പച്ചക്കറിക്കറികൾക്ക് പൊള്ളുന്ന വില; ഇരുട്ടടിയേറ്റ് സാധാരണക്കാര്‍; പ്രതിസന്ധിയിലായി വ്യാപാരികള്‍
സ്വന്തം ലേഖിക
കോഴിക്കോട്: അടിയ്ക്കടിയുള്ള പാചകവാതകവില വര്‍ദ്ധനവ് താങ്ങാനാവാതെ പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് പച്ചക്കറി വിലക്കയറ്റം ഇരുട്ടടി പോലെയായിരിക്കുകയാണ്.
ഇങ്ങനെ വില കൂടുകയാണെങ്കില്‍ പതിവായി വാങ്ങുന്ന പലതും ഒഴിവാക്കേണ്ടി വരുമെന്ന് ഇടത്തരക്കാര്‍ പോലും പറയുന്നു. മണ്ഡലകാലമാവുമ്ബോഴേക്കും വില എവിടം വരെയെത്തുമെന്ന കാര്യത്തില്‍ വ്യാപാരികള്‍ക്കു പോലും നിശ്ചയമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒട്ടുമിക്ക പച്ചക്കറി ഇനങ്ങള്‍ക്കും ഇരട്ടിയിലധികം വില ഉയര്‍ന്നിരിക്കുകയാണ്. കിലോഗ്രാമിന് 20 രൂപയുണ്ടായിരുന്ന തക്കാളിയ്ക്ക് രണ്ടാഴ്ചയ്ക്കിടെ 55 രൂപയായി. 60 രൂപയുണ്ടായിരുന്ന മുരിങ്ങാക്കായയുടെ നിരക്ക് 120 വരെയെത്തി. 30 രൂപയുണ്ടായിരുന്ന സവാള വില 45 രൂപയായി ഉയര്‍ന്നു. ഉരുളക്കിഴങ്ങിന് അഞ്ച് രൂപയോളം കൂടി.
മുളക്, പയര്‍ എന്നിവയ്ക്കെല്ലാം വില മുന്നോട്ടു തന്നെ. വില വര്‍ദ്ധിക്കുന്നതിനിടെ കച്ചവടവും കാര്യമായി കുറയുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. കുറഞ്ഞ അളവിലാണ് കൂടുതല്‍ ആളുകളും ഇപ്പോള്‍ പച്ചക്കറി വാങ്ങിക്കുന്നത്.
തമിഴ്നാട്ടിലെ പെരുമഴ പച്ചക്കറി വില പ്രകടമായി കൂടാനിടയാക്കിയിട്ടുണ്ട്. കടത്തുകൂലി വര്‍ദ്ധിച്ചതും പലതിനും വില ഉയരാന്‍ കാരണമായി. ഇന്ധനവില നൂറു കടന്ന് കുതിച്ചുയരുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇളവില്‍ ചെറിയൊരു ആശ്വാസം വന്നെങ്കിലും കടത്തുചെലവ് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ഏറെ കൂടിയെന്ന ന്യായമാണ് വണ്ടിക്കാരുടേത്.
തോരാമഴയില്‍ വലിയ കൃഷിനാശമാണ് തമിഴ്നാട്ടിലുണ്ടായത്. പച്ചക്കായ അടക്കം അവിടെ നിന്നു പതിവായി എത്തുന്ന ഇനങ്ങളുടെ വരവ് നന്നേ കുറഞ്ഞിരിക്കുകയാണ്.
സാധാരണ മണ്ഡലകാലത്ത് സംസ്ഥാനത്ത് പൊതുവെ പച്ചക്കറിയ്ക്ക് വില ഉയരാറുണ്ട്. ഇനി ആ വിലക്കയറ്റം കൂടിയാവുമ്ബോള്‍ കൂടുതല്‍ ഡിമാന്‍ഡുള്ള ഇനങ്ങള്‍ തൊട്ടാല്‍ പൊള്ളുമെന്ന അവസ്ഥയിലേക്കെത്തും.