അറബിക്കടലിൽ ന്യൂനമർദ്ദം ; സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം കന്യാകുമാരി ഭാഗത്തു നിന്ന് ഇന്നലെ രാവിലെയാണ് അറബിക്കടലിൽ പ്രവേശിച്ചത്.

ന്യുനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിച്ച് കൂടുതൽ ശക്തിയാർജ്ജിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരും. നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ന്യുനമർദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റ്ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരള തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് അതിനാൽ, കേരള തീരത്ത് നവംബർ 07 വരെയും, ലക്ഷദ്വീപ് തീരത്ത് നവംബർ 05 വരെയും, കർണാടക തീരത്ത് നവംബർ 07 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവംബർ അഞ്ചു മുതൽ ഏഴു വരെ കർണാടക, ഗോവ,മഹാരാഷ്ട്രയുടെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.