play-sharp-fill
യുവാവിനെ എറിഞ്ഞ് കൊന്ന ഡിവൈഎസ്പിയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ: നെയ്യാറ്റിൻകരക്കാരിയുമായുള്ള അടുപ്പം തുടങ്ങിയത് എസ്.ഐ ആയിരിക്കെ; പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ പ്രിയസഖിയാക്കി

യുവാവിനെ എറിഞ്ഞ് കൊന്ന ഡിവൈഎസ്പിയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ: നെയ്യാറ്റിൻകരക്കാരിയുമായുള്ള അടുപ്പം തുടങ്ങിയത് എസ്.ഐ ആയിരിക്കെ; പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ പ്രിയസഖിയാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവാവിനെ എറിഞ്ഞുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിനു സസ്‌പെൻഷൻ. കൊലക്കേസിൽ പ്രതിയാക്കപ്പെട്ടതോടെയാണ് ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തത്. മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തതായി പ്രഖ്യാപിച്ചത്.
പാറശാല എസ്.ഐ ആയിരിക്കെയാണ് ഹരികുമാറും ഈ കുടുംബവും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്. ഇവരുടെ വീട്ടിലുണ്ടായ കേസിൽ ഹരികുമാർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും, ഇവരെ സഹായിക്കുകയും ചെയ്തു. തുടർന്നാണ് ഹരികുമാറും ഈ വീടും തമ്മിൽ അടുപ്പം ഉടലെടുക്കുന്നത്. പിന്നീട്, വീട്ടിലെ നിത്യസന്ദർശകനായി ഹരികുമാർ മാറി. ഡിവൈഎസ്പിയായതിനാൽ തന്നെ ആരും ഹരികുമാറിനെ തടയാനോ ചോദ്യം ചെയ്യാനോ തയ്യാറായിരുന്നില്ല. നേരത്തെ പല തവണ നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നെങ്കിലും ഹരികുമാർ ഇതിനെയൊന്നും വകവയ്ക്കാതെ തന്നെ വീട്ടിൽ എത്തുകയായിരുന്നു.
വീട്ടിലെ സന്ദർശനം സ്ഥിരമായതോടെ പ്രശ്‌നത്തിൽ നാട്ടുകാർ ഇടപെട്ടു. നാട്ടുകാർ ഹരികുമാറിനെ തടഞ്ഞു നിർത്തി മർദിക്കുകയും ചെയ്തു. ഇതിനെ മണൽമാഫിയയുടെ ആക്രമണമെന്ന് വരുത്തി തീർത്ത് കേസെടുത്ത് ഒതുക്കി തീർക്കാനായിരുന്നു ഹരികുമാറിന്റെ ശ്രമം. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരികുമാറിന്റെ സ്റ്റേഷന്റെ പരിധിയ്ക്ക് പുറത്തായതിനാൽ, സംഭവത്തിൽ കേസ് എടുത്തതുമില്ല. ഒടുവിൽ കേസ് ഒതുക്കിത്തീർക്കുകയായിരുന്നു. ഇതേ തുടർന്ന് പാറശാലയിൽ നിന്നും ഹരികുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു. തുടർന്ന് പല സ്‌റ്റേഷനുകളിൽ എസ്.ഐആയും സിഐ ആയും ഇരുന്ന ശേഷമാണ് ഹരികുമാറിനെ ഡിവൈഎസ്പിയാക്കി നിയമിച്ചത്. തുടർന്നാണ് ഹരി ഇവിടെ തന്നെ ഡിവൈഎസ്പിയായും എത്തിയത്. ഇതിനു പിന്നിലും നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നാണ് ഇപ്പോൾ വ്യകതമാകുന്നത്.
എസ്.ഐ ആയിരുന്നപ്പോൾ മുതൽ രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയായിരുന്നു ഹരികുമാർ. ഇടത് വലത് രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം എന്നും ഹരികുമാറിന്റെ രക്ഷയ്ക്ക് എത്തിയിരുന്നു. എസ്.ഐ ആയിരിക്കെ സത്യസന്ധനെന്ന് പേര് കേട്ട ഹരികുമാർ സിഐ ആയതോടെയാണ് വിവാദങ്ങളിൽ കുരുങ്ങിയത്. ഹരികുമാർ ഫോർട്ട് സിഐ ആയിരിക്കെയാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വസതിയ്ക്ക് അരികെ വരെ കുപ്രസിദ്ധ ഗുണ്ട വെട്ടുകാട് സാബു എത്തിയത്. മുഖ്യമന്ത്രിയുടെ വേദിയ്ക്ക് അരികിൽ വടിവാളുമായി ഗുണ്ട എത്തിയതോടെ സിഐയ്ക്ക് സസ്‌പെൻഷൻ കിട്ടി. സസ്‌പെൻഷനു ശേഷം തിരികെ ആലുവ സിഐ ആയാണ് സർവീസിൽ പ്രവേശിച്ചത്. പിന്നീട്, പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ ഇടതു നേതാക്കളുടെ പിൻതുണയിൽ ഹരികുമാർ ഡിവൈഎസ്പിയായി തന്റെ പ്രിയപ്പെട്ട താവളത്തിൽ തന്നെ എത്തുകയായിരുന്നു.
സിഐയും എസ്.ഐയും ഡിവൈഎസ്പിയും ആയിരിക്കെ ഹരികുമാർ പേരെടുത്തത് പ്രശ്‌നങ്ങളെ സസൂക്ഷ്മം കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവ് കൊണ്ടു തന്നെയാണ്. രാഷ്ട്രീയക്കാരെയും, പ്രശ്‌നക്കാരെയുമെല്ലാം തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് ഒപ്പം നിർത്താൻ ഹരികുമാറിനു കഴിഞ്ഞിരുന്നു. നെയ്യാറ്റിൻകരയിലും പരിസരപ്രദേശത്തും തീര മേഖലയിലും നിരന്തരം ഉണ്ടാകുന്ന സംഘർഷങ്ങൾ കൈവിട്ട് പോകാതെ കാതത്ത് ഹരികുമാറിന്റെ തക്ക സമയത്തെ ഇടപെടലുകളായിരുന്നു. എന്നാൽ, എല്ലാ സദ്ഗുണങ്ങൾക്കും മുകളിൽ കറുത്ത പാടായി നിന്നത് വഴിവിട്ട ബന്ധമായിരുന്നു.


പൊലീസ് അകമ്പടിയിൽ സ്വന്തം വാഹനത്തിൽ ഹരികുമാർ എത്തുന്നത് രാജകീയമായ രീതിയിലായിരുന്നു. രണ്ടു പൊലീസ് ജീപ്പുകൾ ഇവിടെ എത്തി റൂട്ട്
ക്ലിയർ ചെയ്ത ശേഷമാണ് ഡിവൈഎസ്പി സ്ഥലത്ത് എത്തിയിരുന്നത്. ഇത്തരത്തിൽ ഡിവൈഎസ്പിയ്ക്ക് വേണ്ടിയുള്ള പൊലീസ് പരിശോധന നിരന്തരം ശല്യമായി മാറിയതോടെയാണ് പ്രശ്‌നത്തിൽ നാട്ടുകാർ ഇടപെട്ടതും കൊലപാതകത്തിൽ വരെ കാര്യങ്ങൾ എത്തിച്ചേർന്നതും.
എന്നാൽ, സംഭവ ദിവസം വീടിനു മുന്നിൽ നടക്കുന്ന അക്രമസംഭവങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസിനെയും യഥാർത്ഥത്തിൽ പ്രതിക്കൂട്ടിലാക്കുന്നത്. ഹരികുമാർ വീട്ടിൽ എത്തിയതും, ഇവിടെ നിന്നു മടങ്ങിയതും അക്രമണം നടത്തിയതും എല്ലാം കൃത്യമായി സിസിടിവിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group