സ്വന്തം ലേഖിക
കോട്ടയം: എം.സി റോഡില്‍ നീലിമംഗലത്ത് അമിത വേഗതയിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട നടുറോഡില്‍ വട്ടം കറങ്ങി മറിഞ്ഞു.
റോഡില്‍ വീണ ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ രണ്ടു ബൈക്കുകളും ഇടിച്ചു കയറി. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിത വേഗത്തില്‍ ബൈക്കോടിച്ച് അപകടത്തില്‍പ്പെട്ട് കൈ ഒടിഞ്ഞ ഏറ്റുമാനൂര്‍ ഉണ്ണിക്കിഴിഞ്ഞാത്തോട്ടില്‍ സൂര്യയെ (19) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരിക്ക് സാരമുള്ളതല്ല.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ നീലിമംഗലം പാലത്തിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് നീലിമംഗലം പാലത്തില്‍ വച്ച് അമിതവേഗത്തില്‍, കാറിനെ മറികടക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡില്‍ തെന്നി മറിഞ്ഞു വീണു.
ഈ സമയം എതിര്‍ ദിശയില്‍ സംക്രാന്തി ഭാഗത്തു നിന്നും എത്തിയ രണ്ടു ബൈക്കുകള്‍ ഈ ബൈക്കിലേയ്ക്ക് ഇടിച്ചു കയറി. ഇതേ തുടര്‍ന്നു രണ്ടു ബൈക്കിലുണ്ടായിരുന്ന യാത്രക്കാരും റോഡില്‍ മറിഞ്ഞു വീണു. അപകടത്തിനിടയാക്കിയ ബൈക്കിലുണ്ടായിരുന്ന യുവാവിന്റെ കൈ ഒടിയുകയും ചെയ്തു.
അപകടത്തെ തുടര്‍ന്നു ഇരുപത് മിനിറ്റോളം നീലിമംഗലം പാലത്തില്‍ ഗതാഗതം തടസപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.