play-sharp-fill
വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലും നിര്‍ദ്ദേശം;  അനുസരിച്ചില്ലെങ്കില്‍ ചീത്തവിളി: വീട്ടിൽ കയറി  പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തി;  കോഴിക്കോട് യുവതിയെ തീ കൊളുത്തിയതിന് പിന്നില്‍ പ്രണയ നൈരാശ്യം

വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലും നിര്‍ദ്ദേശം; അനുസരിച്ചില്ലെങ്കില്‍ ചീത്തവിളി: വീട്ടിൽ കയറി പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തി; കോഴിക്കോട് യുവതിയെ തീ കൊളുത്തിയതിന് പിന്നില്‍ പ്രണയ നൈരാശ്യം

സ്വന്തം ലേഖിക

കോഴിക്കോട്: മാനസയും സൂര്യയും നിതിനയും ഒക്കെ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ ഇന്ന് ഒരു പെണ്‍കുട്ടി കൂടി. കോഴിക്കോട് സ്വദേശിയായ കൃഷ്ണപ്രിയ.

കഴിഞ്ഞ ആഴ്‌ച്ചയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എന്‍ട്രി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷ്ണ പ്രിയ ജോലിയില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു നന്ദഗോപന്‍ എന്ന നന്ദു പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണ പ്രിയയുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ നന്ദു കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തി. ശേഷം കുപ്പിയില്‍ നിന്നും പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു.

ആക്രമണത്തിന് ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തു.
ഏറെ കാലമായി കൃഷ്ണ പ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളും അയല്‍വാസികളും പറയുന്നു.

വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അത് അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ചീത്ത പറയുമായിരുന്നു.

അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മാനഹാനി ഭയന്നാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. ഇന്ന് രാവിലെ 9.50ന് ബസ് ഇറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണ പ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞ് നിര്‍ത്തിയത്.

കൊലപാതകം ലക്ഷ്യമിട്ടായിരുന്നു നന്ദു കൃഷ്ണപ്രിയയെ കാണാനെത്തിയത്. തീ കൊളുത്തുന്നതിന് മുന്‍പ് തന്നെ കുത്തി പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയ തന്നെയാണ് പോലീസിനോട് പറഞ്ഞത്.

നാട്ടുകാരാണ് ഇരുവരുടേയും ശരീരത്തിലെ തീ അണച്ച ശേഷം ആശുപത്രിയിലെത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ കൃഷ്ണപ്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.