‘മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തകര്‍ന്നു പോയി’; ഓര്‍ക്കാനിഷ്ടപ്പെടാത്ത ​ദിവസങ്ങളെ കുറിച്ച്‌ സ്ഫടികം ജോര്‍ജ്

‘മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തകര്‍ന്നു പോയി’; ഓര്‍ക്കാനിഷ്ടപ്പെടാത്ത ​ദിവസങ്ങളെ കുറിച്ച്‌ സ്ഫടികം ജോര്‍ജ്

Spread the love

സ്വന്തം ലേഖിക

സ്ഫടികം സിനിമ ഇറങ്ങി 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഫടികം ജോര്‍ജ്ജ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ എസ്.ഐ കുറ്റിക്കാടനാണ് മനസിലേക്ക് ഓടിയേത്തുന്നത്.

ജോര്‍ജ് ആൻ്റണി എന്നാണ് യഥാര്‍ഥ പേര്. സ്ഫടികത്തിലെ അഭിനയത്തിലൂടെയാണ് സ്ഫടികം ജോര്‍ജായി പേര് മാറിയത്. സ്ഫടികം ജോര്‍ജിനെ നായകൻ്റെ എതിര്‍ പക്ഷത്ത് കാണുമ്പോള്‍ തന്നെ കാണികളുടെ ചങ്കിടിപ്പ് കൂടുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സിനിമയില്‍ അത്ര സജീവമല്ല. പ്രായവും രോ​ഗവും അലട്ടുന്നതിനാല്‍ പഴയ പോലെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനോ അടികൊള്ളാനോ സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സ്ഫടികം ജോര്‍ജ് താന്‍ ഒരിക്കലും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത കുറച്ച്‌ ദിവസങ്ങളിലെ അനുഭവങ്ങളെ കുറച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മരണത്തോളം വരുന്ന അസുഖങ്ങള്‍ കുടുംബത്തിലേക്ക് എത്തിയപ്പോള്‍ എല്ലാവരും തളര്‍ന്ന് പോയി എന്നും മരിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ച നിമിഷങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.

‘ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് രോഗിയായത്. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തകര്‍ന്നു പോയി. എൻ്റെ പിതാവേ… എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടുപോകണേ… എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ അവിടെ ദൈവം ജീവിതത്തിൻ്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു’ സ്ഫടികം ജോര്‍ജ് പറയുന്നു.

‘സിനിമയില്‍ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങള്‍ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാര്‍ഥ്യമായപ്പോള്‍ ദൈവത്തിന് എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തിയത്. 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച്‌ ഉപവസിച്ചിട്ടുണ്ട്’ സ്ഫടികം ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതല്‍ നാടകങ്ങളിലൂടെ കലയില്‍ സജീവമായിരുന്നു ജോര്‍ജ്. പഠനശേഷം ​​ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നു. ഗള്‍ഫിലെ മലയാളി ക്ലബില്‍ സ്ഥിരമായി നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ജോര്‍ജ് 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാര്‍ മണി എന്ന വില്ലന്‍ കഥാപാത്രം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

അതിനുശേഷം ആ വര്‍ഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടന്‍ എന്ന വില്ലന്‍ വേഷവും ചെയ്തു. അഭിനയം രക്തത്തില്‍ അലിഞ്ഞ കാര്യമാണെന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്. സിനിമയില്‍ തന്റെ ഭാവി കുറിച്ചത് ഭദ്രൻ്റെ സ്ഫടികമായിരുന്നുവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ സിനിമ കൊണ്ട് ഏറ്റവും ഗുണമുണ്ടായത് തനിക്കാണെന്നും വില്ലന്‍ ആയിരുന്നിട്ട് കൂടി സ്ഫടികം എന്ന നല്ല പേര് ചാര്‍ത്തികിട്ടിയെന്നും ജോര്‍ജ് പറഞ്ഞിട്ടുണ്ട്. സ്ഫടികം എന്ന പേരാണ് തൻ്റെ ജീവവായുവെന്നും ജോര്‍ജ് പറയുന്നു.