
സ്വന്തം ലേഖകൻ
കൊച്ചി: കളമശ്ശേരി കാറപടത്തിൽ യുവതി മരിച്ച സംഭവം. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
അപകടം സംബന്ധിച്ച കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ വ്യക്‌തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി എലുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (21)യുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം അപകടത്തിൽ ദുരൂഹത ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നതായും ഇവർ സംശയം പ്രകടിപ്പിച്ചു.അപകടവിവരം അറിയിച്ചത് ഇയാളാണെന്നും പിന്നീട് ഇയാൾ ഒളിവിൽ പോയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ഒപ്പം, മൻഫിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസനേയും (28) പോലീസ് വീണ്ടും ചോദ്യം ചെയ്യും.
ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകിട്ട് മൻഫിയ വീട്ടിൽ നിന്ന് പോയത്. എന്നാൽ, ഇക്കാര്യം സൽമാനോ ജിബിനോ പോലീസിനോട് പറഞ്ഞിട്ടില്ല.