ഓൺലൈനായി കുഞ്ഞിനെ വില്ക്കാനുണ്ടന്ന് അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്;പറ്റിയ അബദ്ധത്തിന്റെ ചമ്മലുകൊണ്ട് പോസ്റ്റ് കളയാൻ കഴിയാതെ അമ്മ; സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു ഓൺലൈൻ വ്യാപാര പോസ്റ്റ്
സ്വന്തം ലേഖകൻ
ഓൺലൈനായി കുഞ്ഞിനെ വില്ക്കാനുണ്ടന്ന് അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.അതും ഏഴ് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ട് വില്‍ക്കാനുണ്ടെന്ന് അമ്മ പറഞ്ഞാല്‍ അതില്‍ കുറച്ച് ക്രൂരതയുണ്ട്.. എന്നാൽ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ, സംഭവത്തില്‍ ഒരു ട്വിസ്റ്റുണ്ട്.
വാര്‍ത്തകളില്‍ ഇടംപിടിച്ച ഈ അമ്മ ഇരുപതുകാരിയായ ലൂസിയാണ്. തനിക്ക് കുഞ്ഞ് പിറന്നിട്ട് ഏഴ് മാസമായി. അവന് ഓസ്‌കാര്‍ എന്നാണ് പേരിട്ടത്. അങ്ങിനെയിരിക്കെയാണ് വീട്ടില്‍ പുതിയ സോഫ വാങ്ങിയത്. അപ്പോള്‍ പഴയ സോഫയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായി ചിന്ത. അതിനായി ലൂസി ചെയ്ത കാര്യമാണ് കുഞ്ഞിന്റെ വില്‍പനയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയ സോഫയുടെ ഫോട്ടോകള്‍ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും വില്‍ക്കാനുണ്ടെന്ന് അറിയിക്കാനും ലൂസി തീരുമാനിച്ചു. ഇതിനായി തന്റെ പ്രൊഫൈലില്‍ കയറി സോഫയുടെ ഒന്നിലധികം ഫോട്ടോകള്‍ തിരഞ്ഞെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അവിടെയാണ് അബദ്ധം പറ്റിയത്.
ഫോണിന്റെ ഗ്യാലറിയില്‍ നിന്ന് തെരഞ്ഞെടുത്ത ഫോട്ടോകളില്‍ കുഞ്ഞു ഓസ്‌കാര്‍ പുഞ്ചിരിച്ചിരിക്കുന്ന മുഖവും ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ ലൂസി എല്ലാ ഫോട്ടകളും പോസ്റ്റ് ചെയ്തു. ഒപ്പം മനോഹരമായ തലക്കെട്ടും നല്‍കി. ‘എത്രയും പെട്ടെന്ന് ഇതൊന്ന് ഒഴിവാക്കണം’. ഇത് വായിക്കുന്ന ഓരോ ഫേസ്ബുക്ക് ഉപയോക്താവും ഉടനെ കാണുന്നതോ ഓസ്‌കാറിന്റെ നിര്‍മലമായ മുഖവും.
പോസ്റ്റ് ചെയ്ത് മണിക്കൂറുകളോളം ലൂസി ഫേസ്ബുക്ക് പരിശോധിച്ചില്ല. അപ്പോഴേക്കും ആയിരക്കണക്കിന് ആളുകളിലേക്ക് അമ്മയുടെ സാഹസം എത്തിയിരുന്നു. നിരവധി പേര്‍ പോസ്റ്റ് പങ്കുവെച്ച് ലൂസിയെ ചീത്തവിളിക്കുകയും ചെയ്തു. അബദ്ധം പറ്റിയതാണെന്ന് തോന്നിയവര്‍ ലൂസിയെ കളിയാക്കി.
ഫേസ്ബുക്ക് നോക്കിയപ്പോൾ ഫോണ്‍ പൊട്ടിത്തെറിക്കാന്‍ പാകമുള്ള അത്രയും നോട്ടിഫിക്കേഷന്‍സ് നിറഞ്ഞിരിക്കുന്ന പ്രൊഫൈല്‍ കണ്ടപ്പോള്‍ ലൂസിക്ക് ആദ്യം പിടികിട്ടയില്ല. എന്നാല്‍ ഒന്നിന് പിറകെ ഒന്നായി കമന്റുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ അവിടെയും ഒരു ട്വിസ്റ്റ് സംഭവിച്ചു. കാര്യം തിരിച്ചറിഞ്ഞിട്ടും ഫോട്ടോയോ പോസ്‌റ്റോ ഡിലീറ്റ് ചെയ്യാന്‍ ലൂസി തയ്യാറായില്ല. നാണക്കേടുകൊണ്ടോ ചമ്മലുകൊണ്ടോ തനിക്കതിന് സാധിക്കുന്നില്ലെന്ന് ലൂസി പ്രതികരിച്ചു.
ലൂസിയുടെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വീട്ടില്‍ കുറുമ്പനായ ഒരനുജനുണ്ട് വില്‍ക്കാന്‍, എടുക്കുമോ, സൗജന്യമായി തരാം എന്നും, ഈ പൊന്നോമനയെ ഇങ്ങു തന്നേക്കൂവെന്ന് പറയുന്നവരും എല്ലാം അക്കൂട്ടത്തില്‍പ്പെടും.