള്ളവരുടെ വേദനകള്‍ അറിയുന്ന അവള്‍ക്കു പക്ഷേ, പരിഭവമില്ല.