ശുചിമുറിയില്‍ വനിതാ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; സംശയിക്കുന്നത് എംപിയുടെ ബന്ധുവായ ജീവനക്കാരനെ; തിരുവനന്തപുരം ദൂരദര്‍ശനിലെ ഒളിക്യാമറ വിഷയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തിരുവനന്തപുരത്തെ ദൂരദർശൻ സെന്ററിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെടുത്തു. ശുചിമുറിയിൽ കയറിയ ഒരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെ പുറത്താക്കിയതായി അധികൃതർ അറിയിച്ചു. പ്രധാന സ്റ്റുഡിയോയ്‌ക്ക് സമീപമുള്ള ശുചിമുറിയിലാണ് ഇയാൾ ക്യാമറ സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൂരദർശൻ കേന്ദ്രത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരം സൈബർ സെൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന വനിതാ കമ്മിറ്റിയും അച്ചടക്ക സമിതിയും വിഷയം ഗൗരവമായാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു .

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബാത്ത്റൂമിനകത്ത് ഫ്ലാഷ് മിന്നുന്നതായി മനസിലാക്കിയ യുവതി ബാത്ത്റൂമില്‍ നിന്നും ഇറങ്ങിയോടുകയും സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

ചൂഷണം ചെയ്തത് പുരുഷ-വനിത ശുചിമുറികള്‍ ഒപ്പമുള്ള അവസ്ഥ

പുരുഷ-വനിത ബാത്ത്റൂമുകള്‍ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നത് മനസിലാക്കിയാണ് പുറത്ത് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. മൊബൈല്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ ദൂരദര്‍ശന്‍ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചന. ദൂരദര്‍ശനില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഒരു യുവാവിനെയാണ് സംഭവത്തില്‍ സംശയിക്കുന്നത്. ബാത്ത്റൂമില്‍ കയറിയപ്പോള്‍ ഫ്ലാഷ് മിന്നുന്നത് കണ്ടാണ്‌ യുവതി ശ്രദ്ധിച്ചത്.

പുറത്തേക്ക് ഓടിയ യുവതി സഹപ്രവര്‍ത്തകരുടെ സഹായം തേടി

ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമമാണ് എന്ന് മനസിലാക്കി യുവതി പുറത്തേക്ക് ഓടുകയും സഹപ്രവര്‍ത്തകരുടെ സഹായം തേടുകയുമായിരുന്നു. സഹപ്രവര്‍ത്തകരും യുവതിയും കൂടി ബാത്ത് റൂമിലേക്ക് തിരിച്ച്‌ വന്നപ്പോള്‍ പുരുഷ ബാത്ത്റൂമില്‍ നിന്നും ഒരാള്‍ പുറത്തേക്ക് പായുന്ന ദൃശ്യമാണ് കണ്ടത്. ആളെ ആ സമയത്ത് മനസിലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്ഥാപനത്തില്‍ കോണ്‍ട്രാക്റ്റ് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന യുവാവിലേക്ക് സംശയം നീണ്ടത്.

ഉടനടി നടപടി സ്വീകരിച്ച്‌ ദൂരദര്‍ശന്‍ അധികൃതര്‍

ബാത്ത്റൂമില്‍ മൊബൈല്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം അറിഞ്ഞു ഞെട്ടിപ്പോയ ദൂരദര്‍ശന്‍ അധികൃതര്‍ സ്ഥാപനത്തിനകത്ത് ഉടന്‍ തന്നെ പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും യുവതിയില്‍ നിന്നും പരാതി വാങ്ങി സൈബര്‍സെല്ലിലും പേരൂര്‍ക്കട പോലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലും പേരൂര്‍ക്കട പോലീസും സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അങ്കലാപ്പില്‍ വനിതാ ജീവനക്കാര്‍

ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം അറിഞ്ഞു ദൂരദര്‍ശനിലെ വനിതാ ജീവനക്കാര്‍ ഞെട്ടിയിട്ടുണ്ട്. മിക്കവരും അങ്കലാപ്പിലാണ്. ആരുടെയൊക്കെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട് എന്ന ഭീതിയാണ് പൊതുവായുള്ളത്. എത്ര കാലമായി നടക്കുന്ന പരിപാടിയാണ് ഇതെന്ന ചോദ്യമാണ് ദൂരദര്‍ശന്‍ അകത്തളങ്ങളില്‍ മുഴങ്ങുന്നത്.

യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമം ശക്തം

പരാതി നല്‍കിയ യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ശക്തമാണെന്നാണ് ലഭിക്കുന്ന സൂചന. പെണ്‍കുട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിക്കാന്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഒരു പ്രമുഖ എംപിയുമായി ആരോപണ വിധേയനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.

യുവതി നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ യുവാവ് ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണിയും യുവതിയുടെ മുന്‍പാകെ വന്നിട്ടുണ്ട്. പരാതി പിന്‍വലിക്കാന്‍ ഈ രീതിയിലുള്ള പല തരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും ആരോപണവിധേയനെ രക്ഷിക്കാന്‍ ചിലര്‍ പയറ്റുന്നുണ്ട്.

പരാതി പിന്‍വലിക്കാത്തതിനാല്‍ വ്യക്തിഹത്യ നടത്താനും നീക്കം

യുവതി പരാതിയില്‍ തന്നെ ഉറച്ച്‌ നില്‍ക്കുന്നതിനാല്‍ യുവതിയെ വ്യക്തിഹത്യ നടത്താനുള്ള നീക്കങ്ങളും ഒരു ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് യുവതി നിലപാട് എടുത്തതിനാല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലിച്ചിട്ടില്ല.

പോലീസും സൈബര്‍ സെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവിലെ ബാത്ത്റൂമിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദൂരദര്‍ശന്‍ അധികൃതരും ശ്രമം തുടങ്ങിയിട്ടുണ്ട്.