രാഷ്ട്രപതിക്ക് ഡി.ലിറ്റ്; ഗവര്‍ണറുടെ നിര്‍ദേശം കേരള സര്‍വകലാശാല തള്ളിയത് രേഖാമൂലം
സ്വന്തം ലേഖിക
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നത് പരിഗണിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിര്‍ദേശം കേരള സര്‍വകലാശാല രേഖാമൂലം തള്ളി.
ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന് പിള്ള കത്ത് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി പിരിച്ചുവിടണമെന്നും വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഗവര്‍ണര്‍ക്ക് നല്കിയ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു. ഇതേരീതിയില്‍ കേരള വി.സി നല്കിയ കത്ത് പുറത്തുവരുമോ എന്നത് സര്‍ക്കാര്‍ -ഗവര്‍ണര്‍ പോരില്‍ നിര്‍ണായകമാണ്.
കഴിഞ്ഞ 23ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ കേരള സര്‍വകലാശാല വി.സിയെ വിളിപ്പിച്ച് ഡി.ലിറ്റ് നല്‍കുന്നത് സര്‍വകലാശാല പരിഗണിക്കണമെന്ന് നിര്‍ദേശിച്ചത്. ആദ്യം എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന വി.സി സിന്‍ഡിക്കേറ്റംഗങ്ങളുമായി ആലോചിച്ചപ്പോള്‍ അനുകൂല പ്രതികരണമല്ല ലഭിച്ചത്.
ഇതിനിടെ ഡി.ലിറ്റ് സമ്മാനിക്കാനുള്ള സാഹചര്യം ഗവര്‍ണര്‍ രാഷ്ട്രപതിഭവനെ അറിയിച്ചെന്നാണ് സൂചന. ഡി.ലിറ്റ് നല്കുന്ന വിഷയം സിന്‍ഡിക്കേറ്റിലെ സി.പി.എം പ്രതിനിധികള്‍ വഴി സര്‍ക്കാരിലും ചര്‍ച്ചയായി.
എന്നാല്‍, അനുകൂല സന്ദേശമല്ല സിന്‍ഡിക്കേറ്റംഗങ്ങള്‍ വഴി സര്‍വകലാശാലക്ക് ലഭിച്ചത്. ഇക്കാര്യം വൈസ് ചാന്‍സലര്‍ ഗവര്‍ണറെ അറിയിച്ചപ്പോള്‍ എഴുതിനല്കാന് നിര്‍ദേശിച്ചു. തുടര്‍ന്നാണ് വി.സി രേഖാമൂലം കൈമാറിയതെന്നാണ് വിവരം.
എന്നാല്‍, കത്ത് നല്‍കിയത് രാജ്ഭവനോ സര്‍വകലാശാലയോ സ്ഥിരീകരിക്കാന്‍ തയാറായില്ല. ഡി.ലിറ്റ് നിര്‍ദേശം നിരാകരിക്കാന്‍ വി.സി പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിനും നിര്‍ണായകമാണ്.
കത്തില്‍ സര്‍ക്കാരുമായുള്ള ആശയവിനിമയം പ്രതിപാദിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചടിയാകും. സര്‍വകലാശാല സിന്‍ഡിക്കേറ്റും സെനറ്റും തീരുമാനമെടുക്കേണ്ട വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നതിന് ഇത് തെളിവാകും.
ഗവര്‍ണറുടെ നിര്‍ദേശം വി.സി സിന്‍ഡിക്കേറ്റ് യോഗ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു വേണ്ടത്. എന്നാല്‍, രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാനുള്ള നിര്‍ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വന്നിട്ടുമില്ല. സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യാതെ ആവശ്യം നിരസിച്ച് കത്ത് നല്കിയെങ്കില് അത് വി.സിക്കും കുരുക്കാകും.
ഡി.ലിറ്റ് നിര്‍ദേശം സര്‍ക്കാര്‍ അറിവോടെ കേരള സര്‍വകലാശാല തള്ളിയതോടെയാണ് കണ്ണൂര്‍, കാലടി വി.സി നിയമനങ്ങളിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നിയമവിരുദ്ധമെന്ന് വ്യക്തമായിട്ടും കണ്ണൂര്‍ വി.സി നിയമനം ഗവര്‍ണര്‍ അംഗീകരിച്ച ശേഷമാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാനാകില്ലെന്ന് കേരള സര്‍വകലാശാല അറിയിച്ചത്. ഇതിന് പിന്നാലെയാണ് കാലടി വി.സി നിയമനത്തിനായി സമര്‍പ്പിച്ച ഒറ്റപ്പേര് ഗവര്‍ണര്‍ തള്ളിയത്.
മുന്‍ വൈസ് ചാന്‍സലര്‍ എന്‍.പി. ഉണ്ണി, നടി ശോഭന, സംഗീതജ്ഞന് ടി.എം. കൃഷ്ണ എന്നിവര്‍ക്ക് ഡി.ലിറ്റ് നല്‍കാനുള്ള കാലടി സര്‍വകലാശാലയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചെങ്കിലും ചടങ്ങിനുള്ള തീയതി നല്‍കിയില്ല. കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.