തൃപ്തി ദേശായി എത്തിയിട്ട് പത്ത് മണിക്കൂറാകുന്നു, പ്രതിഷേധവുമായി ആയിരങ്ങൾ, ഭയന്നുവിറച്ച് യാത്രക്കാർ. പമ്പയിലും ശബരിമലയിലും കനത്ത സുരക്ഷ
സ്വന്തം ലേഖകൻ
നെടുമ്പാശ്ശേരി: ശബരിമലയിൽ ദർശനം നടത്തിയേ മടങ്ങൂ എന്ന തീരുമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ തൃപ്തി ദേശായി പത്ത് മണിക്കൂർ കഴിഞ്ഞിട്ടും പുറത്തുകടക്കാനാവാതെ കുടുങ്ങിക്കടക്കുകയാണ്. ആയിരക്കണക്കിനാളുകൾ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധങ്ങളുമായി തടിച്ചുകൂടിയിരിക്കുകയാണ്. തൃപ്തിയെ പുറത്തുകടക്കാൻ അനുവദിക്കില്ല എന്ന് പ്രതിഷേധക്കാർ ഉറപ്പിച്ച് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടും പ്രതിഷേധം ഒഴിവാക്കാനോ പ്രതിഷേധക്കാരെ നീക്കാനോ പോലീസിനായിട്ടില്ല. ഏഴ് മണിക്കൂറായി വിമാനത്താവളത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. പ്രതിഷേധമവസാനിപ്പിക്കാനുള്ള നടപടികൾ ചെയ്യണമെന്ന് വിമാനത്താവള അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടു. ഇതിനിടെ ആലുവ തഹസിൽദാർ തൃപ്തി ദേശായിയുമായി ചർച്ച നടത്തി. സാഹചര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തൃപ്തി ദേശായിയെ തിരികെ അയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ശബരിമലയിൽ നിരോധനാജ്ഞ നിലവിൽ വന്നതോടെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകളടക്കം ശബരിമലയിൽ നിരത്തിയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സന്നിധാനത്ത് രാത്രി ആരെയും തങ്ങാനനുവദിക്കില്ല എന്ന നിർദ്ദേശം പോലീസ് പുറപ്പെടുവിച്ചു. നടപ്പന്തലിലുള്ള പോലീസുകാർക്ക് ലാത്തി,ഷീൽഡ്,ഹെൽമറ്റ് എന്നിവ നിർബന്ധമാക്കി. നടപ്പന്തലിലുള്ള ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിക്കണം. പതിനെട്ടാംപടിക്ക് താഴെയും യൂണിഫോം ധരിക്കണം. പതിനെട്ടാംപടിയിലും സോപാനത്തും മാത്രമാണ് ഡ്രസ്‌കോഡിന് ഇളവുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പോലീസുകാർക്ക് കൈമാറിയിട്ടുള്ളത്. അഴുത പരമ്പരാഗത കാനനപാതയിലും തീർഥാടകർക്ക് പാസ് ഏർപ്പെടുത്തി. ആദ്യമായിട്ടാണ് കാനനപാതയിൽ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പേരും വിലാസവും നൽകിയതിന് ശേഷമേ കാനനപാതയിലൂടെ ഭക്തർക്ക് പോവാനാവൂ. ആയിരക്കണക്കിന് ഭക്തരാണ് നിലവിൽ ശബരിമലയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയോടെ മാത്രമേ തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടൂ എന്ന് പോലീസ് തീരുമാനിച്ചിരുന്നു. ഇതിനിടെ പമ്പയിൽ വിരിവക്കാൻ പോലീസ് അനുവദിക്കാത്തതിൽ തീർഥാടകരിൽ ചിലർ പ്രതിഷേധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പം അരവണ കൗണ്ടറുകൾ രാത്രി പത്ത് മണിയ്ക്കും അന്നദാന കൗണ്ടർ പതിനൊന്ന് മണിയ്ക്കും അടയ്ക്കണമെന്നാണ് പൊലീസ് നിർദ്ദേശം.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമലയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകുന്ന കാര്യം ഇന്ന് തീരുമാനമാവും എന്ന് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.