KLY 5959, KLQ 7831; അര്‍ധരാത്രി ആ കാറുകള്‍ ഓടിയ വഴികള്‍; സുകുമാരക്കുറുപ്പും ചാക്കോയും; കഥകൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: 1984 ജനുവരി 22ന് പുലര്‍ച്ചെ നാലു മണിയോടെയാണ് മാവേലിക്കര-ചെങ്ങന്നൂര്‍ റോഡിന് സമീപമുള്ള വയലില്‍ ഒരു അംബാസഡര്‍ കാര്‍ കത്തുന്നത് പ്രദേശവാസികള്‍ കണ്ടത്.

നാട്ടുകാരില്‍ ഒരാള്‍ ഓടിച്ചെന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ കത്തിക്കരിഞ്ഞ രീതിയിലായിരുന്നു മൃതദേഹം. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞിരുന്നു. പുറത്തെടുക്കുമ്ബോള്‍ അടിവസ്ത്രത്തിന്റെ കുറച്ചുഭാഗം മാത്രമാണ് കരിയാതെയുണ്ടായിരുന്നത്. ചെരുപ്പ്, വാച്ച്‌, മോതിരം എന്നിവ കണ്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമികാന്വേഷണത്തില്‍ ആയിടെ ഗള്‍ഫില്‍ നിന്നെത്തിയ സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെ മരിച്ച വ്യക്തി സുകുമാരക്കുറുപ്പല്ലെന്ന് കണ്ടെത്തി. തീപിടിത്തത്തില്‍ കൊല്ലപ്പെട്ടിട്ടും മരിച്ചയാളുടെ ശ്വസകോശത്തില്‍ കരിയുടെയോ പുകയുടെയോ ഒരു അംശവും ഉണ്ടായിരുന്നില്ല.

സുകുമാരക്കുറുപ്പിന്‍റെ കാര്‍

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജന്‍ ഈ സംശയം കേസ് അന്വേഷിച്ച ഡിവൈഎസ്പി ഹരിദാസിനോട് പങ്കുവച്ചു. മരിച്ചയാളുടെ വയറ്റില്‍ വിഷാംശം കണ്ടെത്തിയതും ദുരൂഹത കൂട്ടി. ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം കാറില്‍ ഇരുത്തി കത്തിച്ചതാകാമെന്ന നിഗമനത്തില്‍ പോലീസെത്തി.

സുകുമാരക്കുറിപ്പിന്റെ ബന്ധു ഭാസ്‌കരപിള്ളയെ ചോദ്യം ചെയ്തതോടെ കേസിന്റെ ചുരുള്‍ അഴിഞ്ഞു. കൊല്ലപ്പെട്ടത് ഫിലിം റെപ്രസന്റീവായ ചാക്കോയാണെന്ന് തെളിഞ്ഞു. തന്റെ സഹായികളായ ഷാഹു, പൊന്നപ്പന്‍ എന്നിവരുടെ സഹായത്തോടെ സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് ഭാസ്‌കപിള്ള കുറ്റസമ്മതം നടത്തി.

ചാക്കോ വന്ന വഴി

അബുദാബിയിലെ മറൈന്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനായ സുകുമാരക്കുറുപ്പ് മൂന്നു ലക്ഷം രൂപ വരുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. താന്‍ മരിച്ചെന്നു വരുത്തിത്തീര്‍ത്ത് തുക തട്ടിയെടുത്ത് സുഖമായി ജീവിക്കാനായിരുന്നു അയാളുടെ ലക്ഷ്യം.

തന്റെ പൊക്കവും വണ്ണവുമുള്ള മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു കുറുപ്പിന്റെ ആദ്യ പദ്ധതി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് ഏതെങ്കിലും അനാഥ ജഡമോ സെമിത്തേരിയില്‍ നിന്ന് മാന്തിയെടുത്ത മൃതദേഹമോ പരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കാതെ വന്നപ്പോഴാണ് കുറുപ്പിന്റെ സംഘം ഇരയെ തേടിയിറങ്ങിയത്.

1984 ജനുവരി 21ന് രാത്രി കെഎല്‍ക്യു 7831, കെഎല്‍വൈ 5959 കാറുകളില്‍ ദേശീയപാതയിലൂടെ ഇവര്‍ കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ഒരാളെ തേടി ദേശീയ പാത 47ലൂടെ കായംകുളം മുതല്‍ ആലപ്പുഴ വരെ സഞ്ചരിച്ചു. കാര്‍ത്തികപ്പള്ളി, ഹരിപ്പാട്, നങ്ങ്യാര്‍കുളങ്ങര എന്നിവിടങ്ങളിലെത്തി കടത്തിണ്ണകളില്‍ രാത്രി അഭയം പ്രാപിച്ച ഭിക്ഷാടകരെ പൊക്കിയെടുക്കാന്‍ പലകുറി ശ്രമം നടത്തി. ഇതെല്ലാം പരാജയപ്പെട്ട് തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കരുവാറ്റയില്‍ വച്ച്‌ ഒരാള്‍ കാറിന് കൈ നീട്ടി ലിഫ്റ്റ് ചോദിച്ചത്.

കരുവാറ്റയില്‍ നാഷണല്‍ ഹൈവേയില്‍ ആലപ്പുഴക്ക് ബസ് കാത്തുനില്‍ക്കുന്ന ചാക്കോയായിരുന്നു അത്. കെഎല്‍വൈ 5959 കാറില്‍ അവര്‍ ചാക്കോക്ക് ലിഫ്റ്റ് നല്‍കി. യാത്രയ്ക്കിടെ സ്‌നേഹത്തോടെ നല്‍കിയ മദ്യം ചാക്കോ ആദ്യം നിരസിച്ചെങ്കിലും പിന്നീട് കുടിച്ചു. ഈഥര്‍ ചേര്‍ത്ത മദ്യം കുടിച്ച്‌ ബോധരഹിതനായ അദ്ദേഹത്തെ കാറിനുള്ളില്‍ ശ്വാസം മുട്ടിച്ചു കൊന്നു. ചാക്കോയുടെ കഴുത്തില്‍ ടവ്വല്‍ മുറുക്കിയാണ് ഭാസ്‌കരപിള്ള കൃത്യം നടത്തിയത്.

പിന്നീട് അവര്‍ കുറുപ്പിന്റെ ഭാര്യവീടായ സ്മിത ഭവനിലേക്ക് പോയി. മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, സുകുമാരക്കുറുപ്പിന്റെ അടിവസ്ത്രങ്ങളും മേല്‍വസ്ത്രങ്ങളും ധരിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം കുറുപ്പിന്റെ കെഎല്‍ക്യു 7831 കാറിന്റെ ഡിക്കിയിലാക്കി കത്തിക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ച്‌ യാത്ര തിരിച്ചു. കുന്നം റോഡിന് സമീപമുള്ള സ്ഥലം കണ്ടെത്തി മൃതദേഹം കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയ ശേഷം കാര്‍ സമീപമുള്ള വയലിലേക്ക് ഇറക്കിവിട്ടു. പെട്രോളൊഴിച്ച്‌ കത്തിക്കുകയും ചെയ്തു.

അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളായിരുന്നു അന്ന്. പിറ്റേന്ന് ഞായറാഴ്ചയും. രണ്ടു ദിവസവും ചാക്കോ വീട്ടിലെത്തിയില്ല. ഇതോടെ അന്വേഷണമായി. ആ സമയത്താണ് മാവേലിക്കരക്കടുത്ത് കുന്നത്ത് ഒരു കാറും അതിനുള്ളില്‍ ജഡവും കത്തിക്കരഞ്ഞ നിലയില്‍ കണ്ടതായി വാര്‍ത്തവന്നത്. അത് ചാക്കോവാണെന്ന് ചിന്തിക്കാന്‍ പോലും വീട്ടുകാര്‍ക്ക് ആകുമായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞതെല്ലാം പിന്നീടായിരുന്നു.

ഭാസ്‌കരപ്പിള്ള പൊലീസിന് മുമ്ബാകെ കുറ്റസമ്മതം നടത്തുമ്ബോള്‍ ആലുവയിലെ അലങ്കാര്‍ ലോഡ്ജിലുണ്ടായിരുന്നു സുകുമാരക്കുറുപ്പ്. ഭാസ്‌കരപ്പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തത് അറിഞ്ഞ കുറുപ്പ് മാവേലിക്കരയില്‍ നിന്ന് കൊല്ലത്തേക്ക് തീവണ്ടി കയറി. അവിടെ നിന്ന് ഭൂട്ടാനിലേക്ക് പോയി എന്നാണ് പറയപ്പെടുന്നത്. പിന്നീട് മദ്രാസില്‍ തിരിച്ചെത്തിയെങ്കിലും പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനാല്‍ വീണ്ടും മുങ്ങി. ഒടുക്കത്തെ മുങ്ങല്‍!

ചാക്കോ, സുകുമാരക്കുറുപ്പിന്‍റെ പണി തീരാത്ത വീട്

അറിയപ്പെട്ടത് സുകുമാരക്കുറുപ്പ് എന്നാണെങ്കിലും അയാളുടെ പേര് അങ്ങനെയായിരുന്നില്ല. മാവേലിക്കര ചെറിയനാട് ഡിബിഎച്ച്‌എസിലും ചങ്ങനാശേരി എന്‍എസ്‌എസ് കോളജില്‍ പഠിക്കുമ്ബോഴും ടികെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

പിന്നീട് അച്ഛനോടൊത്ത് മദ്രാസിലേക്ക് പോയി. അക്കാലത്ത് എയര്‍ഫോഴ്‌സില്‍ ജോലി നേടി. അവിടെ വച്ച്‌ ഗോപാലകൃഷ്ണന്‍ എന്നയാള്‍ മരിച്ചു എന്ന റെക്കോര്‍ഡുണ്ടാക്കി നാട്ടിലെത്തി. പിന്നീട് പേരുകള്‍ മാറി മാറി പാസ്‌പോര്‍ട്ട് സമ്ബാദിച്ചു. ഗോപാലകൃഷ്ണക്കുറുപ്പ് അങ്ങനെ ശിവരാമക്കുറുപ്പായും സുകുമാരനായും ജോര്‍ജ് സാം കുട്ടിയായും സുകുമാരക്കുറുപ്പായും മാറിക്കൊണ്ടിരുന്നു. ജോര്‍ജ് സാം കുട്ടിയെന്ന പേരില്‍ മദ്രാസില്‍ നിന്നെടുത്ത പാസ്‌പോര്‍ട്ടും ഇയാള്‍ക്കുണ്ട്. ചാക്കോ വധത്തിന് ശേഷം ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു എന്നാണ് പലരും വിശ്വസിക്കുന്നത്.