ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം കലാശിച്ചത് അക്രമത്തിൽ; ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്ക്; ലഹരിയില്‍ ആറാടിയത് കിറ്റക്സിലെ സ്‌കില്‍ഡ് ലേബേഴ്സ്; കിഴക്കമ്പലത്ത് കഞ്ചാവില്‍ മുങ്ങി ക്രിസ്മസ് ആഘോഷം
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പൊലീസുകാരെ ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്.
ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി.
പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു. അർധരാത്രിക്ക് ശേഷമാണ് തൊഴിലാളികൾ തമ്മിൽ സംഘർഷം നടന്നത്.
ഇത് ഇത്രയും ഗുരുതരമാകുമെന്ന് ആദ്യ ഘട്ടത്തിൽ പൊലീസ് കരുതിയിരുന്നില്ല. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും അക്രമം ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല.
എസ്പിയും ഡിവൈഎസ്പിമാരമടക്കം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ക്യാംപുകളിൽ റെയ്ഡ് നടക്കുന്നുണ്ട്. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.