
സ്വന്തം ലേഖകൻ
കോട്ടയം:
കാഞ്ഞിരം ജെട്ടിയിലേക്ക് ബോട്ട് അടുക്കുമ്പോൾ ബോട്ടിലിരുന്ന് അവർ ഒരു പോലെ പറഞ്ഞു….ദേടീ… നമ്മുടെ ടീച്ചർമാർ. നാളുകൾക്ക് ശേഷം തങ്ങളുടെ ടീച്ചർമാരെ കണ്ടതിന്റെ സന്തോഷം അവർ മറച്ചുവെച്ചില്ല.
എങ്ങനെ സ്‌കൂളിൽ എത്തുമെന്ന ആശങ്കയിൽ നിന്നും സന്തോഷത്തിന്റെ ദിനത്തിലേക്കാണ് ഈ കുട്ടികൾ എത്തിയത്. സർക്കാർ സഹായത്താൽ ബോട്ട് അനുവദിച്ചതിനാൽ കാഞ്ഞിരം എസ്‌എൻഡിപി സ്‌കൂളിൽ് പഠിക്കുന്ന കുട്ടികൾക്ക് സ്‌കൂളിൽ എത്താൻ സാധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂക്കൾ നൽകിയും, ഗിഫ്‌റ്റുകൾ നൽകിയും സ്‌കൂൾ അധികൃതരും, അധ്യാപകരും, പിടിഎക്കാരും ചേർന്ന് കുരുന്നുകളെ സ്വീകരിച്ചു.
ആദ്യമായി എത്തിയവർക്ക് സ്‌കൂൾ അധികൃതരും, അധ്യാപകരും ചേർന്ന് ബാഗുകൾ സമ്മാനമായി നൽകി. വെട്ടിക്കാട്ട്, മാർത്താണ്ഡം, ആർ ബ്ലോക്ക് എന്നിവിടങ്ങളിൽ നിന്നായി അറുപത് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പൊങ്ങാത്ത പൊക്കുപാലങ്ങ ളായിരുന്നു ഇവരുടെ പഠനത്തിന് വില്ലനായി നിന്നിരുന്നത്.
സ്‌കൂൾ തുറക്കുന്ന ദിനത്തിൽ സ്‌കൂളിൽ എത്താനാ കുമോ എന്ന ആശങ്കയിലായിരുന്നു കുട്ടികൾ. പരിഹാരം തേടി സ്‌കൂൾ മാനേജർ എ കെ മോഹന്റെയും, പിടിഎ പ്രസിഡന്റ് സി എസ് റെജി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ സഹകരണ മന്ത്രി വി എൻ വാസവനെ സമീപിച്ചിരുന്നു.
സ്‌കൂൾ തുറക്കുമ്പോൾ ബോട്ടുകളിൽ കുട്ടികളെ എത്തിയ്‌ക്കാൻ സംവിധാനം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലഗതാഗതവകുപ്പ് ഡയറക്‌ടറുടെ നിർദ്ദേശത്തെുടർന്ന് ജലഗതാഗത വകുപ്പ് ഈ സ്‌കൂളിലെ കുട്ടികൾക്കായി പ്രത്യേക ബോട്ട് സർവീസ് നടത്താൻ തീരുമാനിച്ചത്.
ഒരു സർവീസ് വെട്ടിച്ചുരുക്കിയാണ് ബോട്ട് തിങ്കളാഴ്‌ച മുതൽ കുട്ടികൾക്കായി കാഞ്ഞിരത്തേയ്‌ക്ക് സർവീസ് നടത്തുന്നത്. കോട്ടയം – -ആലപ്പുഴ ബോട്ടാണ് കാഞ്ഞിരത്തേക്ക് സർവ്വീസ് നടത്തുന്നത്. രാവിലെ 7.15ന് ആലപ്പുഴയിൽനിന്ന് കുട്ടികളുമായി 9.15 ഓടെ കാഞ്ഞിരത്ത് എത്തും. സ്‌കൂൾ സമയംകഴിഞ്ഞ് കുട്ടികളുമായി തിരിച്ചു പോകും. ഈ രീതിയിലാണ് സർവ്വീസ്.
ഇനിയെങ്കിലും പാലം ശരിയാക്കുമോ…..?
സ്‌കൂൾ തുറന്നിട്ടും പൊക്കുപാലങ്ങൾ നന്നാക്കി ബോട്ട് സർവീസിന് അവസരമൊരുക്കാൻ നഗരസഭ തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു. കാഞ്ഞിരം വഴിയുള്ള ബോട്ട് ഗതാഗതം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു.
പൊക്കുപാലങ്ങൾ തകരാറിലായിട്ട് നന്നാക്കാത്തതാണ് പ്രതിസന്ധിയ്‌ക്ക് കാരണം. ചേരിക്കത്തറ, പതിനാറിൽചിറ, പാറേച്ചാൽ, കാഞ്ഞിരംജെട്ടി എന്നീ ഭാഗങ്ങളിലാണ് പൊക്കുപാലങ്ങൾ ഉള്ളത്. വെള്ളത്തിൽ തെങ്ങിൻകുറ്റികൾ സ്ഥാപിച്ചാണ് പാലങ്ങളുടെ നിർമ്മാണം. കാലപ്പഴക്കത്താൽ തടി ദ്രവിച്ച് പാലം ഉയർത്താനാവില്ല.
ഈ ഭാഗത്ത് കോൺക്രീറ്റ് തൂണുകൾ ആക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടയം നഗരസഭയുടെ അനാസ്ഥയാണ് പൊക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപവും ശക്തമാണ്