
ശബരിമല പിടിച്ചെടുക്കാൻ സംഘപരിവാർ അജണ്ട; രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ നേർക്കുനേർ ആകാം, നിയമം ലംഘിച്ചാൽ അറസ്റ്റ് ചെയ്യും: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾക്ക് സംരക്ഷണവും ശബരിമലയിൽ അക്രമവും രാഷ്ട്രീയ നേട്ടവുമുണ്ടാക്കാനും ശ്രമിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയും അതാണ് സർക്കാർ നിലപാടാണ്. ശബരിമലയിലെ പ്രതിഷേധക്കാരുടെ ഉദ്ദേശം എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യമാക്കാനാണ് ഉദ്ദേശമെങ്കിൽ അത് നേർക്കുനേരെ ആകാമെന്നും മുഖ്യമന്ത്രി ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി.
ശബരിമലയിൽ പോലീസ് പരമാവധി സംയമനം പാലിച്ചു. ശബരിമല സമരം ഭക്തിയുടെ പേരിലല്ല. സമരത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടു. മാധ്യമപ്രവർത്തകരെ വരെ ക്രൂരമായി ആക്രമിച്ചു. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുന്ന നിലയിൽ അത്തരം ഇടപെടലുകളാണ് സംഘപരിവാർ നടത്തിയത്. ഇത് ആർക്കാണ് ഗുണവും ദ്രോഹവുമുണ്ടാക്കിയത്. യഥാർത്ഥ ഭക്തർക്ക് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം സംഭവങ്ങളുടെ ഭാഗമായി തങ്ങൾക്ക് ഗുണം കിട്ടുമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനുവേണ്ടി ഭക്തരെ അങ്ങേയറ്റം ദുരിതത്തിലാക്കുന്നു. മണ്ഡല മകരവിളക്കിന് നട തുറക്കേണ്ട ഘട്ടമായപ്പോൾ അതിനു മുൻപ് തന്നെ അവിടെ എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ശരിയായ രീതിയിൽ ദർശനത്തിനും മറ്റും സൗകര്യങ്ങളുണ്ടാകണം. അതിനുള്ള നടപടികളാണ് ദേവസ്വം ബോർഡ് സ്വീകരിക്കുന്നത്. ബോർഡിന്റെ അത്തരം നടപടികൾക്ക് പിന്തുണ നൽകാൻ സർക്കാർ സന്നദ്ധമാണ്. ബോർഡിനും സർക്കാരിനും നട തുറക്കുമ്പോൾ ഒറ്റലക്ഷ്യം മാത്രമേയുള്ളൂ. ഭക്തർക്ക് നല്ല രീതയിൽ ദർശനം നടത്താൻ കഴിയാവുന്ന സൗകര്യം നൽകുക എന്നത് മാത്രം. ദർശന സൗകര്യം ശരിയായ രീതിയിൽ നടത്തുന്നത് തടസ്സപ്പെടുത്തുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. തടസ്സമുണ്ടാക്കുന്നവരെ അതിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സ്വാഭാവിക നടപടി സർക്കാർ സ്വീകരിക്കും. തടസ്സം സൃഷ്ടിക്കാൻ സന്നദ്ധരായി വരുന്നവരെ അവിടെ നിന്ന് ഒഴിവാക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്തിര ആട്ട വിശേഷ കാലത്തുണ്ടായപോലെ ആചാരലംഘനം നടത്താൻ ദുരുദ്ദേശത്തോടെ ഇറങ്ങിപ്പുറപ്പെട്ടവരെ സ്വഭാവികമായും തടയേണ്ടതുണ്ട്. നേരത്തെ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് പൂർണ്ണബോധ്യമുള്ള പ്രശ്നക്കാർ എന്ന് ഉറപ്പുള്ളവരെയാണ് തടഞ്ഞത്. ഒരു യഥാർത്ഥ ഭക്തനെയും ബുദ്ധിമുട്ടിച്ചിട്ടില്ല.
സാധാരണ ശബരിമലയിലെ ക്രമമനുസരിച്ച് ഹരിവരാവസനം പാടി നട അടച്ചുകഴിഞ്ഞാൽ അന്നത്തെ പരിപാടി കഴിയും. എന്നാൽ ഹരിവരാസനം പാടി നട അടച്ചുകഴിഞ്ഞും അവിടെ സംഘർഷമുണ്ടാക്കാൻ ചിലർ ശ്രമിച്ചു. ശബരിമല സംഘപരിവാറിന്റെ കൈപ്പടിയിൽ ഒതുക്കാൻ എന്തു കളവും പ്രചരിപ്പിക്കുകയും വിളിച്ചുപറയുകയുമാണ്. ഇതാണ് അവിടെയുണ്ടായത്. ഭക്തർ എന്ന് അവകാശപ്പെട്ട് വന്നവർ സംഘപരിവാറിന്റെ പ്രമുഖ നേതാക്കളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. രാജേഷ് ആർ, തൃശൂർ സ്വദേശിയായ ഭക്തയേയും സംഘത്തേയും ആക്രമിക്കാൻ നേതൃത്വം നൽകിയത് ഇയാളാണ്. പി.സജീവ് , പി.ആർ കണ്ണൻ, വിഷ്ണു സുരേഷ്, അമ്പാടി, എ.വി ബിജു, തുടങ്ങിയവരാണ് സംഘർഷത്തിനു മുന്നിൽ നിന്നതെന്ന് പേര് എടുത്തുപറഞ്ഞ് മുഖ്യമന്ത്രി വിമർശിച്ചു.
ഇവരുടെ എല്ലാം പേരിൽ പല സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരാണ് ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ എത്തിയത്. ഇവർ ശബരിമലയിൽ വരുമ്പോൾ സാധാരണ വിശ്വാസികൾ പാലിക്കുന്ന ആചാരക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് നാട്ടുകാർ പരിശോധിക്കണം. സാധാരണ ഗതിയിൽ വിശ്വാസികൾ വരുന്ന വഴിയിലല്ല, വനത്തിലൂടെയാണ് ഇവർ വന്നത്.
ഇവർ എങ്ങനെയാണ് ശബരിമലയിൽ എത്തിച്ചേരുന്നതെന്ന് വ്യക്തമാക്കുന്നതാണ് മാധ്യമങ്ങൾ പുറത്തുവിട്ട ബി.ജെ.പിയുടെ സർക്കുലർ. സംസ്ഥാന ജനറൽ സെക്രട്ടറി ഒപ്പിട്ട സർക്കുലറിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. സംഘർഷമുണ്ടാക്കാൻ ഓരോ മേഖലയ്ക്കും പ്രത്യേകം ആളുകളെ നിശ്ചയിച്ചിരിക്കുന്നു. ഈ നേതാക്കൾ 41 ദിവസം വ്രതം പാലിച്ച് എത്തുന്ന ഭക്തരല്ലെന്ന നാട്ടിലെല്ലാവർക്കും അറിയാം. ശബരിമലയെ പിടിച്ചെടുക്കാനുള്ള കർസേവകരായാണ് ഇവർ എത്തുന്നത്. ഈ സർക്കുലർ പുറത്തുവന്നതോടെ വെളിവായത് ഇതിനുള്ള വൻ ഗൂഢപദ്ധതിയാണ്. സംഘപരിവാറിന്റെ ഇത്തരം അജണ്ട നേരത്തെ തന്നെ പുറത്തുവന്നതാണ്. പ്രശീധരൻപിള്ള ഇതൊരു അവസരമാണെന്നും ഇത് ഉപയോഗിക്കണമെന്നും പറയുന്നത് മാധ്യമങ്ങൾ തന്നെ പുറത്തുകൊണ്ടുവന്നതാണ്. അതിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ നടപ്പാക്കുന്നത് എന്നും കാണേണ്ടതുണ്ട്.
ഒരു ആർ.എസ്.എസ് നേതാവ് കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ പറയുന്നത് ശബരിമലയിലേക്ക് പ്രത്യേകം പരിശീലനം നൽകിയ തെരഞ്ഞെടുത്ത ആളുകളെ കൊണ്ടുപോകുന്നുവെന്നാണ്. പിറ്റേന്ന് തന്നെ ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞത് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ സമരമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായുള്ള സമരമാണ്. നിങ്ങളുടെ രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി പാവപ്പെട്ട ഭക്തരെ എന്തിനാണ് ബലിയാടാണ്. രാഷ്ട്രീയ കാര്യങ്ങൾ നമ്മൾ തമ്മിൽ നോക്കിയാൽ മതിയല്ലോ. അത് ചർച്ച ചെയ്യാമല്ലോ. ശബരിമലയെ എന്തിനാണ് ഇതിനുള്ള വേദിയാക്കുന്നു. ശബരിമലയിലെ അയ്യപ്പഭക്തരെ നിങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയാഗപ്പെടുത്തരുത് എന്നാണ് പറായനുള്ളത്.
ഇവിടെ വിശ്വാസത്തിന്റെ പ്രശ്നമല്ല, നേരെ മറിച്ച് രാഷ്ട്രീയ താൽപര്യങ്ങളാണ് ഇവരെ നയിക്കുന്നത്. ആചാരപരമായി വിശ്വാസികൾ എത്തുന്നിടത്ത് അതൊന്നും പാലിക്കാൻ തയ്യാറാകാതെ ഭക്തർക്ക് തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ഇവർ തയ്യാറാകുന്നത്. അതിനു വേണ്ടി എന്തെല്ലാം ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. ദൃശ്യമാധ്യമങ്ങൾ ഉള്ളതിനാൽ എല്ലാം പുറത്തുവരുന്നു. ഇരുമുടിക്കെട്ടിനെ ഭക്തർ വളരെ ഭക്തിയോടെയാണ് കാണുന്നത്. എന്നാൽ ഇവരുടെ ഒരു നേതാവ് ഇരുമുടികെട്ട് വലിച്ചെറിയുന്നു. സ്ഥലത്തുണ്ടായിരുന്ന എസ്.പി തന്നെ അത് എടുത്തുനൽകുന്നു. അദ്ദേഹം വീണ്ടും വലിച്ചെറിയുന്നു. ഇതൊക്കെ ഏതെങ്കിലും ഭക്തൻ ചെയ്യുന്നതാണോ?. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അദ്ദേഹം തന്നെ വലിച്ചുകീറിയിട്ട് അതൊക്കെ പോലീസ് മർദ്ദനത്തിൽ സംഭവിച്ചതാണെന്ന് പറയുന്നു.
ഒരാളുടെ നെഞ്ചത്ത് പോലീസ് ചവിട്ടുന്നുവെന്ന കൃത്രിമമായ ദൃശ്യമുണ്ടാക്കി ദേശീയതലത്തിൽ പ്രചരിപ്പിക്കുന്നു. പ്രക്ഷോഭത്തിനു മാത്രമായി ശബരിമലയിലേക്ക് വരുന്നു. പതിനെട്ടാംപടി ഓടിക്കയറി പ്രക്ഷോഭത്തിന് വേദിയാക്കുന്നു. ഈ ശബരിമല സീസൺ ഉണ്ടായ ശേഷം രണ്ടു ദിവസമാണ് സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ശബരിമല തീർഥാടകരെ ആകെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് ആഹ്വാനം. ശബരിമല സീസണിൽ എല്ലാ ഹർത്താലിനും രാഷ്ട്രീയ പാർട്ടികൾ ശബരിമല തീർഥാടകരെയും പത്തനംതിട്ട ജില്ലയേയും ഒഴിവാക്കാറുണ്ട്. ഇതുരണ്ടും ഇവിടെയുണ്ടാവയിട്ടില്ല. രാത്രി ഏറെ വൈകി വന്ന പ്രഖ്യാപനം അയ്യപ്പ ഭക്തർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. വലിയ തോതിൽ വർഗീയ ദ്രുവീകരണം നടത്താനും കലാപം സൃഷ്ടിക്കാനും ശ്രമംമുണ്ടായി. അതിനുള്ള സംഭവങ്ങൾക്കും ആക്രമങ്ങൾക്കും ഇവർ നേതൃത്വം നൽകി.
തലശേരിയിലും പാനൂരിലും കരുനാഗപ്പള്ളിയിലുമെല്ലാം ചില പ്രത്യേക വിഭാഗത്തിന്റെ കടകൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നിലയുണ്ടായി. കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനേയും ഭാര്യയേയും രണ്ടുവട്ടം കൈയ്യേറ്റം ചെയ്തു. കൊല്ലത്ത് മറ്റു പാർട്ടികളുടെ പ്രകടനങ്ങളെപോലും ആക്രമിച്ചു.
ഇതിനിടെയ്ക്ക് ഒരു കേന്ദ്രമന്ത്രി ശബരിമല സന്ദർശിക്കുകയുണ്ടായി. സുപ്രീം കോടതി വിധിയെ കുറിച്ച് അദ്ദേഹത്തിന് മിണ്ടാട്ടമില്ല. സുപ്രീം കോടതി വിധിയിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാൻ കിയില്ലെന്നാണ് രാജ്നാഥ് സിംങ് പറയുന്നത്. എന്തിനാണ് ശബരിമലയെ സംഘർഷഭൂമിയാക്കുന്നത്. അതിനുള്ള ഉത്തരമാണ് ശ്രീധരൻപിള്ള പറഞ്ഞത്. വിശ്വാസത്തെ പ്രയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാകുമോ? അതിനു ശബരിമലയെ സംഘർഷഭൂമിയാക്കുന്നു. നാട്ടിൽ കലാപമുണ്ടാക്കുന്നു. അത് തിരിച്ചിറിയാൻ കഴിയണം.
ശബരിമലയുടെ കാര്യത്തിൽ സംസ്ഥാനത്തിന് അകത്തും പറത്തും സംഘപരിവാർ നടത്തിയ ഒരു പ്രചാരണമുണ്ട്. കാണിക്ക ഇടരുതെന്ന് .അവരാണ് ഇപ്പോൾ ശബരിമലയുടെ സംരക്ഷകരായി രംഗത്തുവരുന്നത്. കോൺഗ്രസ് ആണ് മറ്റൊരു കൂട്ടർ. സുപ്രീം കോടതിവിധി നടപ്പാക്കണമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം പറയുന്നത്. കേരളത്തിൽ ബി.ജെ.പിയുമായ മത്സരിക്കുന്നതിന് മറ്റൊരു നയവുമായാണ് അവർ വരുന്നത്. ചിത്തിര ആട്ട വേളയിൽ സംഘപരിവാർ ആക്രമണം നടത്തി. ആ അക്രമികളെ സർക്കാർ നേരിട്ടില്ല എന്ന പറഞ്ഞ് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അക്രമലകളെ അറസ്റ്റു ചെയ്തപ്പോൾ അദ്ദേഹം പറയുന്നത് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് . ഇങ്ങനെ തോന്നുമ്പോൾ തോന്നുന്നത് പറയുന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് മാറുന്നത് ശരിയല്ല. കോടതിവിധി ശരിയാണെന്നും യു.ഡി.എഫിന്റെ സത്യവാങ്മൂലം നിലനിൽക്കില്ലെന്നും പറഞ്ഞയാളാണ്. ഇപ്പോൾ അദ്ദേഹം മലക്കം മറിഞ്ഞത് ജനം കണ്ടുകൊണ്ടുരിക്കുകയാണ്.
കേന്ദ്രസർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾ അവരെ ജനങ്ങളെിൽ നിന്ന് അകറ്റിയിരിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാനുള്ള ഇടപെടാലാണ് അവർ നടത്തുന്നത്. ഇവിടെ ഇതാണെങ്കിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ സംഘപരിവാർ അജണ്ട രാമക്ഷേത്രമാണ്. വിശ്വസത്തിന്റെ പേരിൽ മതനിരപേക്ഷത തകർക്കാനും ന്യുനപക്ഷങ്ങളെ ആശങ്കയിലാക്കാനുമുള്ള നിലപാടാണ് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്നത്. ഇതിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസിന്റെ ഈ തെറ്റായ നിലപാട് കോൺഗ്രസുകാരായ മതനിരപേക്ഷ ആളുകൾ തിരിച്ചറിയുമെന്ന പ്രതീക്ഷിക്കുന്നു.
ശബരിമലയിലെ പോലീസ് പരമാവധി സംയമനം പാലിച്ച് മാതൃകാപരമായാണ് ഇടപെടുന്നത്. കാലവർഷക്കെടുതിയിൽ സേവന തത്പരരായി പോലീസ് പ്രവർത്തിച്ചത് നമ്മുടെ അനുഭവത്തിലുണ്ട്. അതേ അർപ്പണബോധത്തോടെ ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലീസ് പ്രവർത്തിക്കുന്നു. മാധ്യമപ്രവർത്തകർക്ക് ഇക്കാര്യം അവരുടെ അനുഭവത്തിലൂ െബോധ്യമുള്ളതാണ്. പോലീസിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ആർക്കും പറയാൻ പറ്റില്ല. അവസാന ദിവസം സന്നിധാനത്ത് തൊഴാൻ കഴിയാതെ തിരിച്ചുപോകേണ്ട സ്ഥിതി മാധ്യമപ്രവർത്തകർക്കുമുണ്ട് ഉണ്ടായതും അതുകൊണ്ടാണ്. ശക്തമായ സുരക്ഷ ഉണ്ടായ ശേഷം ഒരു ഭക്തനോ ഭക്തയോ മാധ്യമപ്രവർത്തകനോ ആക്രമിക്കപ്പെട്ടിട്ടില്ല എന്നു കാണണം. അത് സംഘപരിവാറിന്റെ കഴിവല്ല, പോലീസ് ഒരുക്കിയ ശക്തമായ സുരക്ഷയാണ്.
ശബരിമലയിൽ സൗകര്യങ്ങൾ ഇല്ല എന്ന പ്രചാരണം ഇപ്പോൾ അഴിച്ചുവിടുന്നുണ്ട്. കാലവർഷക്കെടുതിയിൽ വലിയ ദുരിതമാണ് ശബരിമലയും പമ്പയും ഏറ്റുവാങ്ങിയത്. ക്ഷേത്രം തുറക്കാൻ കഴിയുമോ എന്നു പോലും സംശയമുണ്ടായിരുന്നു. പമ്പ നീന്തിക്കടന്നാണ് നിറപുത്തിരി കതിൽ എത്തിച്ചത്. കാട്ടിലൂടെയാണ് മറ്റുള്ളവർ വന്നത്. ശബരിമല സീസണിന് എല്ലാ മുൻതൂക്കവും നൽകിയതാണ് സർക്കാർ പ്രവർത്തിച്ചത്. ആറു തവണ ഇതിനായി യോഗങ്ങൾ നടത്തിയത്. അത്തരം ഒരുക്കങ്ങളാണ് തീർഥാടകർക്ക് എത്തിച്ചേരാനുള്ള സാഹചര്യമുണ്ടായത്. പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിൽ 25 കോടിയുടെ പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്. നിലയ്ക്കൽ ബേസ് ക്യാംപിൽ ഒമ്പതിനായിരം തീർഥാടകർക്ക് ഒരേ സമയം വിരിവയ്ക്കാൻ സൗകര്യമുണ്ട്. ശബരിമലയുടെ വികസനത്തിന് 2018-19 വർഷത്തിൽ 202 കോടിയാണ് അനുവദിച്ചത്. പ്രൊജക്ട് മുഴുവൻ തകർന്നുപോയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാം പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കുടിവെള്ളം, വൈദ്യൂതി, റോഡ് എല്ലാം മനുഷ്യസാധ്യമായ രീതിയിൽ പുനഃസംഘടിപ്പിച്ചു. ചില അസൗകര്യങ്ങളും പരിമിതികളുമുണ്ടാകും. അത് പരിഹരിക്കുന്നതിനുള്ള നിലപാട് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും സർക്കാരിൽ നിന്നുമുണ്ടാകും.
സർക്കാരിനെ അപകീർത്തിപ്പെടുത്താൻ സംഘപരിവാർ മുൻപും സ്വീകരിച്ചിട്ടുണ്ട്. അതിനെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ലോകമാകെയുള്ള മലയാളികൾ കേരളത്തിന്റെ പ്രത്യേകതകൾ ഉയർത്തിക്കാട്ടി ഒറ്റക്കെട്ടായി നിന്നു. അത് സംഘപരിവാറിനുള്ള മറുപടിയായിരന്നു. കാലവർഷക്കെടുതിയിൽ നാം സ്വീകരിച്ച നിലപാടും നമ്മുടെ പ്രത്യേകതയായിരുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് നാം പ്രവർത്തിച്ചത്. ആരാധാനാലയങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. ഇത് സംഘപവറിവാറിന് ഇഷ്ടപ്പെടുന്നില്ല. ഭിന്നിപ്പും ചേരിതിരിവുമാണ് അവർക്ക് വേണ്ടത്.
ശബരിമലയുടെ കാര്യത്തിൽ വിശ്വാസികളായ എല്ലാവർക്കും ദർശന സൗകര്യമൊരുക്കാനാണ് സർക്കാർ തീരുമാനം. ബി.ജെ.പി കേന്ദ്രനേതാക്കൾ ശബരിമലയിൽ എത്തുമെന്ന് പറയുന്നു. ദർശനത്തിനാണ് വരുന്നതെങ്കിൽ എല്ലാ സൗകര്യങ്ങളും നൽകും..സംഘർഷമുണ്ടാക്കാനാണ് വരുന്നതെങ്കിൽ അതിനെ ആ നിലയിൽ കാണും. ഭക്തജനങ്ങൾക്ക് അലോസരമില്ലാതെ ദർശനം നടത്തിപ്പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. വിശ്വാസികൾക്ക് സംരക്ഷണം, അക്രമികൾക്കും വിശ്വാസത്തെ രാഷ്ട്രീയ ആവാവശ്യത്തിനായി ഉപയോഗിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി. ഇതാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ശബരിമലയിൽ പോകാൻ വരുന്ന സ്ത്രീകൾക്ക് അവർ പുറപ്പെടുന്ന സ്ഥലത്തുനിന്ന് സംരക്ഷണം കൊടുത്തുവരാൻ പറ്റില്ല. അവർ നിലയ്ക്കലിൽ വന്നാൽ ശബരിമലയിൽ എത്തുന്നതിനുള്ള സംരക്ഷണം നൽകും. ഇന്നലെ മൂന്നു യുവതികൾ സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. വ്രതമെടുത്ത് ആചാരങ്ങൾ പാലിച്ചാണ് അവർ ശബരിമലയ്ക്ക് പോകാൻ തയ്യാറായത്. കോടതിവിധി എന്താണോ അത് പാലിക്കുക മാത്രമാണ് സർക്കാരിന് ചെയ്യാൻ കഴിയുക. യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. എന്നാൽ സർക്കാർ നിലപാട് പുരുഷനെപോലെ തന്നെ സ്ത്രീക്കും തുല്യമായ അരാധനാ സ്വാതന്ത്ര്യം നൽകണമെന്നാണ്. ഹിന്ദുമത പണ്ഡിതന്മാരുടെയും കമ്മീഷന്റെയും അഭിപ്രായം കൂടി തേടണമെന്നും സർക്കാർ പറഞ്ഞിരുന്നു.
ശബരിമല പ്രവേശനമല്ല സംഘപരിവാർ അജണ്ട. നാട്ടിൽ കലാപമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് തടസ്സം സൃഷ്ടിക്കുന്ന പോലീസ് ഓഫീസർമാരെ വ്യക്തിപരമായി അധിക്ഷേപിക്കുക അതാണ് അവരുടെ രീതി. ഇതിനെതിരെ നാട് ഒന്നാകെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.