മനോരമയിൽ ഇത്ര മണ്ടൻമാരായ റിപ്പോർട്ടർമാരുണ്ടോ..! അത്ഭുതം കൂറി കോട്ടയം; തട്ടിപ്പുകാർ നൽകിയ വാർത്ത തൊണ്ട തൊടാതെ നാലാം പേജിൽ നൽകി മലയാള മനോരമ; പരാതിക്കാർ വിളിച്ചപ്പോൾ മാപ്പ് പറഞ്ഞ് തലയൂരാൻ മേധാവിമാരുടെ ശ്രമം
സ്വന്തം ലേഖകൻ
കോട്ടയം: മനോരമയിൽ ഇത്ര മണ്ടൻമാരായ റിപ്പോർട്ടർമാരുണ്ടോ എന്ന് മൂക്കത്ത് വിരൽ വച്ച് ചിന്തിക്കുകയാണ് കോട്ടയം ഇപ്പോൾ. പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സംഘം നൽകിയ വാർത്ത ഒരു വരി പോലും വിടാതെ അതേ പടി നാലാം പേരിൽ നൽകിയാണ് മനോരമ മാധ്യമപ്രതിബന്ധത തെളിയിച്ചത്. വ്യാഴാഴ്ച പ്രസിദ്ധികരീച്ച മലയാള മനോരമ ദിനപത്രത്തിന്റെ കോട്ടയം എഡിഷനിലെ നാലാം പേജിലായിരുന്നു വിവാദമായ ആ ഒറ്റക്കോളം വാർത്ത. വാർത്ത ഇങ്ങനെ – റിക്രൂട്ട്‌മെന്റ് 11 ന് , കോട്ടയം: ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് 11 ന് 8 ന് ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ നടക്കും. – കേരള പൊലീസിലേയ്ക്ക് ആളെ എടുക്കുന്നത് എങ്ങിനെയാണെന്ന് പോലും അറിയാത്ത രീതിയിലായിരുന്നു തട്ടിപ്പുകാരുടെ വാർത്ത മനോരമ ലേഖകൻ പകർത്തിയെഴുതിയത്. മറ്റ് പത്രങ്ങളിലൊന്നും പ്രസിദ്ധീകരിക്കാത്ത വാർത്ത മലയാള മനോരമയുടെ കോട്ടയം ഓഫിസിൽ എത്തിച്ച് നൽകിയത് തട്ടിപ്പുകാരിൽ ഒരാൾ തന്നെയാണെന്നാണ് വ്യക്തമാകുന്നത്.
കേരള പൊലീസിൽ ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്‌സ് എന്നൊരു വിഭാഗമുണ്ടോ എന്ന പ്രാഥമിക അന്വേഷണം പോലും നടത്താൻ ഇവർ തയ്യാറായില്ലെന്നതാണ് മണ്ടത്തരം അച്ചടിച്ചു വച്ച മനോരമ നൽകുന്ന സൂചന. ഇതിനെല്ലാം ഉപരിയായി പൊലീസിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നത് പി.എസ്.എസി നടത്തുന്ന തിരഞ്ഞെടുപ്പുകളിലൂടെയാണെന്ന പ്രാഥമിക തത്വവും വാർത്തയെഴുതിയ ലേഖകൻ മറുന്നു. ഇതിനേക്കാൾ എറെ ഭീകരമായത് തട്ടിപ്പ് സംഘം നൽകിയ ലെറ്റർ പാഡിലെ അക്ഷരതെറ്റാണ്. പൊലീസ് സംഘം പിടിച്ചെടുത്ത ലെറ്റർ പാഡിൽ തിരുവനന്തപുരം എന്ന സ്ഥലപ്പേര് പോലും സംഘം തെറ്റായാണ് അടിച്ചിരുന്നത്.
മലയാള മനോരമയിലെ വാർത്ത കണ്ട് റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥികൾ മനോരമ ന്യൂസ് എഡിറ്ററെ ഫോണിൽ വിളിച്ച് ക്ഷുഭിതരായി. മലയാള മനോരമ ഓഫിസിലും പലരും വിളിച്ച് പരാതിപറഞ്ഞിരുന്നു. ന്യൂസ് എഡിറ്ററും വകുപ്പ് മേധാവിമാരും ഫോണിൽ വിളിച്ചവരോട് മാപ്പ് പറഞ്ഞാണ് തലയൂരിയത്.