
വാക്തര്ക്കത്തിനൊടുവില് ഭാര്യാസഹോദരൻ്റെ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം; പ്രതി ആശുപത്രിയില്‍
സ്വന്തം ലേഖിക
മലപ്പുറം: വാക്തര്ക്കത്തിനൊടുവില് ഭാര്യാസഹോദരൻ്റെ വെട്ടേറ്റ് യുവാവിന് ദാരുണാന്ത്യം.
കൊളത്തൂരില്‍ കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് കുഞ്ഞീതിൻ്റെ മകന് തുളുവത്ത് ജാഫറാണ് (36) കൊല്ലപ്പെട്ടത്. ജാഫറിൻ്റെ ഭാര്യാസഹോദരന്‍ വെസ്റ്റ് കോഡൂര്‍ തോരപ്പ അബ്ദുല്‍ റൗഫാണ് (41) പ്രതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മക്കരപ്പറമ്പിനടുത്ത ചെറുപുഴ ആറങ്ങോട്ടു പാലത്തിലാണ് ജാഫര്‍ വെട്ടേറ്റ് മരിച്ചത്. കാറില്‍ മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജാഫറിനെ ഇന്നോവ കാറിലെത്തിയ അബ്ദുല്‍ റൗഫ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്തര്ക്കത്തിനൊടുവില് ഇരുവരും കൈയില്‍ കരുതിയ ആയുധങ്ങളെടുത്ത് പരസ്പരം ആക്രമിക്കുകയായിരുന്നു. പ്രതി അബ്ദുല്‍ റൗഫിനും കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ഇയാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
നാട്ടുകാരാണ് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായിട്ടാണ് സൂചന. ജില്ല പൊലീസ് മേധാവി സുജിത് ദാസ്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കൊളത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. സജിത്തിൻ്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വെച്ച് ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ജാഫറിൻ്റെ ബന്ധുക്കളുടെ പരാതിയില്‍ കൊളത്തൂര്‍ പൊലീസ് പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.