
സ്വന്തം ലേഖകൻ
കോട്ടയം: വീട്ടുമുറ്റത്തെത്തുന്ന തട്ടിപ്പിന്റെ പുതിയമുഖം. വീടുകള്‍ കയറിയിറങ്ങുന്ന മെത്ത, ഫ്ളോര്‍ മാറ്റുകള്‍ തുടങ്ങിയ വില്‍പ്പനക്കാരാണു വിശ്വസ്തതയുടെ മുഖംമൂടിയില്‍ തട്ടിപ്പുമായി വീടുകളിലെത്തുന്നത്. അഞ്ച് പേര് ചേരുന്ന ചെറു സംഘങ്ങളായാണു വീടുകള്‍ കയറിയിറങ്ങുന്നത്. വിപണിയില്‍ ചെറിയ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ക്കു മൂന്നും നാലു ഇരട്ടി അധിക വിലയാണ് ഈ സംഘം ഈടാക്കുന്നത്. മിക്കപ്പോഴും പുരുഷന്മാരില്ലാത്ത വീടുകളിലാണു കൂടുതലായി തട്ടിപ്പ് നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പ് സംഘം സജീവമാകുന്നുണ്ട്.
അയര്‍ക്കുന്നം, പാമ്പാടി, ളാക്കാട്ടൂര്‍, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങിയ വിവിധയിടങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലായി നിരവധിപ്പേരാണു തട്ടിപ്പിനിരയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പുസംഘം വിലസുന്നുണ്ട്.
വീട്ടുകാര്‍ക്ക് കടയില്‍ പോയി തിരക്കാനുള്ള അവസരം കൊടുക്കാതെ ഉടന്‍ തന്നെ കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ രീതി. എത്തിക്കുന്ന വസ്തുക്കള്‍ക്ക് പിന്നീട് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാലും വീട്ടുകാര്‍ തന്നെ നഷ്ടം സഹിക്കേണ്ടതായി വരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വീട്ടിലെത്തിയസംഘം ഫ്ളോര്‍ മാറ്റ് സ്ക്വയര്‍ ഫീറ്റിന് 240 രൂപയാണ് ഈടാക്കിയത്. വീട്ടിലെത്തിയ സംഘം ഫ്ളോര്‍ മാറ്റിനെക്കുറിച്ചു വിശദീകരിച്ചു. വീട്ടുകാരുടെ ചെറിയ താത്പര്യം മനസിലാക്കിയ സംഘം അവര്‍ ആവശ്യപ്പെടാതെ സാധനങ്ങള്‍ എത്തിച്ചു. തുടര്‍ന്നു വീട്ടുകാരോട് എത്ര രൂപ ചെലവാകും എന്നും പറഞ്ഞിരുന്നില്ല.
ഫ്ളോര്‍ മാറ്റ് ഇറക്കിക്കഴിഞ്ഞപ്പോള്‍ 8,000 രൂപ കൊടുക്കണമെന്നായി. വില സംബന്ധിച്ചു പരിചയക്കാരോട് വീട്ടുകാര്‍ തിരക്കിയപ്പോഴാണു വിപണിയില്‍ സ്ക്വയര്‍ ഫീറ്റ് 75 മാത്രം ഈടാക്കുന്ന മാറ്റിനാണ് സംഘം 240 ഈടാക്കാന്‍ നോക്കിയതെന്നു തിരിച്ചറിയുന്നത്. സത്യം വീട്ടുകാര്‍ മനസിലാക്കിയെന്നു മനസിലാക്കിയ സംഘം 3,000 രൂപ വാങ്ങി മടങ്ങി.
വിപണിയില്‍ നിസാര വിലയ്ക്കു ലഭിക്കുന്ന വസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വീടുകളിലെത്തുന്നത്. സാധാരണക്കാരനോട് വിപണിയില്‍ വലിയ വിലയാണെന്നും ലാഭത്തില്‍ ലഭിക്കുന്നതാണ് തങ്ങള്‍ കൊണ്ടുവരുന്നതെന്നും പറഞ്ഞ് കബളിപ്പിച്ചാണ് തട്ടിപ്പ്. വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ വസ്തുക്കള്‍ ഇറക്കുന്നതോടെ അവസാനം വീട്ടുകാര്‍ പണം കൊടുക്കേണ്ടതായി വരുന്നു. ഇത്തരം വസ്തുക്കള്‍ക്ക് വിപണിയിലുള്ള വിലയെക്കുറിച്ചുള്ള അജ്ഞതയാണ് ഇവര്‍ മുതലാക്കുന്നത്. വീടുകളില്‍ കയറിയിറങ്ങിയുള്ള ഇത്തരം തട്ടിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്നു അധികൃതര്‍ പറയുന്നു.



