‘എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട്; മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല; അമ്മയ്ക്കൊപ്പം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും’; നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിൻ്റെ തിരക്കിലാണ്; ജയില്‍മോചിതയായ ശേഷം ആദ്യമായി പ്രതികരിച്ച് സ്വപ്ന സുരേഷ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ജയിലില്‍ നിന്നിറങ്ങിയ ശേഷം ആദ്യമായി പ്രതികരിച്ച് സ്വപ്ന സുരേഷ്.

മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കില്ലെന്നും തിരുവനന്തപുരത്ത് അമ്മയുടെ കൂടെ മാധ്യമങ്ങളെ കാണുമെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് പ്രതികരിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ സ്വപ്ന, ര്‍ത്താവിനും മകനുമൊപ്പം അഭിഭാഷകനെ കാണാന്‍ കൊച്ചിയില്‍ എത്തിയപ്പോഴാണ് പ്രതികരിച്ചത്.

ഇപ്പോള്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണ്, അതു കഴിഞ്ഞ് മാനസികമായി തയാറായിക്കഴിഞ്ഞാല്‍ എല്ലാവരോടും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു.

‘അമ്മയ്ക്കൊപ്പം ഫ്രീയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാകും’, സ്വപ്ന പറഞ്ഞു. ‘അഭിഭാഷകനുമായി കേസിനെ കുറിച്ച്‌ വിശദമായി സംസാരിച്ചു. ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല’, സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജയില്‍മോചിതയായ ശേഷം ‘പിന്നെപ്പറയാം’ എന്ന ഒറ്റവാക്കില്‍ പ്രതികരണം ഒതുക്കിയിരുന്നു. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയില്‍ തികച്ചു.

എന്‍ഐഎ കേസിനൊപ്പം, സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നല്‍കിയിരുന്നു. 2020 ജൂണ്‍ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം പിടിച്ചതാണു കേസിനാധാരം.

തുടര്‍ന്നു വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണു ഡോളര്‍ കടത്തിന് ഉള്‍പ്പെടെ കൂടുതല്‍ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരാണു പ്രതികള്‍.

കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി സ്വപ്ന സുരേഷ് ജയില്‍മോചിതയായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു സ്വപ്നയുടെ പ്രതികരണം. തുടര്‍ന്ന് അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കാണ് പോയത്.

ബാലരാമപുരത്തെ വീട്ടില്‍വെച്ച്‌ സ്വപ്ന മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കില്ലെന്നാണ് അമ്മ പ്രഭ സുരേഷ് പറഞ്ഞിരുന്നത്. കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും പ്രഭ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇന്നലെ രാത്രി വൈകിയും അഭിഭാഷകനുമായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. തുടര്‍ന്ന് ഇന്നും വക്കീല്‍ ഓഫിസില്‍ എത്തുകയായിരുന്നു.